റിയാദ് : ഇസ്രായേലിനെ ആക്രമിച്ചതിന് പാലസ്തീന് സംഘടന ഹമാസിനെ ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി അഭിനന്ദിച്ചു. ഇസ്ലാമിക രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
‘ഇസ്രായേലിനെ ചെറുക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല, ഇസ്രായേലിനെതിരായ ചെറുത്തുനില്‍പ്പിന് ഞങ്ങള്‍ ഹമാസിനെ അഭിനന്ദിക്കുന്നു,’ സൗദി അറേബിയയിലെ റിയാദില്‍ നടന്ന ഇസ്ലാമിക്-അറബ് സംയുക്ത ഉച്ചകോടിയില്‍ റൈസി പറഞ്ഞു. ഇസ്രയേലിനെതിരെ എണ്ണ, ചരക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ് അദ്ദേഹം ഇസ്ലാമിക രാജ്യങ്ങളോട് ആവശ്യപ്പെട്ടത്.
പാലസ്തീനികള്‍ക്കെതിരായ ‘കുറ്റകൃത്യങ്ങള്‍ക്ക്’ ഇസ്രായേലാണ് ഉത്തരവാദിയെന്ന് പ്രഖ്യാപിച്ച് ഗാസയിലെ ഇസ്രായേല്‍ അക്രമം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഉച്ചകോടി ശനിയാഴ്ച ആവശ്യപ്പെട്ടു.
സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് അറബ്, മുസ്ലീം നേതാക്കളെ റിയാദില്‍ ഒരുമിച്ചുകൂട്ടി, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്കും ഇസ്രായേലിനും മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുകയാണ്.
ഒക്ടോബര്‍ 7 ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നയുടനെ ഇറാന് ഭരണകൂടം ഹമാസിനെ പ്രശംസിക്കുകയും തെരുവില്‍ ആഘോഷം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, പോരാട്ടത്തില്‍ നേരിട്ട് ഇടപെടുന്നതില്‍ നിന്ന് വിട്ടുനിന്നു . അതേസമയം ഇറാഖി, സിറിയന്‍, യെമന്‍ എന്നിവിടങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകള്‍ ഈ മേഖലയില്‍ അമേരിക്കന്‍ സേനയ്ക്കെതിരെ 40-ലധികം റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.
ഇറാന്റെ റൈസി, തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്ദോഗന്, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് എന്നിവരുള്‍പ്പെടെ ഡസന്‍ കണക്കിന് നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
പാലസ്തീനികള്‍ വംശഹത്യ അഭിമുഖീകരിക്കുകയാണെന്നും ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടുവെന്നും പാലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: