ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കായി രക്തസാക്ഷികളായ പുന്നപ്ര-വയലാര്‍ സമരസേനാനികളോട് സിപിഎം പിബി അംഗങ്ങള്‍ക്ക് മാത്രമല്ല, അണികള്‍ക്കും അവഗണന. മുഖ്യമന്ത്രി അടക്കമുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ വാരാചരണ പരിപാടികളില്‍ നിന്ന് വിട്ടുനിന്നതിന്റെ വിവാദങ്ങളും പരാതികളും കെട്ടടങ്ങും മുമ്പ് ആലപ്പുഴയില്‍ വീണ്ടും വിവാദം. പുന്നപ്ര വയലാര്‍ സമരവാര്‍ഷിക വാരാചരണം കേവലം ചടങ്ങാക്കിയെന്നാരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പരാതി നല്കി.
അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാതെ സിഐടിയു ആലപ്പുഴ ഏരിയ സെക്രട്ടറി കൂടിയായ പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗത്തിന്റെ നേത്യത്വത്തിന്റെ 15 ഓളം പ്രാദേശിക നേതാക്കള്‍ വിനോദയാത്രക്ക് പോയെന്നും പരാതിയില്‍ പറയുന്നു. പുന്നപ്ര-വയലാര്‍ സമരവാര്‍ഷികാചരണം സംഘടിപ്പിക്കുന്നത് സിപിഎമ്മും സിപിഐയും സംയുക്തമായാണ്. ഇത്തവണ പരിപാടികള്‍ പേരിന് മാത്രമാക്കി നടത്തിയെന്നാണ് പ്രധാന പരാതി. ആലപ്പുഴ നഗരത്തിലെ പാര്‍ട്ടി അംഗങ്ങളില്‍ ചിലരാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയത്.
ആലപ്പുഴ ഏരിയക്ക് കീഴിലുള്ള ഒന്നോ രണ്ടോ ലോക്കല്‍ കമ്മിറ്റികള്‍ ഒഴിച്ച് ബാക്കിയുള്ള സ്ഥലങ്ങളില്‍ കൊടിതോരണങ്ങള്‍ പോലും പേരിന് മാത്രമായിരുന്നു. അനുസ്മരണ പരിപാടി നടക്കുന്ന ദിവസം അതില്‍ പങ്കടുക്കാതെ ഒരു ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും അടക്കമുള്ള 15 പേര് വിനോദയാത്രയ്ക്കു പോയെന്നും പരാതിയില്‍ പറയുന്നു. വിനോദയാത്രയുടെ സമൂഹമാധ്യമ ചിത്രങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. പുന്നപ്ര-വയലാര്‍ സമരവാര്‍ഷികാചരണ പരിപാടികള്‍ പേരിന് മാത്രമാക്കിയതിന്റെ പ്രതിഷേധം വ്യാപകമാണ്. പിണറായി വിജയന് മുഖ്യമന്ത്രിയായ ശേഷം ഇതുവരെ വാരാചരണ പരിപാടികളില്‍ പങ്കെടുത്തിട്ടില്ല. സംസ്ഥാനത്ത് നിന്നുള്ള പിബി അംഗങ്ങളും തിരിഞ്ഞുനോക്കിയില്ല. ഈ സാഹചര്യത്തിലാണ് പ്രാദേശിക നോതാക്കള്‍ ഉല്ലാസയാത്രക്ക് പോയത് വിവാദമാകുന്നത്. പുന്നപ്രയില്‍ അശുദ്ധിയുടെ പേരില്‍ വനിതകളെ ദീപശിഖാ റാലിയില്‍ നിന്ന് ഒഴിവാക്കിയതിന്റെ പേരില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ തര്‍ക്കം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: