തിരുവനന്തപുരം: അന്യാധീനപ്പെട്ടുപോയി എന്ന് കരുതിയ കാശി വിശ്വനാഥക്ഷേത്ര പരിസരത്തുള്ള ഹനുമാന്‍ ക്ഷേത്രം ഒടുവില്‍ കേരളത്തിന് തിരിച്ചുകിട്ടി.പണ്ട് കാശി രാജാവ് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഗംഗാസ്നാനം ചെയ്യാനും വിശ്വനാഥക്ഷേത്രം ദര്‍ശിക്കാനും വേണ്ടി പതിച്ചുകൊടുത്ത സ്ഥലത്താണ് ഈ ഹനുമാന്‍ ക്ഷേത്രം നിലകൊള്ളുന്നത്. രാജഭരണം പോയതോടെ ഈ സ്വത്ത് തിരുവിതാംകൂര്‍ ബോര്‍ഡിന്റെ ഉടമസ്ഥതയിലായി. എന്നാല്‍ ദൂരെയായതിനാല്‍ ആരും ശ്രദ്ധിക്കാതെ വര്‍ഷങ്ങള്‍ കടന്നുപോയതോടെ ഭൂമിയും ക്ഷേത്രവും അന്യാധീനപ്പെട്ടു.
ഇത് സംബന്ധിച്ച് മാധ്യമവാര്‍ത്ത പുറത്തുവന്നതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റിട്ട. സര്‍വ്വേ ഓഫീസര്‍ ടി.എസ്. സുബ്രഹ്മണിയെ നോഡല്‍ ഓഫീസറായി നിയമിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ കാശി വിശ്വനാഥക്ഷേത്രത്തിലും ഉത്തര്‍പ്രദേശ് സര്‍ക്കാരിലും ബന്ധപ്പെട്ടു. നിരന്തരമായ പരിശ്രമം ഒടുവില്‍ ഫലം കണ്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പേരില്‍ ഇപ്പോള്‍ ഈ ഭൂമിയ്‌ക്ക് പട്ടയം കിട്ടു.. 6500 ചതുരശ്ര അടി കെട്ടിടത്തിന്റെ ഉടമസ്ഥാവകാശവും തിരികെകിട്ടി. അന്യാധീനപ്പെട്ടെന്ന് കരുതിയ കെട്ടിടത്തിനെല്ലാം രേഖയായി.
രേഖകള്‍ കിട്ടിയതോടെ ദേവസ്വം ബോര്‍ഡ് തിരുവനന്തപുരം സ്വദേശി ജയ് ഗണേഷിനെ പൂജാരിയായും മാനേജരായും നിയമിച്ചു. അദ്ദേഹം ഹനുമാന്‍ ക്ഷേത്രത്തില്‍ നിത്യപൂജ തുടങ്ങിയതോടെ മലയാളികളും എത്തിത്തുടങ്ങി. ഈ വര്‍ഷം ജനവരി മുതല്‍ സെപ്തംബര്‍ വരെ 20,000 രൂപ കാണിക്കയായി ലഭിച്ചു. ഹനുമാന്‍ ക്ഷേത്രത്തില്‍ ദീപം തെളിഞ്ഞു. നിത്യപൂജയും ധര്‍മ്മശാലയുടെ പ്രവര്‍ത്തനവും തുടങ്ങി. ബോര്‍ഡിന് വരുമാനവും കിട്ടിത്തുടങ്ങി.
കാശി വിശ്വനാഥ ക്ഷേത്രപരിസരത്തെ കേദാര്‍ഘട്ട്, ചൗക്കിഘട്ട് എന്നിവയ്‌ക്കടുത്ത് ഗംഗാതീരത്തെ കണ്ണായ സ്ഥലമാണിത്. ഇവിടെ ചതുരശ്രയടിക്ക് ഒന്നേക്കാല്‍ ലക്ഷം രൂപ വില വരും. ഇതനുസരിച്ച് കൈവശമായ കെട്ടിടത്തിന് 80 കോടിയിലധികം രൂപയുടെ മൂല്യമുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉള്ളൂര്‍ സബ് ഗ്രൂപ്പിന് കീഴിലാണ് വാരണാസി ക്ഷേത്രവും സത്രവും വരുന്നത്. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള 24 മുറികളുള്ള കാശിയിലെ മൂന്നുനില സത്രം കൂടി നവീകരിച്ചാല്‍ വരുമാനം കൂട്ടാം. ഇതിനായി ബോര്‍ഡ് രണ്ടു കോടി രൂപ വകയിരുത്തി. കാശി വിശ്വനാഥക്ഷേത്രത്തെയും ഗംഗാനദിയെയും ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ ഇടനാഴി പ്രധാനമന്ത്രി മോദി യുടെ ശ്രമഫലമായി തുറന്നതോടെ ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഇവിടെ ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: