ഭുവനേശ്വർ: മൂവാറ്റുപുഴയിൽ തടിമില്‍ ജീവനക്കാരായ ഇതരസംസ്ഥാന തൊഴിലാളികളെ താമസ സ്ഥലത്ത് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ ഒഡീഷയിൽ പിടിയിൽ. ഇയാളെ ഇന്നു തന്നെ മൂവാറ്റുപുഴയിലെത്തിക്കും. ഒഡീഷ സ്വദേശി ഗോപാൽ മാലിക്കിനെയാണ് കേരള പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റു ചെയ്തത്.
തൊഴിലാളികളുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശി ഗോപാലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. മരിച്ച രണ്ട് പേരുടെയും മൊബൈല്‍ ഫോണുകളും കാണാനില്ല. ഫോണുകള്‍ കൈക്കലാക്കിയ ശേഷം പ്രതി കടന്നുകളഞ്ഞതാകാമെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അന്വേഷണത്തിന്റെ ഭാഗമായാണ് അഞ്ചംഗ അന്വേഷണ സംഘം ഒഡീഷയിലേക്ക് പുറപ്പെട്ടത്. ആനിക്കാട് കമ്പനിപ്പടിയിലുള്ള തടിമില്ലിലെ ജീവനക്കാരായ മോഹന്തോ (40), ദീപങ്കര്‍ ബസുമ്മ (37) എന്നീ ആസാം സ്വദേശികളെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മില്ലിന് സമീപത്തുള്ള താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.
മോഹന്‍തോയും ദീപങ്കറും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഇവരുടെ ഭാര്യമാര്‍ ബന്ധുക്കളുമാണ്. സംഭവവുമായി ബന്ധപ്പെട്ട്, ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന സമീപവാസി ആസാം സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മോഹന്തോ, ദീപങ്കര്‍ ബസുമ്മ, ഗോപാല്‍ മാലിക്ക് എന്നിവര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഗോപാല്‍ തടിമില്ലില്‍ എത്തിയിട്ട് അധികം ദിവസമായില്ല. ഇയാള്‍ ഞായറാഴ്ച വൈകിട്ട് തടിമില്‍ നടത്തിപ്പുകാരന് ഷാഹുല്‍ ഹമീദിനെ നേരില്‍ക്കണ്ട് പണം വാങ്ങിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാട്ടിലേക്കു പോകുമെന്ന് അറിയിച്ചിരുന്നതായും ഷാഹുല്‍ ഹമീദ് മൊഴി നല്‍കിയിട്ടുണ്ട്.
സമീപത്ത് താമസിക്കുന്ന സന്തോഷ് ഉള്‍പ്പെടെ നാലുപേരും ശനിയാഴ്ച താമസ സ്ഥലത്ത് മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. രാത്രി പത്തോടെ ഉറങ്ങാനായി സമീപത്തെ മുറിയിലേക്കു പോയിരുന്നുവെന്നാണ് സന്തോഷ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. പിന്നീട് എന്ത് സംഭവിച്ചുവെന്നറിയില്ലത്രേ. കസ്റ്റഡിയിലെടുത്തിരിക്കുന്ന സന്തോഷിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ഇന്ന് നാട്ടിലേക്ക് അയക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: