ന്യൂദല്‍ഹി: നേപ്പാളിലെ മാനുഷിക ദുരിതാശ്വാസ ദൗത്യം തുടരുന്നതിനിടെ, ഒമ്പതു ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യന്‍ വ്യോമസേനയുടെ സി130 ജെ വിമാനം നേപ്പാള്‍ഗഞ്ചിലേക്ക് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കാന്‍ ഇന്ത്യയില്‍ നിന്ന് പുറപ്പെട്ടു.
ഇതുവരെ 21 ടണ്ണിലധികം വരുന്ന ദുരിതാശ്വാസ സാമഗ്രികള്‍ എയര്‍ലിഫ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ എയര്‍ ഫോര്‍സ്. നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി മെഡിക്കല്‍ ഉപകരണങ്ങളും ദുരിതാശ്വാസ സാമഗ്രികളും മറ്റും അടങ്ങിയ അടിയന്തര സഹായ പാക്കേജ് ഞായറാഴ്ച ഇന്ത്യ അയച്ചു.
നേപ്പാള്‍ തലസ്ഥാനത്തെയും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളെയും പോലും ബാധിച്ച ശക്തമായ ഭൂചലനത്തില്‍ 157 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭൂകമ്പം ബാധിച്ച പ്രദേശങ്ങളില്‍ സഹായിക്കാന്‍ ആവശ്യമായ മരുന്നുകളും ദുരിതാശ്വാസ സാമഗ്രികളും ആദ്യ പ്രതികരണമായി ഇന്ത്യ അയച്ചു.
10 കോടി രൂപയുടെ അടിയന്തര ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ചരക്ക് ഞായറാഴ്ചയാണ് നേപ്പാളിലെ നേപ്പാള്‍ഗഞ്ചില്‍ എത്തിയതായി നേപ്പാളിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ടെന്റുകളും ടാര്‍പോളിന്‍ ഷീറ്റുകളും ബ്ലാങ്കറ്റുകളും സ്ലീപ്പിംഗ് ബാഗുകളും കൂടാതെ അവശ്യ മരുന്നുകളും പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ പോലുള്ള മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പെടെ 11 ടണ്ണിലധികം അടിയന്തര ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക സി130 വിമാനത്തില്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: