വാഷിങ്ടണ്‍: ഹിരോഷിമയില്‍ വര്‍ഷിച്ച ആറ്റംബോംബിനേക്കാള്‍ 24 മടങ്ങ് പ്രഹരശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ശീതയുദ്ധകാലത്ത് അമേരിക്ക വികസിപ്പിച്ചെടുത്ത ബി61 ഗ്രാവിറ്റി ബോംബിന്റെ മറ്റൊരു വകഭേദമാണ് പുതിയ ബോംബായ ബി61-13. ഇത് റഷ്യയിലെ മോസ്‌കോയില്‍ വര്‍ഷിച്ചാല്‍ മൂന്ന്‌ലക്ഷം ജനങ്ങള്‍ മരിക്കുമെന്നും അരമൈല്‍ ചുറ്റളവിലുള്ളവയെല്ലാം കത്തിചാമ്പലാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അമേരിക്കയുടെ പുതിയ അണുബോംബ് നിര്‍മാണത്തെപ്പറ്റിയുള്ള വിവരങ്ങള്‍ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സാണ് പുറത്തു വിട്ടത്. തന്ത്രപ്രധാനമായ സൈനിക ദൗത്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് അമേരിക്കയുടെ നീക്കം. അമേരിക്കയുടെ സഖ്യകക്ഷികള്‍ക്കും ഇത് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.
ബോംബ് പതിക്കുന്ന സ്ഥലത്തിന്റെ ഒരു മൈല്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ തകരും. രണ്ട് മൈല്‍ ചുറ്റളവിലുള്ളവര്‍ക്ക് ശക്തമായ രീതിയില്‍ ആണവ വികിരണമേല്‍ക്കും. നിരവധി പേര്‍ ഒരു മാസത്തിനകം മരിക്കും. അതിജീവിക്കുന്നവരില്‍ 15 ശതമാനത്തിനും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ബാധിക്കും. വര്‍ഷങ്ങളോളം പ്രത്യാഘാതങ്ങള്‍ നിലനില്‍ക്കും. ഒന്‍പത് ലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആണവ നിരോധന ഉടമ്പടിയില്‍ നിന്നുള്ള റഷ്യയുടെ പിന്മാറ്റത്തോടെയാണ് അമേരിക്ക അണുബോംബ് നിര്‍മിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: