ന്യൂദല്‍ഹി: ഭാരത ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇനി ഈ 13-ാം ലോകകപ്പില്‍ കളിക്കില്ല. ഇന്നലെ രാവിലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) ഔദ്യോഗികമായി ഇക്കാര്യം തീര്‍ച്ചപ്പെടുത്തി. ഹാര്‍ദിക്കിന് പകരം ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയെ ഉള്‍പ്പെടുത്തി.
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ ഭാരതത്തിന്റെ മത്സരത്തിനിടയ്ക്കാണ് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞ 19ന് പൂനെയില്‍ നടന്ന മത്സരത്തിനിടെ പരിക്കേറ്റ ഹാര്‍ദിക് ഉടന്‍ തന്നെ മൈതാനം വിട്ടു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെതിരെ തന്റെ ആദ്യ ഓവര്‍ എറിയാനെത്തിയ താരം ബംഗ്ലാ ബാറ്റര്‍ ലിറ്റന്‍ ദാസിന്റെ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ കാലിടറി വീഴുകയായിരുന്നു. പ്രാഥമിക ശുശ്രൂഷകള്‍ ചെയ്തെങ്കിലും ഹാര്‍ദിക് നടക്കാന്‍ പോലും കഴിയാത്ത വിധം ബുദ്ധിമുട്ടിലായി. മത്സരത്തിന്റെ ഒമ്പതാം ഓവറിലെ മൂന്നാം പന്തിലായിരുന്നു ഹാര്‍ദിക്കിന് പരിക്കേറ്റത്. തുടര്‍ന്ന് ശേഷിക്കുന്ന മൂന്ന് പന്തുകള്‍ വിരാട് കോഹ്ലി ആണ് എറിഞ്ഞു തീര്‍ത്തത്.
പിന്നീട് ഇതുവരെ ഹാര്‍ദിക് കളിക്കും പരിശീലനത്തിനും ഇറങ്ങിയിട്ടില്ല. ആദ്യ രണ്ട് മത്സരങ്ങളില്‍ മാത്രം വിശ്രമം മതിയാകുമെന്നായിരുന്നു ആദ്യത്തെ ചികിത്സാ വിലയിരുത്തലുകള്‍. ഏറ്റവും ഒടുവില്‍ ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയേക്കുമെന്ന സൂചനകളുണ്ടായിരുന്നു. നോക്കൗട്ട് മത്സരത്തില്‍ താരം കളിക്കുമെന്ന പ്രത്യാശകള്‍ പരക്കുന്നതിനിടെയാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. ഇടത് കണങ്കാലിനാണ് പരിക്കേറ്റിരിക്കുന്നത്.
30 കാരനായ ഹാര്‍ദിക് പുറത്തേക്ക് പോകുമ്പോള്‍ പകരക്കാരനായി എത്തുന്ന പ്രസിദ്ധ് കൃഷ്ണ ലോകകപ്പിന് തൊട്ടുമുമ്പ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ചിരുന്നു. 2021ല്‍ ആന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ഈ 27കാരന് ഇതുവരെ 17 ഏകദിനങ്ങള്‍ കളിച്ചു. ഇതുവരെ സ്വന്തമാക്കിയത് 29 വിക്കറ്റുകള്‍. 5.61 ആണ് ഇക്കണോമി റേറ്റ്. 12 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.
ഹാര്‍ദിക് സമൂഹമാധ്യമത്തില്‍ കുറിച്ച വാക്കുകള്‍
ലോകകപ്പിന്റെ അവശേഷിക്കുന്ന മത്സരങ്ങളുടെ ഭാഗമായി ഉണ്ടാവില്ലെന്ന വസ്തുത ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ്. ഞാന്‍ ടീമിനൊപ്പം തന്നെയുണ്ട്, നല്ല സ്പിരിറ്റോടുകൂടി, എല്ലാ കളിയിലെയും ഓരോ പന്തിലും ടീമിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച് താനുണ്ടാകും.
എല്ലാ ആശംസകള്‍ക്കും സ്നേഹത്തിനും അതിശയകരമായ പിന്തുണകള്‍ക്കും നന്ദി. ഈ ടീം സ്പെഷലാണ്, എനിക്കുറപ്പാണ് നമ്മള് എല്ലാവരുടെയും അഭിമാനമാകും. എന്നും സ്നേഹത്തോടെ- എച്ച് പി
പ്രതികരിക്കാൻ ഇവിടെ എഴുതുക: