ഉപനിഷദ് സൂക്തങ്ങളെ ഉണര്‍ത്തുപാട്ടുകളാക്കി ആര്‍ഷപ്രഭാവത്തിന്റെ പ്രൗഢഗംഭീര വാങ്മയങ്ങള്‍കൊണ്ട് മലയാളകവിതയെ കാവിയണിയിച്ച കാവ്യഗന്ധര്‍വനാണ് വയലാര്‍ രാമവര്‍മ.
”….ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാന്‍ നിബോധത
ശാരികേ ശാരികേ സിന്ധുഗംഗാ നദീ തീരം
വളര്‍ത്തിയ ഗന്ധര്‍വ ഗായികേ…”
പാടുക നീയീ പുരുഷാന്തരത്തിലെ ഭാവോ-
ജ്വലങ്ങളാം സൂര്യഗായത്രികള്‍…” (ചിത്രം: ശരശയ്യ-1971)
പര്‍ണകുടീരങ്ങള്‍ നിര്‍മിച്ചിരുന്നവര്‍, അദൈ്വതസാരം മുളയ്‌ക്കുവാനീ മണ്ണില്‍ തത്ത്വമസിയുടെവിത്തുവിതച്ചവര്‍, അവരുടെ പാദമുദ്രകള്‍ പിന്തുടര്‍ന്ന് വീണ്ടും കവചം ധരിക്കട്ടെ ഭാരതം, വിശ്വപ്രകൃതിയെ കീഴടക്കാനുള്ള വിപ്ലവം വീണ്ടും തുടരട്ടെ ഭാരതം എന്നിങ്ങനെ ആശംസിക്കാന്‍ ആര്‍ഷ പ്രഭാവത്തിന്റെ ധിഷണയ്‌ക്കേ കഴിയൂ.
ആകാശ ഗംഗയൊഴുകി വന്ന ഭൂമിയെ, ശ്രീകൃഷ്ണഗീതയമൃതു തന്ന ഭൂമിയെ, വേദാന്തസാര വിഹാര പുണ്യഭൂമിയെ, ഈ ഭാരതഭൂമിയെ ജന്മഭൂമിയായി ജനനിയായി ഹൃദയത്തോടു ചേര്‍ത്തുവച്ച ദേശഭക്തിയുടെ ഗന്ധര്‍വഗായകനായിരുന്നു രാഘവപ്പറമ്പിലെ രാജഹംസം.
കന്യാകുമാരി തിരമാലകളില്‍ തൃക്കാല്‍ കഴുകുന്ന, വിന്ധ്യ ഹിമാലയങ്ങളില്‍ വിളക്കു വയ്‌ക്കുന്ന ഈ ഗംഗാ യമുന സംഗമ സമതലഭൂമിയില്‍ വേദാന്തത്തിന്‍ പുരുഷസൂക്തം പാടി നടത്തുന്ന രാഷ്‌ട്ര പുനര്‍നിര്‍മാണം എന്ന യുഗപരിവര്‍ത്തന യാഗത്തെ തകര്‍ക്കാനെത്തുന്ന രാഷ്‌ട്രവിരുദ്ധ ശക്തികള്‍ക്കെതിരെ കയ്യിലുയര്‍ത്തിയ ഗാണ്ഡീവവുമായി വരുന്ന ഭാരതപൗരന്റെ പുണ്യഭൂമിയുടെ ഭൂപടം കാവിമഷിയില്‍ വരയ്‌ക്കുവാന്‍ വയലാര്‍ എന്ന ഭാരതീയ സ്വത്വബോധമുള്ള ഋഷികവിക്കു മാത്രം കഴിയുന്ന സര്‍ഗക്രിയയാണ്.
ആര്‍ഷധര്‍മത്തിന്റെയും ഭാരതീയ ദര്‍ശനങ്ങളുടെയും മൂല്യങ്ങളെ നിരസിക്കുന്ന ഒരു കവിതയും വയലാര്‍ രചിച്ചിട്ടില്ല. ഉപനിഷദ് ദര്‍ശനങ്ങളുടെ സത്തയെയും ഉള്‍ക്കാഴ്ചകളെയും വൈജ്ഞാനിക സമ്പത്തിനെയും മാനവികതയെയും ധൈഷണികതയെയും പ്രകീര്‍ത്തിക്കുന്ന വരികള്‍ എഴുതിക്കൊണ്ടാണ് പുരോഗമനാശയങ്ങളെ വയലാര്‍ ആവിഷ്‌കരിച്ചത്. എന്താണോ അഭാരതീയം അതാണ് പുരോഗമനം എന്ന സമവാക്യത്തിന്റെ ചുവന്ന കണ്ണടയിലൂടെ ഏതുകാര്യവും നിരീക്ഷിക്കുന്ന ഇടതു താത്വികരെ അലോസരപ്പെടുത്തുന്നതാണ് വയലാര്‍ അവലംബിച്ച കാവ്യസങ്കേതങ്ങള്‍. വിപ്ലവ കവിതയെന്ന് ആഘോഷിക്കപ്പെടുന്ന ”ബലികൂടീരങ്ങളേ…”യില്‍ പോലും തപോവാടങ്ങള്‍ നിറഞ്ഞ ഹിമഗിരിമുടികളാണ് കൊടികളുയര്‍ത്തുന്നത്. യുഗങ്ങള്‍ നീന്തി നടക്കും ഗംഗയില്‍ വിടര്‍ന്ന താമരമുകുളങ്ങള്‍ ഒരിക്കലും കമ്യൂണിസത്തിന്റെ ഹിംസാത്മക രാഷ്‌ട്രീയത്തിന്റെ പ്രതിനിധാനങ്ങളല്ല.
വയലാറിനെ കമ്യൂണിസ്റ്റ് കവിയായി ചിത്രീകരിക്കുകയും, വയലാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തി മരണാനന്തരം കവിയെ കമ്യൂണിസ്റ്റുവല്‍ക്കരിക്കുകയും ചെയ്ത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് കവിതയായ ‘സര്‍ഗസംഗീത’ത്തെ തമസ്‌കരിച്ചുകൊണ്ടാണ് കവിയെ അവതരിപ്പിക്കാറുള്ളത്. വയലാര്‍ തന്റെ ജീവിതവീക്ഷണത്തെയും രാഷ്‌ട്രീയ ദര്‍ശനത്തെയും തുറന്നുകാട്ടി ‘നയം വ്യക്തമാക്കുന്ന’ കവിതയാണ് സര്‍ഗസംഗീതം.
”…ആരണ്യാന്തര ഗഹ്വരോദര തപസ്ഥാനങ്ങളില്‍…
പ്രപഞ്ച പരിണാമോല്‍ഭിന്ന സര്‍ഗ്ഗക്രിയാ സാരം,
തേടിയലഞ്ഞുപണ്ടവരിലെ ചൈതന്യമെന്‍ ദര്‍ശനം…”
ആര്‍ഷസംസ്‌കൃതിയെ താന്‍ ഉപാസിക്കുന്നുവെന്നും, ഇന്നലെ വന്ന മാര്‍ക്‌സിസം തന്റെ സര്‍ഗസമാധിയെ വഴിമുടക്കിയെന്നുമുള്ള ധ്വനികള്‍ ഈ കവിതയിലെ വരികള്‍ക്കിടയില്‍ മുഴങ്ങുന്നു.
”…ഹാ, നിത്യം ചിറകിട്ടടിച്ചു ചിതറക്കീറിപ്പറപ്പിച്ചുവോ
ഞാനീ സര്‍ഗതപസമാധിയിലിരിക്കുമ്പോള്‍ കൊടുങ്കാറ്റുകള്‍!”
ഇവിടെ സൂചിപ്പിക്കുന്ന കൊടുങ്കാറ്റുകള്‍ കൂട്ടനരമേധങ്ങളും, അതിലേക്കു നയിച്ച ആക്രാമിക പ്രത്യയശാസ്ത്രങ്ങളും ആകാം. സര്‍ഗതപസമാധി കവിയിലെ ഋഷിഭാവവുമാണ്. തപസ്സും സമാധിയും മറ്റും കമ്യൂണിസ്റ്റുകാരന് ബൂര്‍ഷ്വാ-ഫ്യൂഡല്‍-ബ്രാഹ്മണിക്കല്‍ പ്രതിവിപ്ലവ സംഞ്ജകളാണല്ലോ? കവി തന്റെ ദേശീയത്മക രാഷ്‌ട്രീയ നിലപാടുകളും, അക്രമരാഷ്‌ട്രീയ പ്രത്യയശാസ്ത്രത്തോടുള്ള വിയോജിപ്പുകളും വ്യക്തമാക്കുന്ന രാഷ്‌ട്രീയ നയപ്രഖ്യാപനം തന്നെയാണ് ‘സര്‍ഗസംഗീതം.’ ഭാരതീയ സംസ്‌കൃതിയില്‍ പൂര്‍ണമായി സമര്‍പ്പിച്ചുകൊണ്ടാണ് കവിത ഉപസംഹരിക്കുന്നത്.
”…നാടന്ത പ്രഹരങ്ങളേറ്റു കിടിലംകൊള്‍കേ, മുലപ്പാലുമായ്
പാടം നീന്തിവരുന്ന പൗര്‍ണമി നിനക്കാവട്ടെ ഗീതാഞ്ജലി…”
നിനക്കാവട്ടെ ഗീതാഞ്ജലി എന്ന ആശംസയിലെ ഗീത എന്ന പദം ഭഗവദ്ഗീതയെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവില്ല.
വയലാര്‍ സര്‍ഗസംഗീതമെഴുതുന്ന അറുപതുകളുടെ ആരംഭകാലത്തെ കേരളീയ രാഷ്‌ട്രീയ സാംസ്‌കാരിക അന്തരീക്ഷത്തോടുള്ള പ്രതികരണം കൂടിയാണ് ഈ കവിത. റഷ്യന്‍ സാഹിത്യകാരന്മാര്‍ കേരളത്തിലെ ഏഴുത്തുകാരെ വ്യാപകമായി സ്വാധീനിക്കുകയും, നമ്മുടെ എഴുത്തുകാര്‍ ഗോര്‍ക്കിയുടെയും ചെക്കോവിന്റെയും മോപ്പ്‌സാങ്ങിന്റെയുമൊക്കെ മാതൃകകള്‍ അനുകരിക്കുകയും ചെയ്ത കാലമാണത്. അന്നത്തെ സാഹിത്യകാരന്മാര്‍ക്ക് ഏറ്റവും ആകര്‍ഷകമായ അവാര്‍ഡ് സോവിയറ്റ് ലാന്‍ഡ് അവാര്‍ഡ് ആണ്.
സാംബശിവനെപ്പോലുള്ള കഥാപ്രാസംഗികര്‍ ചണ്ഡാലഭിക്ഷുകിയും കരുണയും രമണനും ഉപേക്ഷിച്ച് ടോള്‍സ്റ്റോയിയുടെ നോവലും ചാള്‍സ് ഡിക്കന്‍സിന്റെ ‘രണ്ടു നഗരങ്ങളുടെ കഥയും’ പറഞ്ഞുനടന്ന കാലം. റഷ്യയും ചൈനയും കടന്ന് യുവത്വം ലാറ്റിനമേരിക്കയിലേക്ക് അപഥസഞ്ചാരം നടത്തുവാന്‍ തുടങ്ങുന്ന വേളയിലാണ് ‘സര്‍സംഗീത’ത്തിലൂടെ തന്റെ ദര്‍ശനം ഋഷിദര്‍ശനമാണെന്ന് വയലാര്‍ പ്രഖ്യാപിച്ചത്.
വയലാര്‍ ‘സര്‍ഗസംഗീത’മെഴുതുന്നത് അക്കാലത്ത് കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ”ദേശബന്ധു”വാരികയുടെ ഓണപ്പതിപ്പിനുവേണ്ടിയാണ്. ദേശബന്ധു പേരു സൂചിപ്പിക്കുന്നതുപോലെ ദേശീയതയ്‌ക്കുവേണ്ടി നിലകൊണ്ട മാധ്യമമായിരുന്നു. ‘കാഞ്ചനസീത’പോലുള്ള നാടകങ്ങള്‍ രചിച്ച സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ ആയിരുന്നു. വാരികയുടെ പത്രാധിപര്‍. ‘സര്‍സംഗീത’ത്തിന്റെ പിറവിയെപ്പറ്റി ഈയിടെ അന്തരിച്ച എഴുത്തുകാരന്‍ സി.ആര്‍. ഓമനക്കുട്ടന്‍ ഒരിക്കല്‍ ഭാഷാപോഷിണിയില്‍ എഴുതിയിരുന്നു. ശീര്‍ഷകം ഇല്ലാതെയാണ് കവിത പത്രാധിപര്‍ക്ക് കിട്ടുന്നത്. പത്രാധിപര്‍ സി.എന്‍.ആണ് ശീര്‍ഷകം നല്‍കിയത്- ‘സര്‍ഗസംഗീതം.’
അയ്യപ്പസേവാസംഘം പ്രസിഡന്റ് കൂടിയായിരുന്ന സി.എന്‍. ശ്രീകണ്ഠന്‍ നായരാണ് ഇടതര്‍ തങ്ങളുടേതെന്ന് അഭിമാനിക്കുന്ന കവിയുടെ ചരിത്ര കവിതയ്‌ക്ക് ശീര്‍ഷകമിട്ടത് എന്നതും ചരിത്രത്തിലെ മറ്റൊരു കാവ്യനീതി!
”…കതിരിടും ഇവിടമാണദൈ്വത ചിന്തതന്‍
കാലടി പതിഞ്ഞൊരു തീരം…
പുരുഷാന്തരങ്ങളെ ഇവിടെ കൊളുത്താമോ
പുതിയൊരു സംഗമദീപം….” (ചിത്രം: നദി-1969)
അദൈ്വത ചിന്തയും ശ്രീശങ്കരനും വയലാറിനെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ കയ്യൊപ്പുകളാണ്. ”പേരാറ്റിന്‍ കരിയലേക്കൊരു തീര്‍ത്ഥയാത്ര…” എന്ന ഗാനം (ചിത്രം: ദര്‍ശനം-1973) തന്നെ ശ്രീശങ്കരനുള്ള വയലാറിന്റെ കാവ്യാഞ്ജലിയാണ്. സിന്ധു ഗംഗാസമതലങ്ങളും ദണ്ഡകാരണ്യവും ശൃംഗേരി മഠവും ബോധിവൃക്ഷത്തണലും കടന്ന് ശൃംഗാരക്കറ തൊടാത്ത കാലടിയുടെ മണ്ണിലേക്ക് സൗന്ദര്യലഹരി പാടിയെത്തുന്ന ഈ സംഘഗാനം വയലാറിന്റെ ഭാരതദര്‍ശനത്തിന്റെ രാഗമാലികയാണ്.
ശങ്കരാചാര്യര്‍ ഭാരതത്തെ അയ്യായിരം കൊല്ലം പുറകോട്ടടിച്ചുവെന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് വിമര്‍ശിച്ചപ്പോള്‍, അദൈ്വതം ജനിച്ച നാട് ആദി ശങ്കരന്‍ ജനിച്ച നാട് എന്ന് അഭിമാനപൂര്‍വം കേരളത്തെ വിശേഷിപ്പിക്കുകയാണ് വയലാര്‍ ചെയ്തിട്ടുള്ളത്. ശ്രീശങ്കരനെ ബ്രാഹ്മണ മേധാവിത്വത്തിന്റെ വക്താവായി ഇടതു താത്വികന്മാര്‍ ചിത്രീകരിക്കുമ്പോള്‍ ശങ്കരന്റെ അദൈ്വതത്തില്‍ സമഭാവനയുടെയും സമത്വത്തിന്റെയും സോഷ്യലിസ്റ്റ് മൂല്യങ്ങളാണ് വയലാര്‍ ദര്‍ശിക്കുന്നത്. ശങ്കരനും ഗാന്ധിജിയും ശ്രീനാരായണ ഗുരുദേവനും ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരാണെന്നാണ് വയലാറിന്റെ നിലപാട്.
”…ശങ്കരന്‍ ജനിച്ചു, ഗാന്ധിജി ജനിച്ചു ശ്രീനാരായണന്‍ ജനിച്ചു.
അവരുടെ അദൈ്വത സന്ദേശങ്ങള്‍ ആരെ നയിച്ചു…
അവരുടെ വിശ്വാസ സംഹിതകള്‍ ആരു സ്വീകരിച്ചു…
മതവും ജാതിയും ഇവിടെ മനുഷ്യനെ മതില്‍ കെട്ടി തിരിച്ചു…”
(ചിത്രം: ലോറാ നീ എവിടെ-1971 )
പൈതൃകത്തോടുള്ള വയലാറിന്റെ ഗാഢമായ പ്രതിബദ്ധതയെപ്പറ്റി കവിയും ഗാനരചയിതാവുമായ കെ.ജയകുമാര്‍ നടത്തിയിട്ടുള്ള നിരീക്ഷണം ശ്രദ്ധേയമാണ്. ”…പ്രായോഗിക രാഷ്ടീയവും ആദര്‍ശ രാഷ്‌ട്രീയവും തമ്മില്‍ നേരിടേണ്ടി വന്നപ്പോള്‍ ഉണ്ടായ ഇച്ഛാഭംഗം എല്ലാ കവികളെയും പോലെ വയലാറിനെയും ബാധിച്ചു. അദ്ദേഹം തന്റെ തന്നെ കവിതയെ പുനര്‍ നിര്‍മ്മിക്കുകയാണ് സര്‍ഗ സംഗീതത്തിലൂടെ. പുരോഗമന ചിന്താഗതികള്‍ ഉള്ളതുകൊണ്ട് അന്ധവിശ്വാസങ്ങളെയും അരാജകത്വങ്ങളെയും ഒക്കെ തള്ളിപ്പറഞ്ഞുവെങ്കില്‍ പോലും ഭാരതീയമായിട്ടുള്ള പാരമ്പര്യത്തിലെ സത്തകളെ ഒന്നും നിരാകരിക്കാന്‍ വയലാര്‍ ഒരിക്കലും തയ്യാറായില്ല. ഏറ്റവും ആധുനികമായിട്ടുള്ള വിപ്ലവ പ്രസ്ഥാനത്തെയും പുരോഗമന പ്രസ്ഥാനത്തെയും ഭാരതീയമായ പൈതൃകത്തിന്റെ പുരോഗമനധാരയോട് വിളക്കിച്ചേര്‍ത്തു എന്നുള്ളതാണ് വയലാര്‍ രാമവര്‍മ്മയുടെ ധിഷണയുടെ പ്രത്യേകത…”
ഇടതുപക്ഷ ചിന്താഗതിക്കാര്‍ സൈദ്ധാന്തികമായി ദേശീയതയെ എതിര്‍ക്കുമ്പോഴും ഭാരതീയ സാംസ്‌കാരിക പരിസരങ്ങളുടെ സ്വാധീനതയില്‍ ദേശീയതാ ബോധം അവരുടെ അബോധ മനസില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണങ്ങളുമുണ്ട്. തിരുവനന്തപുരം വിജെടി ഹാളിന്റെ പേര് അയ്യങ്കാളി ഹാള്‍ എന്നാക്കി മാറ്റിയ നടപടി തന്നെ വൈദേശികതയുടെ അവസാനത്തെ അധികാര മാലിന്യത്തെയും വലിച്ചെറിഞ്ഞ് ദേശീയതയെ അംഗീകരിക്കുവാന്‍ ഇടതു സര്‍ക്കാര്‍ നിര്‍ബന്ധിതമായതിന്റെ തെളിവാണ്.
ടിവാന്‍ഡ്രം എന്ന സ്ഥലനാമം മാറ്റി തിരുവനന്തപുരം പുനസ്ഥാപിച്ചതും കാലിക്കറ്റ് വീണ്ടും കോഴിക്കോട് ആക്കിയതും ഇടതു സര്‍ക്കാറിനു ദേശീയത യെ അംഗീകരിക്കേണ്ടി വന്ന മറ്റൊരു നടപടിയായിരുന്നു. വയലാറിനാകട്ടെ, ‘വിപ്ലവം’ എന്ന ആശയം പോലും ദേശീയതയുടെ കാഴ്ചപ്പാടിലൂടെ മാത്രമേ എഴുതാനാവൂ.
”…വിശ്വപ്രകൃതിയെ കീഴടക്കാനുള്ള
‘വിപ്ലവം’ വീണ്ടും തുടരട്ടെ ഭാരതം…
ഉണരട്ടെ ഭാരതം…
ഉണരട്ടെ ഭാരതം…”
(അടുത്തത്: രാഗം മാനവം)
(ഈ ലേഖന പരമ്പരയെക്കുറിച്ചുള്ള വായനക്കാരുടെ പ്രതികരണങ്ങള്‍ ക്ഷണിക്കുന്നു. ഇതില്‍നിന്ന് തെരഞ്ഞെടുക്കുന്നവ പ്രത്യേകം പ്രസിദ്ധീകരിക്കും.
പത്രാധിപര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: