മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് കലാശപ്പോരില്‍ നാളെ പഞ്ചാബും ബറോഡയും ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമി മത്സരത്തില്‍ ഇരു ടീമുകളും ജയിച്ച് മുന്നേറി.
ആദ്യ സെമിയില്‍ പഞ്ചാബ് ദല്‍ഹിയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. വൈകീട്ട് നടന്ന രണ്ടാം സെമിയില്‍ അസമിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ബറോഡ ഫൈനലിലേക്ക് കുതിച്ചത്.
ടോസ് നേടി ദല്‍ഹിയെ ബാറ്റിങ്ങിനയക്കാനായിരുന്നു പഞ്ചാബ് തീരുമാനം. നിശ്ചിത 20 ഓവറില്‍ അവര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. 80 റണ്‍സുമായ പുറത്താകാതെ നിന്ന ആയുഷ് ബദോനിയുടെ പ്രകടനമാണ് ദല്‍ഹിക്ക് കരുത്തായത്. മികച്ച സ്കോര്‍ കണ്ടെത്തിയിട്ടും പഞ്ചാബ് എട്ട് പന്തുകള്‍ ബാക്കിനില്‍ക്കെ കളി ജയിച്ചു. അഭിഷേക് ശര്‍മ്മ(77)യും മന്ദീപ് സിങ്ങും(63*) നടത്തിയ അര്‍ദ്ധ സെഞ്ചുറി മികവില്‍ പഞ്ചാബ് വിജയലക്ഷ്യം വലിയ പ്രയാസമില്ലാതെ അടിച്ചെടുത്തു.
ആദ്യ സെമിയുടെ തനിയാവര്‍ത്തനമായിരുന്നു രണ്ടാം സെമിയും. ടോസ് നേടി ബറോഡ ആസാമിനെ ബാറ്റിങ്ങിനയച്ചു. കേരളത്തെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചെത്തിയ ആസാം കൃത്യം 20 ഓവറില്‍ 143 റണ്‍സെടുത്ത് ഓള്‍ഔട്ട്. ഓപ്പണര്‍ റിഷവ് ദാസി(48)ന്റെ പ്രകടനം ടീമിന് മാന്യമായ സ്കോര്‍ നേടിക്കൊടുത്തു.
മറുപടിയില്‍ ജ്യോത്സ്നില്‍ സിങ്ങും(37) നിനാദ് റാത്വ(44)യും നല്കിയ മികച്ച തുടക്കത്തിന്റെ ബലത്തില്‍ ബറോഡ അനായാസ ജയം സ്വന്തമാക്കി. വിഷ്ണു സോളങ്കിയും(17) ഭാനു പാനിയയും(13) പുറത്താകാതെ നിന്നു. 23 പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു വിജയം.
നാളെ രാവിലെ 11നാണ് ഫൈനല്‍. സെമി മത്സരങ്ങള്‍ നടന്ന മൊഹാലിയില്‍ തന്നെയാണ് ഫൈനലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: