കൊച്ചി: മാസപ്പടിക്കേസില്‍ തെളിവില്ലെന്ന വാദം തള്ളിയ, അമിക്കസ് ക്യൂറി (ഹൈക്കോടതി തങ്ങളെ സഹായിക്കാന്‍ നിയോഗിച്ച അഭിഭാഷകന്) റിപ്പോര്‍ട്ട് സര്‍ക്കാരിനും, പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും മകള്‍ക്കും ബാധ്യതയാകും. കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയതിന് പ്രഥമ ദൃഷ്ട്യാ തെൡവുണ്ടെന്ന റിപ്പോര്‍ട്ടില്‍ ഇ ഡി അന്വേഷണ സാധ്യത തെളിയുന്നു.
മുഖ്യമന്ത്രി, മകള്‍ വീണ, പി.കെ. കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് കോടികള്‍ കോഴ വാങ്ങിയതിനു തെളിവുണ്ടെന്നും ഇതില്‍ അന്വേഷണം തേടിയ ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയത് തെറ്റായെന്നുമാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ വിചാരണ പൂര്‍ത്തിയായി വിധിക്ക് മാറ്റിയിരിക്കുന്നു.
മാസപ്പടി വാങ്ങിയതിന് തെളിവില്ലെന്നും വീണ 1.72 കോടി കരിമണല്‍ കമ്പനിയില്‍ നിന്ന് കൈപ്പറ്റിയെന്നും പിണറായിയും മറ്റും മാസപ്പടി വാങ്ങിയെന്നുമുള്ള ആദായ നികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ട് തെൡവേയല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍, ഇൗ റിപ്പോര്‍ട്ടില്‍ വിശദമായ തെളിവുണ്ടെന്ന് അമിക്കസ് ക്യൂറി കണ്ടെത്തി.
ഈ സാഹചര്യത്തില്‍ അന്വേഷണം അനിവാര്യമാണ്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് എന്നത് കോടതി റിപ്പോര്‍ട്ട് പോലെ പ്രധാനവും നിര്‍ണായകവുമാണ്. ഇതിനെ വെറും പരാമര്‍ശമായി തള്ളാനാകില്ല. വിധി വരുന്ന മുറയ്ക്കോ അതിനു മുമ്പോ തലയൂരാന്‍ സംസ്ഥാന സര്‍ക്കാര്‍ പേരിന് ഒരു വിജിലന്‍സ് അന്വേഷണ ഉത്തരവിട്ടേക്കാം.
എന്നാല്‍, അതിലുപരി ഇ ഡി അന്വേഷണത്തിനുള്ള സാധ്യത തെളിയുന്നു. കരിമണല്‍ കമ്പനിയില്‍ നിന്ന് കോടികള്‍ കോഴ വാങ്ങിയെന്നതാണ് വിഷയം. ഇത്തരം കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കാന്‍ ഇ ഡിക്ക് അധികാരമുണ്ട്.
മാത്രമല്ല, വീണയ്ക്ക് ഒരു പണിയും ചെയ്യാതെ, കരിമണല്‍ കമ്പനി കോടികള്‍ നല്‍കിയത്, ബന്ധു ഉന്നത സ്ഥാനീയനാണെന്നതു പരിഗണിച്ചായിരുന്നെന്നും സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. അതായത് ഉന്നത സ്വാധീനമുള്ളതിനാല്‍ തങ്ങള്‍ക്ക് അതിന്റെ ഗുണം ലഭിക്കുമെന്നു കരുതിത്തന്നെയാണ് വീണയ്ക്കു മാസപ്പടി കൊടുത്തതെന്നാണ്, റിപ്പോര്‍ട്ടില്‍. ഇത് അഴിമതിയാണ്, അഴിമതിയുടെ നിര്‍വചനത്തില്‍പ്പെടുകയും ചെയ്യും. റിപ്പോര്‍ട്ട് സ്വീകരിച്ച്, വിജിലന്‍സ് കോടതി വിധി റദ്ദാക്കി വീണ്ടും കേസ് പരിഗണിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടേക്കാം. ഇത്തരമൊരു ഉത്തരവുണ്ടായാലും ഇല്ലെങ്കിലും വിപുലമായ ഇ ഡി അന്വേഷണത്തിന് സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: