മറ്റൊരു കേരളപ്പിറവികൂടി കടന്നുപോകുകയാണ്. ഗൃഹാതുരത്വത്തിന്റെ കസവുനേര്യതും മുല്ലപ്പൂവും കഥകളി-വള്ളംകളിച്ചിത്രങ്ങളുമൊക്കെയായി സമൂഹവും സാമൂഹ്യമാധ്യമങ്ങളും നിറയുന്ന കാലം. ഇതും കടന്നുപോകുമെന്ന നെടുവീര്‍പ്പിന്റെ കാലം. ലക്ഷങ്ങളോ കോടികളോ ചെലവഴിച്ച് കേരളീയത ആഘോഷിക്കപ്പെടുന്ന കാലം. ഇല്ലവല്ലായ്മകളുടെ, കെടുതികളുടെ, തോരാകണ്ണീരിന്റെ, ആകമാനം വിഴുങ്ങുന്ന അഴിമതിയുടെ യഥാര്‍ത്ഥ കേരളീയം കണ്ടില്ലെന്ന് നടിക്കുന്ന ഭരണാധികാരികളുടെ കാലം. പരസ്പരവിരുദ്ധമായ ഈ സാമൂഹികാവസ്ഥയില്‍ നമ്മുടെ സര്‍ക്കാര്‍ ഇടപെടലുകള്‍, നവകേരളസൃഷ്ടിയെക്കുറിച്ച് വാചാലമായി സംസാരിക്കുന്നു. എന്താണീ നവകേരളം?. പൗരാണിക-വര്‍ത്തമാന കേരളത്തെ നിരാകരിച്ചുകൊണ്ടുള്ള ഒരു നവകേരള സൃഷ്ടി എത്രമാത്രം സാധ്യമാണ്? പുനഃസമര്പ്പണത്തിന്റെ ത്യാഗസന്നദ്ധതയ്ക്കുപകരം വെയ്ക്കാന്‍, പുനര്‍നിര്‍മ്മാണത്തിന് വെമ്പുന്ന ആവേശത്തിന് കഴിയുമോ? ചേര്‍ത്തുപിടിക്കലിന്റെ, സമന്വയത്തിന്റെ, സര്വാശ്ലേഷകത്വത്തിന്റെ വിശാലചിന്തയില്‍ നിന്ന് ചുരുങ്ങിപ്പോകലല്ലേ മാറ്റിനിര്‍ത്തിയും നിരസിച്ചും ചിലതിനെ വല്ലാതെ വാഴ്ത്തിയും, ചിലരെ പ്രീണിപ്പിച്ചുകൊണ്ടുമുള്ള പുതുനിര്‍മാണ വ്യഗ്രതയില്‍ പ്രകടമാകുന്നത്? ചോദ്യങ്ങളവസാനിക്കുന്നില്ല; നവകേരളമെന്ന ആശയമുയര്‍ത്തുന്ന ആശങ്കകളും.
എന്തായിരുന്നു പഴയകേരളമെന്നറിയാതെ എങ്ങിനെയാണ് പുതുകേരളത്തെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കുന്നത്? പഴയകേരളത്തെ അപ്പാടെ നിരാകരിക്കാന്‍ തിടുക്കംകൂട്ടുന്നവര്‍, തങ്ങള്‍ ചവിട്ടിനില്ക്കുന്ന മണ്ണിനെ, തങ്ങളുടെ അടിവേരുകളെ ഒക്കെയാണ് തള്ളിപ്പറയുന്നത്. അത്തരമൊരു തള്ളിപ്പറയലിനെ സാധൂകരിക്കാന്‍ മാത്രം വികലമായിരുന്നോ പഴയ കേരളം? തീര്‍ച്ചയായുമല്ല എന്ന് ഉറച്ച സ്വരത്തില്‍ പറയാന്‍ കഴിയും. ഏതൊരു ദേശത്തിനും സമൂഹത്തിനും അതിന്റെ വികാസ പരിണാമങ്ങളുടെ വിവിധഘട്ടങ്ങളില്‍ പലതരത്തിലുള്ള വൈകല്യങ്ങള്‍ സംഭവിക്കാറുണ്ട്. ആരോഗ്യമുള്ള ഏതൊരു സമൂഹവും കാലക്രമേണ അവയെ മറികടക്കുകയും സ്വയം നവീകരണക്ഷമതയിലൂടെ സൂര്യപ്രകാശത്തിന്റെ ദിനങ്ങളിലേക്ക് നടന്നുകയറുകയും ചെയ്യും. പഴയ കേരളത്തിന്റെ കാര്യത്തിലും ഇത് ഏറെക്കുറെ ശരിയാണ്. ജാതിവ്യവസ്ഥയുടെ മനുഷ്യത്വരാഹിത്യവും ഉച്ചനീചത്വങ്ങളുടെ നിര്‍ദ്ദയത്വവും സ്ത്രീസമൂഹത്തിന് ഏല്‍ക്കേണ്ടിവന്ന നിഷ്ഠൂരതകളുമൊക്കെ മുറിപ്പാടുകളും ഇരുള്ച്ചുഴികളുമായി പഴയകാലത്തിന്റെ ശോഭ കെടുത്തുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. എന്നാല്‍ ഇതുമാത്രമായിരുന്നില്ല പൗരാണിക കേരളം. ‘മാനുഷരെല്ലാരുമൊന്നുപോലെ’ എന്ന സ്വപ്നം കാണാന്‍ കഴിഞ്ഞ മലയാളനാടിനെ എങ്ങനെ മറക്കാനാവും? ഇരുട്ടിന്റെ വലയങ്ങളെ ഭേദിച്ച് വെളിച്ചത്തിലേക്ക് കുതിക്കാനാഞ്ഞുകൊണ്ടിരിക്കുന്ന പുരാതന കേരളത്തിന് ലോകസമൂഹത്തിനാകമാനം പ്രചോദനമായ എത്രയെത്ര ശക്തിദുര്‍ഗങ്ങള്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞിരുന്നു എന്നതാവണം, ഓരോ കേരളപ്പിറവിയാഘോഷത്തിന്റെയും കേന്ദ്രബിന്ദുവായിരിക്കേണ്ടത് എന്ന വസ്തുത നാം മറന്നുകൂടാ.
അകവും പുറവും നാം സ്വീകരിച്ചിരുന്നത് ശുദ്ധിയെന്ന സ്വപ്നമായിരുന്നു അക്കാലത്ത്. ‘വെളുക്കും മുന്പെണീക്കണം, വെളുപ്പിനെ കുളിക്കണം, വെളുത്ത മുണ്ടുടുക്കണം’ എന്ന സങ്കല്പത്തിന്റെ ഉറവിടം ശുദ്ധിയെന്ന ഈ സങ്കല്പമായിരുന്നു, ശുചിത്വശീലത്തിന്റെ മലനാട്ടുപാഠം തന്നെയാണ്, ആധുനികകാലത്തെ ഏത് കേരളഭരണസംവിധാനവും ആവര്‍ത്തിക്കാറുള്ള ‘ആരോഗ്യകേരളം’ പദ്ധതികളുടെ അകക്കാമ്പ്. ഈ ശുചിത്വബോധമാണ് ഓരോ തലമുറയ്ക്കും നാം അന്നൊക്കെ നിര്‍ബാധം പകര്ന്നുകൊടുത്തിരുന്നതും. പല്ലുതേപ്പും കുളിയും പരിചയിച്ചിട്ടില്ലാത്ത ‘പരിഷ്കൃത’ സമൂഹങ്ങളുടെ ആ കാലത്താണ് കേരളീയ സമൂഹം അനുകരണീയമായ ഒരു മാതൃക സൃഷ്ടിക്കുന്നത്. തിരുവിതാംകൂര്‍-കൊച്ചി രാജാക്കന്മാര്-റാണിമാരും-നാടിന്റെ ആരോഗ്യപരിപാലനകാര്യത്തില്‍ ദത്തശ്രദ്ധരായിരുന്നു. ശുദ്ധിയും വൃത്തിയും ആരോഗ്യവും പാലിക്കുകയെന്ന ബോധ്യത്തേക്കാള്‍ ‘നവ’മായി മറ്റെന്താണുള്ളത്?
ഭക്ഷണത്തിലേക്കുവരാം. കേരളം ആഹരിച്ചിരുന്നത്, മണ്ണില്‍ വിളഞ്ഞ മഹത്വങ്ങളായിരുന്നു; മാര്‍ക്കറ്റുകള്‍ ചവച്ചുതുപ്പുന്നതായിരുന്നില്ല. ഏതൊരു പൗരാണിക ജനതയേയും പോലെ കൃഷിയായിരുന്നു നമുക്കും ജീവിതോപാധി. ചേറിലും ചെളിയിലും പണിതുവിളവെടുത്ത നമ്മുടെ ഭക്ഷ്യവിഭവങ്ങള്‍ക്ക്, വിഷക്കലര്പ്പുണ്ടായിരുന്നില്ലെന്നുമാത്രമല്ല, ഔഷധഗുണമുണ്ടായിരുന്നുതാനും. നാവിന്റെ രുചിക്കായിരുന്നില്ല നാമന്നും പ്രാധാന്യം കല്പിച്ചിരുന്നത്. നന്മക്കായിരുന്നു. മണ്ണിനെയും മരത്തേയും ആദരിക്കാനും അനുഗ്രഹം തേടാനുമുള്ള എളിമ ശീലിച്ചിരുന്ന അന്നത്തെ കേരളീയമനസ്സ്, പാരിസ്ഥിതികപാഠങ്ങളുടെയും സുസ്ഥിരവികസനത്തിന്റെയും ഹരിതഗൃഹവാതകങ്ങളുരുവപ്പെടുത്തുന്ന അപകടങ്ങളുടെയുമൊക്കെ പാശ്ചാത്യ വ്യാഖ്യാനങ്ങളെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാതിരുന്നിട്ടും പ്രകൃതിയോടു ചേര്‍ന്നുനിന്നാണ് മനുഷ്യനടക്കമുള്ള എല്ലാ ജീവിവര്‍ഗങ്ങളും ജീവിക്കേണ്ടത് എന്ന തിരിച്ചറിവ് നേടിയിരുന്നു. ആയുര്‍വേദമെന്ന കാലാതീതമായ മഹാമനുഷ്യസ്നേഹത്തിന്റെ വൈദ്യശാസ്ത്രശാഖ രൂപം കൊണ്ടതുമങ്ങനെ തന്നെയാണ്. ഓരോ വേരും ഇലയും തണ്ടും പൂവും കായും ആയുസിന്റെ ശാസ്ത്രത്തിന് പിന്‍ബലമായിത്തീര്‍ന്നു; വ്രതവും ഉപവാസവും പഥ്യവും മനുഷ്യശരീരത്തെ പോഷിപ്പിക്കുന്നതിന്റെ രഹസ്യം നാം തിരിച്ചറിഞ്ഞിരുന്നു. ‘പാര്‍ശ്വഫലങ്ങള്‍’ എന്ന പ്രയോഗം അന്നത്തെ കേരളീയസമൂഹത്തിന് പരിചിതമായിരിക്കില്ലെന്ന് വേണം കരുതാന്‍; പ്രകൃതിയില്‍ നിന്നെടുത്ത്, പ്രകൃതിദത്തമായതിനെ പരിപോഷിപ്പിക്കുന്ന ശാസ്ത്രത്തില്‍, കലയില്‍ എന്തു പാര്‍ശ്വഫലം?
ആന്തരികശുദ്ധിയുടെ കലയും സ്വായത്തമായിരുന്നു പുരാതനകേരളത്തിന്. പരസ്പരം പങ്കുവയ്ക്കുകയെന്നതായിരുന്നു ആ സമൂഹത്തിന്റെ ആദ്യപാഠം. ഒരു ചക്കമുറിച്ചാല്‍ ഓരോ തുണ്ടവും അയല്പക്കങ്ങളിലെത്തിക്കുന്ന, മധുരക്കനികള്‍ നിറയുന്ന ഓരോ മാഞ്ചുവട്ടിലും അയല്‍ക്കുട്ടികള്‍ മൊത്തം ഒത്തുകൂടുന്ന, അടുപ്പിലെ തീപോലും ചകിരിത്തൊണ്ടിലാക്കി പരസ്പരം പകരുന്ന കേരളമായിരുന്നു അന്നുണ്ടായിരുന്നത്. പഞ്ഞക്കര്ക്കിടകങ്ങളില് പരസ്പരമൂട്ടാന് എന്തുമേതും പകര്‍ന്നിരുന്ന ഒരു സമൂഹം. ജാതിയോ മതമോ എത്ര വേലികെട്ടിത്തിരിച്ചാലും എല്ലാറ്റിനുമപ്പുറം മാനവികതയുടെ മഹത്വമറിഞ്ഞനുഭവിച്ച കേരളം, ഓണവും ക്രിസ്തുമസും ഉത്സവവും പെരുന്നാളും തൂശനിലയിലെ തുമ്പപ്പൂച്ചോറും ബിരിയാണിച്ചെമ്പിലെ നെയ്ച്ചോറും ഒരേപോലെ പകര്ന്നുണ്ട കേരളം. പാരസ്പര്യത്തിന്റെ ആ മനോഹര കേരളത്തെ മറന്നുകൊണ്ടു എങ്ങനെയാണ് നവകേരളത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നത്.?
മണ്ണും വെള്ളവും മനസ്സും ശുദ്ധമായിരുന്നു അന്ന്. മാലിന്യങ്ങള്‍ അയല്പക്കത്തെ പറമ്പിലേക്കൊ പൊതുവഴിയിലേക്കോ വലിച്ചെറിഞ്ഞിരുന്നില്ല പഴയ മലനാട്ടുകാര്‍. ജലാശയങ്ങളെ ദേവസ്ഥാനങ്ങളായാണ് അവര്‍ കണ്ടത്. കാവുകള്‍ ഈശ്വരീയമായ സന്നിധികളായിരുന്നു; കാവില്‍ നിന്ന് ഒരു മുക്കുറ്റിപോലും പറിച്ചെടുക്കരുതെന്നായിരുന്നു മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തിരുന്നത്. പരിസ്ഥിതിപഠനം ക്ലാസ്മുറികളിലെത്തുന്നതിന് എത്രയോ മുന്‍പ്, ജീവിതസ്പന്ദനങ്ങളിലലിഞ്ഞു ചേര്‍ന്നിരുന്ന ആ സമൂഹം എങ്ങനെ ‘നവ’മല്ലാതെയാകും?. മുതിര്‍ന്നവരെ ബഹുമാനിക്കാനും വിനയം ശീലിക്കാനും ഇളംതലമുറയെ ഓര്‍മ്മിപ്പിച്ചിരുന്നു. അക്കാലത്ത്, ഓരോ കുട്ടിയേയും മാനവസമൂഹത്തിന്റെ സമ്പത്ത് എന്ന നിലയിലാണ് നോക്കികണ്ടിരുന്നത്. വഴിപിഴച്ചുനടക്കാനും ചതിവലകളില്‍ കുരുങ്ങിപ്പോകാനും നമ്മുടെ കൗമാര യൗവനങ്ങളെ വിട്ടുകൊടുക്കുമായിരുന്നില്ല അന്നത്തെ മുതിര്‍ന്നവര്‍. കാരണവന്മാരുടെ കണ്ണിന്റെ കാവലിലായിരുന്നു ചെറുപ്പക്കാരെപ്പോഴും. യുവത നാടുവിട്ടുപോകുന്ന, കലാലയങ്ങള്‍ നിശ്ശൂന്യമാകുന്ന, മണിമാളികകളായിത്തീര്ന്ന ഭവനങ്ങള്‍ ആളൊഴിഞ്ഞ് ചിലന്തിവലക്കൂടുകളാകുന്ന, നാട് വൃദ്ധമന്ദിരമായി മാറുന്ന, ലഹരിക്കടിപ്പെട്ട യൗവനത്തിന്റെ ശാപത്തീയില്‍ വേവുന്ന ഇന്നത്തെ കേരളമെവിടെ, മൂല്യങ്ങളും കരുതലും നന്മയും മുറുകെപ്പിടിച്ച പഴയ കേരളമെവിടെ?
നമുക്ക് വേണ്ടത് യാന്ത്രികതയുടെ, ദുരാഗ്രഹങ്ങളുടെ, ആഡംബരഭ്രാന്തിന്റെ, ഉപയോഗവ്യഗ്രതയുടെ, രാഷ്ട്രീയ വിദ്വേഷങ്ങളുടെ, ആളിക്കത്തുന്ന അഴിമതിയുടെ കൂത്തരങ്ങളായ ഒരു നാടിനെയല്ല; അങ്ങനെയൊന്നിനെ നവകേരളമെന്ന ചെല്ലപ്പേരുവിളിച്ചാലും, അത് ജീര്‍ണമാണ്, ജഡമാണ്, ജരാതുരമാണ്, നമുക്കാവശ്യം, ഭൂതകാലത്തിന്റെ നന്മകള് ചോര്‍ന്നുപോകാതെയും വര്‍ത്തമാനകാല വെല്ലുവിളികള്‍ക്ക് ഉത്തരം കണ്ടെത്തിയും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രത്യാശയും സാക്ഷാല്‍ക്കരിക്കുന്നതിന് പര്യാപ്തത കൈവരിച്ചുകൊണ്ടുള്ള വികസന മാതൃകകളാണ്. വേരുകള്‍ അറുത്തെറിഞ്ഞുകൊണ്ടല്ല വൃക്ഷം വളരുന്നത്. ഏത് കൊടുങ്കാറ്റിനെയും അതിജീവിക്കാന്‍ പോന്ന ദൃഢതയാര്‍ന്ന വേരുകളില്‍ ഉറച്ചുനിന്നുകൊണ്ടാണ്.
പുതുകേരളം ആകാശമാകെ പടര്‍ന്നുപന്തലിച്ചു സമ്പന്നമായിത്തീരട്ടെ; പഴയ കേരളീയ ജീവിത മഹത്വത്തിന്റെ സുകൃതപേരുകളിലുറച്ചു നിന്നുകൊണ്ടുതന്നെ. നവകേരളസൃഷ്ടി നാമമാത്രമായ അധരവ്യായാമമായിച്ചുരുങ്ങാതിരിക്കണമെങ്കില്, നന്മയുടെ നാട്ടുശീലങ്ങള്‍ പകര്‍ന്ന പുരാതന കേരളമായിരിക്കണം നമുക്ക് മാര്ഗദീപമായിത്തീരേണ്ടത് എന്ന യാഥാര്‍ത്ഥ്യം മറക്കാന്‍ പാടില്ല. അങ്ങനെ മാത്രമേ നിത്യനൂതന കേരളമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ നമുക്ക് കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: