കോട്ടയം : വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം ഒരുക്കാന്‍ മനസ്സുമാറ്റി പഴയിടം മോഹനന് നമ്പൂതിരി വീണ്ടുമെത്തി. എറണാകുളം ജില്ലാ ശാസ്ത്രമേളയിലേക്കാണ് പഴയിടം മനസുമാറി എത്തുന്നത്. കഴിഞ്ഞ ജനുവരിയില്‍ കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിവാദങ്ങളുണ്ടായതിനെ തുടര്‍ന്നാണ് പഴയിടം ഇനി കലോത്സവത്തിന്റെ അടുക്കളയിലേക്ക് ഇല്ലെന്ന് അറിയിച്ചത്.
‘നമ്മുടെ തീരുമാനങ്ങള്‍ പരിശോധിക്കേണ്ട സാഹചര്യം വന്നു. കഴിഞ്ഞ ദിവസം എറണാകുളത്തെത്തി റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ പാചകപ്പുരയില്‍ അടുപ്പി കത്തിച്ചത്. താനാണെന്നും പഴയിടം പറഞ്ഞു. കളമശ്ശേരിയില്‍ നടക്കുന്ന സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിനും പഴയിടം തന്നെയാണ് സദ്യ ഒരുക്കുന്നത്. എന്നാല്‍ താന്‍ സ്കൂള്‍ കലോത്സവത്തിലേക്ക് മടങ്ങിയെത്തിമോയെന്ന് പറയാനില്ല. ഇതൊരു തുടക്കമാണെന്ന് കരുതിക്കോളൂ. കോഴിക്കോട്ടെ വിവാദങ്ങളും പ്രതികരണങ്ങളും ചര്‍ച്ചകളും മനസ്സില്‍ ആഴത്തിലുള്ള മുറിവേല്പിച്ചെങ്കിലും അതെല്ലാം ഉണങ്ങിയെന്നും പഴയിടം പറഞ്ഞു.
സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിന്റെ സംഘടാകരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പഴയിടം ഇനി കലോത്സവ വേദിയിലേക്കില്ലെന്ന തീരുമാനം മാറ്റിയത്. പിന്നീട് ശാസ്ത്രമേളയുടെ സംഘാടകരും ഇതേ ആവശ്യവുമായി എത്തിയതോടെ അംഗീകരിക്കുകയായിരുന്നു. നവംബര്‍ എട്ട് മുതല്‍ പത്ത് വരെയാണ് സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം.
കോഴിക്കോട് കലോത്സവത്തില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം എന്തുകൊണ്ട് നല്‍കുന്നില്ലെന്ന ചോദ്യങ്ങള്‍ ഉയരുകയും അത് വിവാദങ്ങളിലേക്ക് വഴിവെയ്ക്കുകയും അടുത്ത തവണ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും നല്‍കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും അറിയിച്ചിരുന്നു. വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് പഴയിടം കലോത്സവ വേദിയില്‍ ഭക്ഷണം ഒരുക്കുന്നത് നിര്‍ത്തുകയാണെന്ന് അറിയിച്ചത്. പാചകച്ചുമതല മറ്റുള്ളവര്‍ക്ക് ഏറ്റെടുക്കാന്‍ അവസരം നല്കാന് വേണ്ടിക്കൂടിയുമാണു പിന്മാറ്റമെന്നും ജോലിക്കാരുടെ കുറവ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ടെന്നും അന്ന് പറഞ്ഞിരുന്നു. 2000ല്‍ കോട്ടയത്തെ റവന്യൂ ജില്ലാ കലോത്സവം മുതലാണ് പഴയിടം കലോത്സവ വേദികളിലെ ഊട്ടുപുരയിലേക്ക് എത്തുന്നത്. ഇതുവരെ രണ്ടേകാല്‍ കോടി കുട്ടികള്‍ക്കു ഭക്ഷണം വിളമ്പിയെന്നാണു പഴയിടത്തിന്റെ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: