കേരളത്തില്‍ പലതും പ്രത്യേകതയാണ്. ഭരണം കയ്യാളുന്ന സിപിഎമ്മിനും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിനും അക്കാര്യത്തില്‍ സമാനമായ മനസാണുള്ളത് എന്നതും നമ്മുടെ മുന്നിലുണ്ട്. മുസ്ലിംലീഗിന്റെ കാര്യം പറയുകയേവേണ്ട. ആ ‘സമാന മനസ്കത’യുടെ നിരയില്‍ ഏറ്റവും ഒടുവിലത്തേതാണ് കളമശേരി സ്ഫോടനവും ഹമാസ് നേതാവിന് കേരള ജനതയെ അഭിസംബോധന ചെയ്യാന്‍ അവസരമൊരുക്കിയതും. ഹമാസ് ഒരു ഭീകര സംഘടനയാണെന്നുപറഞ്ഞാല്‍ അത് മതസൗഹാര്‍ദ്ദം തകര്‍ക്കുമെന്ന് പോലും ചിന്തിക്കുന്ന നിലയിലേക്ക് നമ്മുടെ നാട്ടിലെ ചിലരെത്തി എന്നതാണ് ദൗര്‍ഭാഗ്യകരം. അതാണല്ലോ കേന്ദ്ര മന്ത്രിക്കെതിരെ പോലും കേസെടുക്കാന്‍ കേരളത്തിലെ പോലീസിനെ പ്രേരിപ്പിച്ചത്. പോലീസിന്റെ നിലപാടുകളെക്കുറിച്ചും അതിന്റെ മേധാവികളെക്കുറിച്ചുമൊക്കെ നല്ല ധാരണ ഈ സംഭവം നല്‍കുന്നുണ്ട് എന്നുമാത്രം തത്ക്കാലം പറയട്ടെ. പിന്നെ ഈ രാജ്യം കേരളത്തിനപ്പുറവുമുണ്ട് എന്നതും പ്രധാനമാണ്.
ഇവിടെയൊക്കെ നാം കാണുന്നത് ജിഹാദി- ഭീകരവാദ പ്രസ്ഥാനങ്ങളോടും ഭീകരവാദ നിലപാടുകളോടുമുള്ള കേരളത്തിലെ രണ്ടു മുന്നണികളുടെയും സൗഹൃദ സമീപനമാണ്. ഇതാദ്യസംഭവമല്ല. മുമ്പ് ഇറാഖിലെ സദ്ദാം ഹുസ്സൈന്‍ കൊല്ലപ്പെട്ടപ്പോള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഉപയോഗിക്കാനാവുമെന്ന് ഇഎംഎസ് കേരളത്തെ പഠിപ്പിച്ചിട്ടുണ്ട്. ഭീകരാക്രമണ കേസില്‍ വിചാരണ നേരിടുന്ന മദനിക്ക് പൂത്താലത്തോടെ സ്വീകരണം നല്കാന് അണിനിരന്നവരില്‍ രണ്ടു മുന്നണികളില്‍പ്പെട്ടവരുമുണ്ടല്ലോ. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചപ്പോള്‍ കേന്ദ്രത്തിനെതിരെ കണ്ണുരുട്ടാനും ഇസ്ലാമിക സംഘടനയില്‍പ്പെട്ടവര്‍ക്ക് സംരക്ഷണ കവചമൊരുക്കാനും സിപിഎമ്മും കോണ്‍ഗ്രസും മടിച്ചില്ല എന്നതും അങ്ങാടിപ്പാട്ടാണല്ലോ. ഇതൊക്കെ പുതിയകാല സംഭവങ്ങള്‍. 1921-ലെ മാപ്പിള ലഹളയ്ക്ക് ഉത്തരവാദികളായവരെ പ്രകീര്‍ത്തിക്കാനും ഹിന്ദു കൂട്ടക്കൊലയെ ന്യായീകരിക്കാനും ഇവര്‍ക്കുരണ്ടുകൂട്ടര്‍ക്കും മടിയുണ്ടായില്ല. ഇന്നിപ്പോള്‍ മതസൗഹാര്‍ദ്ദം തകര്‍ന്നെന്ന് പറഞ്ഞുകൊണ്ട് കേന്ദ്രമന്ത്രിയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചവര്‍ ‘1921 -ല്‍ ഊരിയവാള് അറബിക്കടലില്‍ എറിഞ്ഞിട്ടില്ല’ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ഹിന്ദു സമൂഹത്തെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ പെറ്റിക്കേസുപോലുമെടുത്തില്ലല്ലോ. മത ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി എന്തുമാവാം; എന്നാല്‍ ഭൂരിപക്ഷ ജനതയുടെ വികാരവും ദേശീയചിന്ത വെച്ചുപുലര്‍ത്തുന്നവരുടെ മനസും ആരും പരിഗണിക്കുന്നില്ല. അതാണല്ലോ മലപ്പുറം ജില്ലാ രൂപീകരണം മുതല്‍ അനുഛേദം -370 ന്റെ കാര്യത്തില്‍ വരെ നാം കണ്ടത്. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രശ്നത്തില്‍ ഈ രണ്ടുകൂട്ടരും ആദ്യാവസാനം എടുത്തത് ശ്രീരാമചന്ദ്രന്, രാമക്ഷേത്രത്തിന് എതിരായ നിലപാടാണല്ലോ. കോണ്‍ഗ്രസുകാരായ വക്കീലന്മാര് എത്ര മണിക്കൂറുകളാണ് രാമക്ഷേത്രത്തിനെതിരെ സുപ്രീം കോടതിയില്‍ വാദിച്ചത് എന്നതും ഓര്‍ക്കുക. അയോധ്യയിലെ രാമജന്മഭൂമിയില്‍ ശൗചാലയം നിര്‍മ്മിക്കണമെന്നാണ് ഇഎംഎസ് മലപ്പുറത്തുപോയി ഒരിക്കല്‍ പ്രസംഗിച്ചത്.
ഹമാസും ഇന്ത്യയും
ഇവിടെ പ്രശ്നം ഹമാസ് സംബന്ധിച്ച നമ്മുടെ നിലപാടെന്താണെന്നതാണല്ലോ. ഇക്കാര്യത്തില്‍ സംശയത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടെന്ന് കരുതേണ്ടതില്ല. കഴിഞ്ഞ മാസം ആറിന് ഹമാസ് ഭീകരര്‍ ഇസ്രയേലിനെ ആക്രമിച്ചപ്പോള്‍ നമ്മുടെ പ്രധാനമന്ത്രി പറഞ്ഞ മൂന്ന് വാചകങ്ങളില്‍ എല്ലാമുണ്ട്. ‘ഇസ്രായേലില്‍ നടന്ന ഭീകരാക്രമണം ഞെട്ടലുണ്ടാക്കി’ എന്നതാണ് നരേന്ദ്രമോദിയുടെ ആദ്യവാചകം. അവിടെ നടന്നത് ഭീകരാക്രമണമാണ് എന്നതല്ലേ അദ്ദേഹം വ്യക്തമാക്കിയത്. അതാണ് നമ്മുടെ രാജ്യത്തിന്റെ നിലപാട്. ആക്രമിച്ചത് ഹമാസ് ആണെന്നതില്‍ കമ്മ്യുണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ജിഹാദികള്‍ക്കും സംശയവുമില്ലല്ലോ. ആക്രമണത്തിനിരയായ നിരപരാധികളായവര്‍ക്കുവേണ്ടി പ്രാര്‍ഥനയെന്നും നരേന്ദ്രമോദി കുറിച്ചു. അതിനുശേഷമാണ്, ‘ഈ വിഷമകരമായ വേളയില്‍ നാം ഇസ്രയേലിനൊപ്പം നിലകൊള്ളുന്നു’ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഹമാസ് ഭീകര പ്രസ്ഥാനമാണ് എന്ന് മോദി പറഞ്ഞിട്ടില്ലല്ലോ എന്ന് വിചാരിച്ചു നടക്കുന്നവരോട് സഹതപിക്കുക. പാലസ്തീനുമായുള്ള നമ്മുടെ ബന്ധവും സൗഹൃദവും വ്യക്തമാണ്. അതില്‍ ഒരു മാറ്റവും മോദി സര്‍ക്കാര്‍ വരുത്തിയിട്ടില്ല. പാലസ്തീനെ പിന്തുണക്കുന്നതുകൊണ്ട് ഹമാസിനെ താലോലിക്കണം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അംഗീകരിക്കപ്പെടാന്‍ പോകുന്നുമില്ല. ഇസ്രായേല്‍ ചെയ്യുന്നതിനെയൊക്കെ ന്യായീകരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല എന്നതും സ്മരിക്കേണ്ടതുണ്ട്. ഭീകരതയെ എതിര്‍ക്കുന്നു; അത് നമ്മുടെ നിലപാടാണ്. യുഎഇ ഇക്കാര്യത്തിലെടുത്ത നിലപാടെങ്കിലും ബിജെപി-മോദി വിരുദ്ധര്‍ മനസിലാക്കേണ്ടേ.
ഹമാസിനെ നമ്മള് ഭീകര സംഘടനയായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ അനവധി രാജ്യങ്ങള്‍ അവരെ ഭീകരരായി മുദ്രകുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ സജീവമായി പ്രവര്‍ത്തിക്കാത്ത സംഘടനയായതുകൊണ്ട് നമുക്ക് തീരുമാനം എടുക്കാന്‍ സമയം ഇനിയുമുണ്ടല്ലോ. പക്ഷെ അങ്ങിനെ ഇന്ത്യ തീരുമാനിച്ചിരുന്നുവെങ്കില് ഇതിനകം ഇവിടെ എത്രപേര്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുക്കേണ്ടിവന്നേനെ. തെരുവിലിറങ്ങി ഹമാസ് നടത്തിയ കൂട്ടക്കൊലയെ ന്യായീകരിക്കുന്നവര്‍ അതോര്‍ക്കുന്നത് നല്ലതാണ്. എല്ലാത്തിനും ഒരു സമയമുണ്ട് എന്നുമാത്രം ഇപ്പോള്‍ കരുതിയാല്‍ മതി.
എന്തിന് ഈ ബേജാര്
ബോംബ് സ്ഫോടനം സംബന്ധിച്ച് എന്തിനാണ് കേരള സര്‍ക്കാര്‍ ഇത്ര വലിയ ബേജാര് കാണിക്കുന്നത്. കളമശേരിയില്‍ ഒരു മതവിഭാഗത്തിന്റെ പ്രാര്‍ഥനാ സമ്മേളനത്തിലാണ് സ്ഫോടന പരമ്പര ഉണ്ടായത്. അത് ആസൂത്രിതമാണെന്ന് ഇതിനകം പുറത്തുവന്ന വാര്‍ത്തകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. അതില്‍ ഭീകരതയുണ്ടോ, അത് ഭീകരാക്രമണമാണോ എന്നതാണല്ലോ ഒരു വിഷയം. അത് പോലീസും കേന്ദ്ര ഏജന്‍സികളും പരിശോധിക്കട്ടെ. എന്നാല്‍ ആ സംഭവത്തിന് പിന്നില്‍ ഒരു ‘ഭീകര മനസുണ്ട്’ എന്നത് മറച്ചുവെച്ചിട്ട് കാര്യമുണ്ടോ. അത് ആദ്യമായി അംഗീകരിക്കണ്ടേ. വെറുമൊരു പൊട്ടന് അല്ലല്ലോ ഇതിനായി ഇറങ്ങിത്തിരിച്ചത്. ഇതിനകം മരണങ്ങള് നടന്നുകഴിഞ്ഞു; ചിലര്‍ ഇപ്പോഴും മരണത്തെ വെല്ലുവിളിച്ചുകൊണ്ട് ആശുപത്രിയില്‍ കഴിയുന്നു. അതൊരു ഭീകരാക്രമണമാണെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അത് കേരളത്തിന് അപമാനമാണ് എന്നെന്തിന് ചിന്തിക്കുന്നു. വസ്തുതകളെ കണ്ടുകൊണ്ട് മുന്നോട്ടു പോകുന്നതല്ലേ മലയാളനാടിന് ഗുണകരമാവുക.
നമ്മുടെ നാട്ടിലെ നിയമങ്ങള്‍ സംശയത്തിന് അടിസ്ഥാനമില്ലാതെ ‘ഭീകരത’യെ നിര്‍വചിച്ചിട്ടുണ്ട്. ഭീകര പ്രവര്‍ത്തനത്തെ സഹായിക്കുന്നത്, പിന്തുണക്കുന്നത് ഒക്കെയും കുറ്റകരമാണ് എന്നതും ഓര്‍ക്കേണ്ടതുണ്ടല്ലോ. വളരെ വിശാലമായ കാന്‍വാസാണ് അത്. അതൊക്കെ കോടതികള്‍ ശരിവെച്ചിട്ടുമുണ്ട്. ഇക്കാര്യങ്ങള്‍ നന്നായി അറിയാവുന്നവരാവണമല്ലോ നമ്മുടെ പോലീസിന്റെ തലപ്പത്തുള്ളവര്‍. പിന്നെ, ഭീകരപ്രവര്‍ത്തനമെന്ന് സാധാരണക്കാര്‍ക്ക് തോന്നുന്ന ഒരു കാര്യം അങ്ങനെയല്ലെന്ന് വരുത്താന്‍ ശ്രമിക്കുന്നത് എന്ത് ലക്ഷ്യത്തോടെയാവണം? ‘ഭീകരാക്രമണമാണ്’ എന്ന് പറയുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ‘ആജ്ഞ’ ഉണ്ടാവുമ്പോള്‍ കണ്ണടച്ച് അതിന് മുതിര്‍ന്നവര്‍ നിയമവും കോടതിവിധികളും ഓര്‍മ്മിക്കേണ്ടതായിരുന്നില്ലേ. ഇവിടെ ആശങ്കയുണ്ട് എന്നൊന്നും പറയുന്നില്ല. എന്നാല്‍ ഒരു കാര്യമുണ്ട്; ഈ വിഷയത്തില്‍ കേരളത്തിന്റെ പോലീസ് മാത്രമാവുകയില്ല ഇടപെടുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്ക് മാറിനില്ക്കാന് സ്വാഭാവികമായും സാധിക്കില്ലല്ലോ. അവരുടെ നിലപാടുകള്‍ ഇത്തരം വിഷയങ്ങളില്‍ കര്‍ക്കശമാവുന്നത് നാം എപ്പോഴും കണ്ടിട്ടുമുണ്ട്. കേന്ദ്ര മന്ത്രിയുടെയും സാധാരണക്കാരുടെയുമൊക്കെ മനസിലുള്ളതെല്ലാം നാളെകളില്‍ കേരളത്തിന് ചര്‍ച്ച ചെയ്യേണ്ടതായി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: