കണ്ണൂര്‍: ജില്ലയിലെ മലയോര മേഖലകളില്‍ മാവോയിസ്റ്റ് സംഘങ്ങള്‍ക്ക് രാപകല്‍ സൈ്വരവിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ കൂട്ട്. സര്‍ക്കാരിന്റെ മൃദുസമീപനവും അലംഭാവവുമാണ് ഇതിന് കാരണം. ഭരണമുന്നണിയിലെ സിപിഐ സ്വീകരിക്കുന്ന നിലപാടാണ് ഇതിന് സഹായകമാകുന്നതെന്നാണ് ആക്ഷേപം.
പന്തീരങ്കാവ് മവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് 2019ല്‍ സിപിഎം പ്രവര്‍ത്തകരായ താഹ ഫസലിനെയും അലന് ഷുഹൈബിനെയും അറസ്റ്റ് ചെയ്തപ്പോള്‍ അവരുടെ മാവോയിസ്റ്റ് ബന്ധത്തെ പൂര്‍ണ്ണമായും തള്ളുന്ന നിലപാടാണ് സിപിഐ സ്വീകരിച്ചത്.
ഇരുവരും സിപിഎം പ്രവര്‍ത്തകരല്ലെന്നും മാവോയിസ്റ്റുകളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായി വാദിച്ചുവെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തി. കേന്ദ്രസര്‍ക്കാരും മറ്റെല്ലാ സംസ്ഥാനങ്ങളും മാവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും കേരളത്തില്‍ നടപടികള്‍ പേരിന് മാത്രമാണ്.
പോസ്റ്ററൊട്ടിക്കാനും അവശ്യവസ്തു ശേഖരിക്കാനും പാതിരാത്രികളില്‍ കാടിറങ്ങി പെട്ടെന്ന് മടങ്ങിയിരുന്ന മാവോയിസ്റ്റുകള്‍ ഇന്ന് രാപകല്‍ ഭേദമന്യേ മലയോര മേഖലയിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമെത്തി മണിക്കൂറുകള്‍ ചെലവഴിക്കുന്നു.
മണിക്കൂറുകള്‍ കഴിഞ്ഞാണ് പോലീസും തണ്ടര്‍ ബോള്‍ട്ടും സ്ഥലത്തെത്തുന്നത്. ഇത് ഏറ്റുമുട്ടല്‍ ഒഴിവാക്കാനും മാവോയിസ്റ്റ് സംഘങ്ങള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നതിനും വേണ്ടിയാണെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
വയനാട് തലപ്പുഴ കമ്പമലയില്‍ വനം വികസന കോര്‍പ്പറേഷന്റെ ഡിവിഷന് ഓഫീസ് ഈയിടെ മാവോയിസ്റ്റുകള്‍ അടിച്ചു തകര്‍ത്തിരുന്നു. ആറളം, അയ്യങ്കുന്ന്, കൊട്ടിയൂര്‍ പഞ്ചായത്തുകളിലെ വനാതിര്‍ത്തിയിലുള്ള പ്രദേശങ്ങളില്‍ അടുത്ത കാലത്തായി നിരവധി തവണയാണ് സായുധ മാവോയിസ്റ്റ് സംഘങ്ങള്‍ എത്തിയത്.
തോക്കുമായെത്തി പരസ്യമായി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് കടകളില്‍ നിന്ന് ആവശ്യമായ സാധനങ്ങള്‍ വാങ്ങിയാണ് ഇവര്‍ മടങ്ങുന്നത്. അതുപോലെ വീടുകളിലെത്തി ഭക്ഷണം പാകം ചെയ്ത് കഴിച്ചും ഭക്ഷണസാധനങ്ങള്‍ വാങ്ങിയും പോയ സംഭവങ്ങളും ഉണ്ട്.
കഴിഞ്ഞ ആഗസ്ത് 11ന് ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വിയറ്റ്നാമില്‍ മാവോയിസ്റ്റ് സംഘമെത്തി പ്രകടനം നടത്തി, പോസ്റ്ററൊട്ടിച്ചു. മൂന്ന് സ്ത്രീകളടക്കം 11 പേരായിരുന്നു സായുധ സംഘത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: