തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനും ധൂര്‍ത്തിനും വര്‍ഗീയ ശക്തികള്‍ക്ക് ഒത്താശ ചെയ്യുന്നതിനുമെതിരെ പ്രതിഷേധം ഇരമ്പി. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളഞ്ഞു. ഞായറാഴ്ച രാത്രി മുതല്‍ സെക്രട്ടേറിയറ്റിലേക്ക് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഒഴുകിയെത്തി. ഗേറ്റുകള്‍ രാത്രിയോടെ തന്നെ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പുലര്‍ച്ചയോടെ സെക്രട്ടേറിയറ്റും സ്റ്റാച്യു പരിസരവും നിറഞ്ഞു. മൂന്ന് ഗേറ്റിലും രാവിലെ മുതല്‍ തന്നെ നേതാക്കള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. സെക്രട്ടേറിയറ്റിലേക്കുള്ള മുഴുവന്‍ വഴികളും പോലീസ് അടച്ചിട്ടു.
ഉപരോധ സമരം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്തു. തുറന്ന ജീപ്പില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് ഉദ്ഘാടന വേദിയിലേക്ക് എത്തിയത്. പിണറായി സര്‍ക്കാരിന് തീവ്രവാദശക്തികളോടു മൃദുസമീപനമാണെന്ന് നദ്ദ പറഞ്ഞു. തീവ്രവാദികള്‍ കേരളം ഹബ്ബാക്കിയത് പിണറായി സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണ്. എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നതില്‍ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും നദ്ദ കുറ്റപ്പെടുത്തി.
ഭീകര സംഘടനായ ഹമാസിന്റെ നേതാക്കള്‍ കേരളത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളില്‍ ഓണ്‍ലൈനായി പങ്കെടുത്തിട്ടും സര്‍ക്കാര്‍ കാഴ്ചക്കാരെ പോലെ നോക്കി നില്‍ക്കുകയാണ്. എന്നിട്ടും തങ്ങളുടേതു മതേതര നിലപാടാണെന്ന് പിണറായി വിജയന് തെറ്റിദ്ധരിപ്പിക്കുകയാണ്, നദ്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: