മഡ്ഗാവ്: മുപ്പത്തിയേഴാമത് ദേശീയ ഗെയിംസ് അത്ലറ്റിക്സില് പുരുഷ ലോങ്ജംപില്‍ കേരളത്തിന് സ്വര്‍ണം. 8.15 മീറ്റര്‍ ചാടി മുഹമ്മദ് അനീസ് യഹിയയാണ് കേരളത്തിന്റെ അഭിമാനമായത്. അവസാന ശ്രമത്തിലാണ് അനീസ് സ്വര്‍ണ ദൂരം കണ്ടെത്തിയത്. കര്‍ണാടകയുടെ ആര്യ. എസ് 7.89 മീറ്റര്‍ ചാടി വെള്ളിയും തമിഴ്നാടിന്റെ പി. ഡേവിഡ് 7.76 മീറ്റര്‍ ചാടി വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ ആന്ധ്രാപ്രദേശിന്റെ ജ്യോതി യരാജിക്ക് മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം. 13.22 സെക്കന്‍ഡില്‍ ഓടിയെത്തിയ ജ്യോതി കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ നടന്ന ഗെയിംസില്‍ സ്ഥാപിച്ച തന്റെ തന്നെ റിക്കാര്‍ഡാണ് പഴങ്കഥയാക്കിയത്. 13.30 സെക്കന്‍ഡായിരുന്നു നിലവിലെ റിക്കാര്‍ഡ്. തമിഴ്നാടിന്റെ നിത്യ രാംരാജ് 13.36 സെക്കന്‍ഡില്‍ വെള്ളിയും ഝാര്‍ഖണ്ഡിന്റെ സപ്ന കുമാരി 13.42 സെക്കന്‍ഡില്‍ വെങ്കലവും നേടി.
പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മഹാരാഷ്ട്രയുടെ തേജസ് അശോക് ഷിര്സെയും പുതിയ മീറ്റ് റിക്കാര്‍ഡോടെ പൊന്നണിഞ്ഞു. 13.71 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത തേജസ് 2015-ല്‍ തിരുവനന്തപുരത്ത് സിദ്ധാന്ത് തിങ്കലായ സ്ഥാപിച്ച 13.71 സെക്കന്‍ഡിന്റെ റിക്കാര്‍ഡാണ് തിരുത്തിയത്. ഒഡീഷയുടെ എ. ഗ്രേസ്സണ്‍ ജീവ 14.13 സെക്കന്‍ഡില്‍ വെള്ളിയും രാജസ്ഥാന്റെ മാധവേന്ദ്ര സിങ് 14.19 സെക്കന്‍ഡില്‍ വെങ്കലവും നേടി.
വനിതാ 400 മീറ്ററില്‍ കേരളത്തിന്റെ ജിസ്ന മാത്യു വെങ്കലം നേടി. 54.40 സെക്കന്‍ഡിലാണ് ജിസ്ന ഫിനിഷ് ലൈന്‍ കടന്നത്. തമിഴ്നാടിന്റെ വിദ്യ രാംരാജ് 52.85 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയപ്പോള്‍ ആന്ധ്രാപ്രദേശിന്റെ ഡി. ജ്യോതികശ്രി 53.48 സെക്കന്‍ഡില്‍ വെള്ളി നേടി.
പുരുഷ വിഭാഗത്തില്‍ തമിഴ്നാടിന്റെ കെ. അവിനാശ് 46.88 സെക്കന്‍ഡില്‍ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ ഹരിയാനയുടെ വിക്രാന്ത് പഞ്ചല്‍ 46.92 സെക്കന്‍ഡില്‍ വെള്ളിയും മഹാരാഷ്ട്രയുടെ രാഹുല്‍ രമേശ് 47.15 സെക്കന്‍ഡില്‍ വെങ്കലവും നേടി. കേരളത്തിന്റെ റിന്‍സ് ജോസഫ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
പുരുഷന്മാരുടെ 20 കി.മീ. നടത്തത്തില്‍ ഉത്തരാഖണ്ഡിന്റെ സുരാജ് പന്‍വാര്‍ സ്വര്‍ണവും സര്‍വീസസിന്റെ സെര്വിന് വെള്ളിയും ഹരിയാനയുടെ ഹര്‍ദീപ് വെങ്കലവും നേടിയപ്പോള്‍ വനിതകളുടെ ഇതേയിനത്തില്‍ ഉത്തര്‍പ്രദേശിന്റെ പ്രിയങ്ക ഗോസ്വാമിക്കാണ് സ്വര്‍ണം. മഹാരാഷ്ട്രയുടെ സെജല്‍ അനില്‍ സിങ് വെള്ളിയും ഉത്തര്‍പ്രദേശിന്റെ മുനിത പ്രജാപതി വെങ്കലവും നേടി.
പുരുഷ-വനിതാ 1500 മീറ്ററില്‍ മധ്യപ്രദേശിന്റെ റിതേഷ് ഓറേയും പശ്ചിമബംഗാളിന്റെ ലിലി ദാസും സ്വര്‍ണം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: