പാരീസ്: ഒളിംപിക്സ് പുരുഷ ലോങ്ജംപില്‍ ഗ്രീസിന്റെ മില്ത്തിയാഡിസ് ടെന്റോഗ്ലുവിന് എതിരില്ല. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും താരം സ്വര്‍ണമണിഞ്ഞു. കാള്‍ ലൂയിസിന് ശേഷം ഒളിംപിക്സ് ലോങ്ജംപില്‍ സ്വര്‍ണം നിലനിര്‍ത്തുന്ന ആദ്യ താരമെന്ന ബഹുമതിയും മില്ത്തിയാഡിസ് ടെന്റോഗ്ലുവിന് സ്വന്തമായി. നിലവിലെ ലോകചാംപ്യന് കൂടിയാണ് ഗ്രീസിന്റെ ഈ 26കാരന്.
അമേരിക്കയുടെ ഇതിഹാസ അത്ലറ്റ് കാള്‍ ലൂയിസ് തുടര്‍ച്ചയായി നാല് ഒളിംപിക്സുകളില്‍ ലോങ്ജംപ് സ്വര്‍ണം സ്വന്തമാക്കിയിട്ടുണ്ട്. 1984, 88, 92, 96 ഒളിംപിക്സില്‍.
ഇന്നലെ പുലര്‍ച്ചെ സമാപിച്ച ലോങ്ജംപ് ഫൈനലില്‍ 8.48 മീറ്റര്‍ ചാടിയാണ് മില്ത്തിയാഡിസ് ടെന്റോഗ്ലു സ്വര്‍ണം നിലനിര്‍ത്തിയത്. തന്റെ രണ്ടാം ശ്രമത്തിലായിരുന്നു സ്വര്‍ണദൂരം താണ്ടിയത്. 8.27മീ., 8.24 മീ., 8.36 മീ., 8.31 മീറ്റര്‍ എന്നിങ്ങനെയാണ് താരത്തിന്റെ മറ്റ് ശ്രമങ്ങള്‍. ആറാം ശ്രമം ഫൗളായി. ജമൈക്കയുടെ വെയ്ന്‍ പിന്നോക്ക് 8.36 മീറ്റര്‍ ചാടി വെള്ളി നേടി. രണ്ടാം അവസരത്തിലാണ് താരം വെള്ളി ദൂരം പിന്നിട്ടത്. ഇറ്റലിയുടെ 19 കാരന് മറ്റയ ഫുര്ലെനി 8.34 മീറ്റര്‍ ചാടി വെങ്കലവും സ്വന്തമാക്കി. ആദ്യ ശ്രമത്തിലാണ് താരം മെഡല്‍ ദൂരം പിന്നിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: