ന്യൂദല്‍ഹി: ദര്‍ശന്‍ ഹീരാനന്ദാനി എന്ന വ്യവസായിക്ക് പാര്‍ലമെന്‍റ് വെബ്സൈറ്റിലെ തന്റെ പേജിലേക്ക് കയറാനുള്ള ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കിയെന്ന് തുറന്ന് സമ്മതിച്ച് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. ഒരു സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയരിക്കുന്നത്. ഒക്ടോബര്‍ 31ന് പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റി മുമ്പാകെ ഹാജരാകാനിരിക്കുന്നതിന് തൊട്ടുമുന്‍പാണ് മഹുവ മൊയ്ത്രയുടെ ഈ കുറ്റസമ്മതം.
പ്രത്യക്ഷത്തില്‍ എംപി എന്ന നിലയിലുള്ള അവകശാത്തിന്റെ ലംഘനമാണിത്. ഇതിന്റെ പേരില്‍ തന്നെ മഹുവ മൊയ്ത്രയെ എംപി സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്താനാവുമെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
അദാനിയെ വിമര്‍ശിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നതിന് തന്റെ കയ്യില്‍ നിന്നും പണവും വിലപിടിച്ച സമ്മാനങ്ങളും മഹുവ മൊയ്ത്ര വാങ്ങിയിരുന്നതായി വ്യവസായി ദര്‍ശന്‍ ഹീരാനന്ദാനി പാര്‍ലമെന്‍റ് എത്തിക്സ് സമിതിക്ക് മുമ്പാകെ സത്യവാങ്മൂലം നല്‍കിയതോടെയാണ് മഹുവ മൊയ്ത്ര പ്രതിസന്ധിയിലാകുന്നത്. ആദ്യമൊക്കെ അദാനിയ്‌ക്കെതിരെ ചോദ്യം ചോദിക്കുന്നതിനാല്‍ മോദി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന ഇരവാദം പറഞ്ഞ് രക്ഷപ്പെടാന്‍ മഹുവ മൊയ്ത്ര ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാരണം വ്യക്തമായ തെളിവുകളോടെയായിരുന്നു മഹുവയ്‌ക്കെതിരായ ആരോപണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: