കൊച്ചി: മദ്യപിച്ച് പോലീസ് സ്റ്റേഷനില്‍ എത്തി പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും, ജോലി തടസപ്പെടുത്തുകയും ചെയ്ത നടന് വിനായകനെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടത് വിവാദമായി. സിപിഎമ്മുകാരനായ വിനായകന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന വിവരം.
പോലീസ് ഉദ്യോഗസ്ഥരെ വിനായകന് ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. വിനായകന് ലഹരി ഉപയോഗിച്ച ശേഷം സ്റ്റേഷനില്‍ എത്തിയെന്നും പൊതുജനങ്ങള്‍ക്ക് ശല്യം ഉണ്ടാക്കിയെന്നും പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ വിനായകനെ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി. മദ്യലഹരിയിരുന്നുവെന്നാണ് പരിശോധന റിപ്പോര്‍ട്ട് എന്നാണ് പോലീസ് പറയുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 353 പ്രകാരം പൊതുപ്രവര്‍ത്തകനെ തന്റെ കൃത്യനിര്‍വഹണത്തില്‍ നിന്ന് മനഃപൂര്‍വമായി തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ ജാമ്യമില്ലാ കുറ്റമാണ്.
കോടതിക്ക് മാത്രമാണ് ഈ വകുപ്പ് പ്രകാരം ജാമ്യം അനുവദിക്കാന്‍ കഴിയുക. ഈ നിയമത്തെ കാറ്റില്‍പ്പറത്തി പോലീസ് ആക്ട് മാത്രം ഉള്‍പ്പെടുത്തി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടതിന് പിന്നില്‍ ഉന്നത ഇടപെടല്‍ ഉണ്ടായെന്നത് വ്യക്തമാണ്.
എന്നാല്‍ പോലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ വിനായകനെതിരെ മതിയായ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും ഒരു സ്വാധീനത്തിനും വഴങ്ങിയിട്ടില്ലെന്നും കൊച്ചി ഡിസിപി എസ്. ശശിധരന് പറഞ്ഞു.
വിനായകനെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് ജാമ്യത്തില്‍ വിട്ടതെന്ന ഉമാ തോമസ് എംഎല്‍എയുടെ ആരോപണത്തിന് പിന്നാലെയാണ് ഡിസിപിയുടെ വിശദീകരണം. ബഹളമുണ്ടാക്കിയതിനും ഡ്യൂട്ടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനും കേരള പോലീസ് ആക്ട് പ്രകാരം മൂന്നു വര്‍ഷം വീതം തടവ് ലഭിക്കാവുന്ന രണ്ടു വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ വിനായകന് ശ്രമിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. കൈയേറ്റ ശ്രമമുണ്ടായെന്ന് തെളിഞ്ഞാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്നും ഡിസിപി പറഞ്ഞു.
ചൊവാഴ്ച വൈകിട്ട് ഭാര്യയുമായി വഴക്കുണ്ടാക്കിയ വിനായകന് പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്ളാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പോലീസ് ഇരുവരുടെയും മൊഴിയെടുത്തു.
സംഭവം അനുനയിപ്പിക്കാന്‍ ശ്രമിച്ച പോലീസ് സന്ധ്യയോടെ ഫ്ളാറ്റില്‍ നിന്ന് മടങ്ങി. മഫ്ത്തിയില്‍ വനിതാ ഉദ്യോഗസ്ഥ അടക്കം പോയതെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ തൃപ്തനാകാതെ പോലീസിനെ പിന്തുടര്ന്ന് വിനായകന് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തി.
അവിടെ ബഹളം വച്ച വിനായകന് സ്റ്റേഷനില്‍ വച്ച് പുകവലിക്കുകയും ചെയ്തു. ഫ്ളാറ്റില്‍ എത്തിയ പോലീസ് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ആരാണെന്നറിയാനാണ് വിനായകന് ബഹളം വച്ചതെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ സ്റ്റേഷന് പരിസരത്ത് പുകവലിച്ചതിന് പിഴയിട്ടതോടെ വീണ്ടും വിനായകന് പ്രകോപിതനായി പോലീസിനെ അസഭ്യം പറയുകയും എസ്ഐയെ ചീത്ത വിളിക്കുകയും ചെയ്തു. ഇതോടെ വിനായകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: