ഇഎംഎസ് നമ്പൂതിരിപ്പാട് അന്തരിക്കുകയും വി.എസ്.അച്യുതാനന്ദനെ കറിവേപ്പിലയാക്കി വലിച്ചെറിയുകയും ചെയ്തതിനുശേഷം കേരളത്തിലെ സിപിഎമ്മില്‍ പുതിയ ധ്രുവീകരണം സംജാതമായിരിക്കുന്നു. നേരത്തെ പേരിനെങ്കിലും സര്‍വ്വമത സമത്വം പറയുകയും പ്രചരിപ്പിക്കുകയും അണികള്‍ക്കിടയില്‍ തങ്ങള്‍ക്ക് ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ വികാരമില്ലെന്ന് മുദ്രാവാക്യം വിളിച്ച് വീമ്പിളക്കുകയും ആയിരുന്നു പതിവ്. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം വര്‍ഗീയതയെ പ്രീണിപ്പിക്കാതെ ഒരു സാമുദായിക സംഘടനയുടെയും പിന്തുണയില്ലാതെ സിപിഎം അധികാരത്തിലേറിയത് ചരിത്രമായിരുന്നു. കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്.ഗൗരി മുഖ്യമന്ത്രി എന്ന മുദ്രാവാക്യവുമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതും വിജയിച്ചതും. തെരഞ്ഞെടുപ്പിന് ശേഷം ഗൗരിയമ്മയെ കറിവേപ്പിലയാക്കി വലിച്ചെറിഞ്ഞതും സവര്‍ണ്ണനായ ഇ.കെ.നായനാരെ മുഖ്യമന്ത്രി ആക്കിയതും ചരിത്രം. കലാപക്കൊടി ഉയര്‍ത്തിയ ഗൗരിയമ്മയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച് പുറത്താക്കിയതും സിപിഎമ്മിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മറക്കാനാവാത്ത സംഭവം.
ജാതിമത സമവാക്യങ്ങള്‍ക്ക് അതീതമായി മതമൗലികവാദികളുടെ പിന്തുണയില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാനും വിജയിക്കാനുമുള്ള ത്രാണി തങ്ങള്‍ക്കുണ്ടെന്നായിരുന്നു സിപിഎമ്മിന്റെയും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും അവകാശവാദം. ഇഎംഎസിന് ശേഷം പാര്‍ട്ടിയിലെ ആദര്‍ശാധിഷ്ഠിത മുഖമായി മാറിയ വി.എസ്.അച്യുതാനന്ദനും മത മൗലികവാദികളോട് സന്ധിചെയ്യാന്‍ തയ്യാറായില്ല. കേരളത്തില്‍ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ലൗ ജിഹാദ് മുതല്‍ മതപരിവര്‍ത്തനം വരെയുള്ള സംഭവങ്ങളുടെ ദുരന്തചിത്രം ദല്‍ഹിയില്‍ പത്രസമ്മേളനം നടത്തി മാധ്യമങ്ങളോട് പറയാനും അദ്ദേഹത്തിന് മടിയുണ്ടായില്ല.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ മുന്‍നിര്‍ത്തി നടത്തിയ പ്രചാരണത്തിനുശേഷം അധികാരം കൈക്കലാക്കിയ പിണറായി വിജയന് വി.എസ്.അച്യുതാനന്ദനെ കറിവേപ്പിലയാക്കി മൂലയ്ക്കിരുത്തുകയായിരുന്നു. വി എസ്സിന് ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട എം.സ്വരാജിനെ പോലുള്ളവര്‍ പിണറായി വിജയന്റെ മനസാക്ഷി സൂക്ഷിപ്പുകാരാവുകയും ചെയ്തു. അധികാരത്തിലെത്താന്‍ സാധ്യതയുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നുഴഞ്ഞുകയറുകയും അധികാരം പിടിക്കുകയും ചെയ്യുക എന്ന ഇസ്ലാമിക ഭീകരരുടെ നയത്തെ കുറിച്ച് ഒന്നുമറിയാത്ത സിപിഎം നേതൃത്വം സിമി പിരിച്ചുവിട്ടതിനുശേഷം പാര്‍ട്ടി നേതൃത്വത്തിലേക്ക് കടന്നു കയറിയ ഇസ്ലാമിക ഭീകരതയെ കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്. ഭാരതത്തെ ഇസ്ലാമികവല്ക്കരിക്കാനും ഇസ്ലാമിക രാഷ്ട്രമാക്കാനും ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവര്‍ത്തനം നടത്തുന്ന പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു. പക്ഷേ, പ്രവര്‍ത്തകര്‍ ഇപ്പോള്‍ സിപിഎമ്മും സിപിഐയും അടക്കമുള്ള ഇടതുപക്ഷ കക്ഷികളില്‍ ചേക്കേറുകയാണ്.
പിണറായി വിജയന് അധികാരം ഏറ്റതിനുശേഷം സിപിഎം നേതൃത്വം ഇസ്ലാമിക ഭീകരതയ്ക്കും അവരുടെ ആവശ്യങ്ങള്‍ക്കും തിട്ടൂരങ്ങള്‍ക്കും വല്ലാതെ വഴങ്ങുന്നു എന്ന ആക്ഷേപം ശക്തമാണ്. തെളിവുകളും സാഹചര്യങ്ങളും പരിശോധിക്കുമ്പോള്‍ ഇത് നിഷേധിക്കാനുമാവില്ല. എ.എം.ആരിഫിനും കെ.ടി.ജലീലിനും മുഹമ്മദ് റിയാസിനും ഇസ്ലാമിന്റെ കാര്യം വരുമ്പോള്‍ ഏകാഭിപ്രായമാണ്. അവര്‍ അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു. ജിഹാദി അജണ്ടക്കനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്ന സംവിധാനത്തിന് യാതൊരു പ്രശ്നവും കേരളത്തില്‍ ഇല്ല. ഭൂരിപക്ഷ സമുദായമായിട്ടുപോലും കേരളത്തിലെ ഹിന്ദുക്കള്‍ക്ക് തങ്ങളുടെ സംസ്കാരത്തിനും വിശ്വാസത്തിനും ആചാരത്തിനും അനുഷ്ഠാനത്തിനും പിണറായി വിജയനോടും ഇടതുമുന്നണി സര്‍ക്കാരിനോടും പോരാടേണ്ട അവസ്ഥയാണ് കേരളത്തിലുള്ളത്.
ഇതിന്റെ ഏറ്റവും അവസാനത്തെ സംഭവമാണ് മട്ടന്നൂര്‍ നഗരസഭ ലൈബ്രറി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിദ്യാരംഭ ചടങ്ങ്. വിദ്യാരംഭം ഒരു ഹിന്ദുമത ആചാരമാണ്. ദേവിയെ ഒന്‍പതു ദിവസം പല ഭാവങ്ങളില്‍ ആരാധിച്ചതിനുശേഷം പത്താം ദിവസമാണ് വിദ്യാരംഭം കുറിക്കുന്നത്. ഗണപതിക്കും സരസ്വതിക്കും വന്ദനം കുറിക്കുന്ന ഹിന്ദു ആചാരം എങ്ങനെയാണ് അല്ലാഹു മാത്രമാണ് ആരാധ്യനെന്ന വാചകം കുറിച്ച് നടത്തുക. മക്കയിലോ മദീനയിലോ ഇത്തരം ആചാരം നിലവില്‍ ഉണ്ടായിരുന്നോ? സരസ്വതീമണ്ഡപത്തില്‍ അല്ലാഹു മാത്രമാണ് ആരാധ്യനെന്ന് എഴുതാന്‍ എന്തിനാണ് തങ്ങളുടെ മതത്തിലെ കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത് എന്ന് ചോദിക്കാനുള്ള വിവേകം ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതിക്ക് ഉണ്ടായില്ല? അവനവന്റെ വീട്ടില്‍ ഏതു മതസ്ഥര്‍ക്കും എന്തും എഴുതിക്കാനുള്ള അധികാരമുണ്ട്, അവകാശമുണ്ട്. പക്ഷേ, ഒരു ഹിന്ദു ആരാധനാ ചടങ്ങില്‍ ഹിന്ദുദൈവമല്ല തങ്ങളുടെ ദൈവമാണ് ആരാധ്യനെന്നും തങ്ങളുടെ ദൈവം മാത്രമാണ് ആരാധ്യനെന്നും എഴുതിക്കുന്നതിലെ വിവരക്കേടും അസാംഗത്യവും കോടതി കണ്ടില്ല. ക്രിസ്മസ് ദിനത്തിലും നബിദിനത്തിലും അവരുടെ ഘോഷയാത്രകളിലോ പ്രാര്‍ത്ഥനകളിലോ ശ്രീരാമനും ശ്രീകൃഷ്ണനും വന്ദനം അര്‍പ്പിക്കാനുള്ള അവസരം മട്ടന്നൂര്‍ ലൈബ്രറിയോ ഇഷ്ടമുള്ളത് എഴുതാം എന്ന് പറഞ്ഞ ഹൈക്കോടതിയോ നല്‍കുമോ? ഇഷ്ടമുള്ളത് എഴുതാനുള്ള അവകാശത്തെയല്ല ചോദ്യം ചെയ്യുന്നത്. പക്ഷേ ഒരു ഹിന്ദു ആചാരത്തില്‍ ഹിന്ദുമത വിശ്വാസം അനുസരിച്ച് ചെയ്യേണ്ട മതകര്‍മ്മത്തില്‍ ഇതര മതസ്ഥരുടെ കാലുഷ്യം കലര്‍ത്താന്‍ അവസരം നല്‍കുന്നത് ഭരണഘടനയുടെ ഏത് വകുപ്പ് അനുസരിച്ചാണ്? ഹിന്ദു ആചാരവും അനുഷ്ഠാനവും ആണെന്നും അവിടെ എങ്ങനെ ചെയ്യണം എന്നത് ഹിന്ദുമത ആചാരവും അനുഷ്ഠാനവും അനുസരിച്ച് ആയിരിക്കണമെന്നും പറയാനുള്ള ആര്‍ജ്ജവവും മതനിരപേക്ഷതയും ഉണ്ടാവേണ്ടതല്ലേ?
ഏതെങ്കിലും രക്ഷിതാവിന്റെ താല്പര്യത്തിനനുസരിച്ച് അല്ലെങ്കില്‍ ആ രക്ഷിതാവിന്റെ മതത്തിനനുസരിച്ച് മാറ്റിമറിക്കാന്‍ ഉള്ളതാണോ ഹിന്ദുവിന്റെ വിശ്വാസവും ആചാരവും പാരമ്പര്യവും. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ നിലപാട് ഹിന്ദുക്കളെ തകര്‍ക്കാന്‍ ഒരുമ്പെട്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പമായിരിക്കുന്നു. പിണറായി ശക്തി പ്രാപിച്ചതിനു ശേഷം, മരുമകന്റെ സ്വാധീനം വര്‍ദ്ധിച്ചതിനു ശേഷം കേരളത്തിലെ ഹിന്ദുസമൂഹം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വേട്ടയാടലിന് വിധേയമാവുകയാണ്. ശബരിമല പ്രശ്നത്തില്‍ അപ്പീല്‍ ഉണ്ടെന്ന് പറഞ്ഞിട്ടുപോലും യുവതികളെ കയറ്റാന്‍ വേണ്ടി പിണറായി വിജയന് ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ഹിന്ദുസമൂഹം ഒരിക്കലും മറക്കുമെന്ന് തോന്നുന്നില്ല. ശബരിമലയുടെ പേരില്‍ ഇനിയും കേസുകള്‍ നിലനില്‍ക്കുകയാണ്. സുപ്രീംകോടതിയുടെ ഭരണഘടന പരിഗണിക്കുമ്പോള്‍ മോന്സണ് മാവുങ്കലിന്റെ ചെമ്പോലയുമായി രാഘവവാര്യര് സുപ്രീംകോടതിയില്‍ എത്തുമോ എന്നതും കണ്ടറിയണം.
അതിനിടെ, കരുവന്നൂരിന് ശേഷം സമനില തെറ്റിയ ദേവസ്വം മന്ത്രി രാധാകൃഷ്ണന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ കൊണ്ട് ഒരു പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. ക്ഷേത്രഭൂമിയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം തടയാന്‍ ആണെന്നാണ് ഉത്തരവ് പറയുന്നതെങ്കിലും അതിന്റെ ലക്ഷ്യം പൂര്‍ണമായും ഹിന്ദു ഭക്തന്മാരെയും ക്ഷേത്ര വിശ്വാസികളെയും ലക്ഷ്യമിടുന്നതാണ്. ക്ഷേത്ര ഉപദേശക സമിതിയും ഭരണസമിതിയും സംഘടിപ്പിക്കുന്ന ഭജനകളും നാമജപ ഘോഷയാത്രകളും നടത്തുന്നത് പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. ക്ഷേത്രങ്ങളില്‍ കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നതും ചിത്രങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതും ദേവസ്വം കമ്മീഷണര്‍ നിരോധിച്ചിരിക്കുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട നോട്ടീസുകള്‍, ലഘുലേഖകള്‍ എന്നിവ ദേവസ്വം ബോര്‍ഡിന്റെ അംഗീകാരത്തോടുകൂടി മാത്രമേ പുറത്തിറക്കാവൂ എന്ന നിര്‍ദ്ദേശവുമുണ്ട്. ക്ഷേത്രങ്ങളില്‍ കാവിക്കൊടി കെട്ടുന്നതിനെതിരെ നേരത്തെ തന്നെ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി തള്ളിയതാണ്.
രാഷ്ട്രീയ സ്വയംസേവക സംഘം പൂര്‍ണ്ണമായും ഈ രാഷ്ട്രത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന, കുഞ്ഞുങ്ങളെ സല്‍സ്വഭാവത്തിലേക്ക് നയിക്കുന്ന സംഘടനയാണ്. ഒരു മണിക്കൂറാണ് ശാഖാസമയം. അതിനിടയില്‍ കളികളും പാട്ടും കഥകളും ഒക്കെയായി ഓരോരുത്തരുടെയും അഭിരുചി വളര്‍ത്താനുള്ള പാഠ്യക്രമമാണ് ആര്‍എസ്എസ് ശാഖയില്‍ ഉള്ളത്. ഓരോ വ്യക്തിയെയും ലോകം തലകുനിക്കുന്ന രീതിയിലുള്ള സ്വഭാവ വൈശിഷ്ട്യത്തോടെ മികച്ച പൗരന്മാരായി വാര്‍ത്തെടുക്കുന്ന ശാഖാപ്രവര്‍ത്തനം എന്താണ് പഠിപ്പിക്കുന്നതെന്ന് നേരിട്ട് മനസ്സിലാക്കാന്‍ സിപിഎമ്മുകാര്‍ക്കും ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്കും അവസരമുണ്ട്. അറിഞ്ഞിട്ട് എതിര്‍ക്കുന്നതിന് പകരം അന്ധമായ എതിര്‍പ്പുമായി ആര്‍എസ്എസിനെ നേരിടാനാണ് സിപിഎം ശ്രമം. തീര്‍ച്ചയായും അതിന് പിന്നില്‍ സിപിഎമ്മിനെ ഇന്ന് സ്വാധീനിക്കുന്ന ജിഹാദി ഭീകരവാദമുണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സംഘടിത വോട്ടുബാങ്കായ അവരെ പ്രീണിപ്പിച്ച് അടുത്ത തെരഞ്ഞെടുപ്പുകളില്‍ ലക്ഷ്യം കാണാനാണ് ശ്രമം. കേരളത്തിലെ ഹിന്ദുക്കള്‍ക്ക് സംഘടിത വോട്ട് ബാങ്കില്ലാത്തിടത്തോളം കാലം ഇത് തുടരുകയും ചെയ്യും. ഗാന്ധിവധം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ച നെഹ്റു മുതല്‍ ഇന്ദിര വരെ എല്ലാവരും പരീക്ഷിച്ചതാണ് ആര്‍എസ്എസ് വിരോധം. ഈ രാഷ്ട്രത്തെ പരമ വൈഭവത്തിലേക്ക് എത്തിക്കാന്‍ ദൈവനിയോഗമുള്ള ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ പിണറായി വിജയനെ പോലുള്ള ഓട്ടചങ്കന് കഴിയില്ല എന്ന തിരിച്ചറിവ് എപ്പോഴാണ് ഉണ്ടാവുക. ജിഹാദി താല്പര്യത്തിനനുസരിച്ച് ക്ഷേത്രസങ്കേതങ്ങളെ സംഘര്‍ഷഭൂമിയാക്കാനാണ് ശ്രമമെങ്കില്‍ അതിന്റെ തിരിച്ചടി കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കിട്ടിയതുപോലെ ഇക്കുറിയും കിട്ടുമെന്ന് ജനാബ് പിണറായി മറക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: