മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളായുള്ള തകര്‍ച്ച ബുധനാഴ്ചയും തുടര്‍ന്നു. ഒക്ടോബര്‍ 25 ബുധനാഴ്ച ബിഎസ് ഇ സെന്‍സെക്സ് 522.82 പോയിന്റുകള്‍ തകര്‍ന്ന് 64,049.06ല്‍ എത്തി. നിഫ്റ്റിയാകട്ടെ 159.60 തകര്‍ന്ന് 19,122.15 പോയിന്റില്‍ എത്തി. സെന്‍സെക്സില്‍ ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, എന്‍ടിപിസി, ടാറ്റാ മോട്ടോഴ്സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ടൈറ്റന്, ആക്സിസ് ബാങ്ക് എന്നീ ഓഹരികള്‍ തകര്‍ന്നു. ടാറ്റാ സ്റ്റീല്‍, എസ് ബിഐ, മഹീന്ദ്ര ആന്റ് മഹീന്ദ്ര, മാരുതി, നെസ്ലെ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഇസ്രയേല്‍-ഹമാസ് യുദ്ധം മൂലം അസംസ്കൃത എണ്ണ വില കൂടുന്നത് മൂലം എണ്ണക്കമ്പനികളുടെ (ബിപിസിഎല്‍, എച്ച് പിസില്‍ തുടങ്ങിയവ) ഓഹരിവിലയും ഇടിഞ്ഞു.
ഇസ്രയേല്‍-ഹമാസ് യുദ്ധഭീതി
നിക്ഷേപകര്‍ക്ക് ബുധനാഴ്ചയും കോടികള്‍ നഷ്ടമായി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ആകെ കമ്പനികളുടെ വിപണിമൂല്യം 323.82 ലക്ഷത്തില്‍ നിന്നും 308.73 ലക്ഷമായി ചുരുങ്ങി. അതായത് നിക്ഷേപകരുടെ 15 ലക്ഷം കോടിയോളം നഷ്ടമായെന്നര്‍ത്ഥം.സ്മാള്‍ കാപ്, മിഡ് കാപ് ഓഹരികളുടെ വിലയും ഇടിയുകയാണ്. കഴിഞ്ഞ കുറച്ചുമാസങ്ങളായി സ്മാള്‍ കാപ്, മിഡ് കാപ് ഓഹരികള്‍ വലിയ മുന്നേറ്റം കുറിച്ചിരുന്നു. വിദഗ്ധരെ ഞെട്ടിക്കുന്നത് നിഫ്റ്റി ഫിഫ്റ്റി എന്നറിയപ്പെടുന്ന ശക്തമായ ഓഹരികളുടെ വിലയും ഇടിയുന്നു എന്നതാണ്. സാധാരണഗതിയില്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ നട്ടെല്ലായി കണക്കാക്കുന്ന ഈ ആരോഗ്യമുള്ള അടിസ്ഥാന ഓഹരികളുടെ വില തുടര്‍ച്ചായുള്ള ദിവസങ്ങളില്‍ താഴേക്ക് അധികം പോകുന്ന പതിവില്ല.
ഇസ്രയേല്‍-ഹമാസ് യുദ്ധഭീതിതന്നെയാണ് വിപണിയ്ക്ക് ബുധനാഴ്ചയും ഭീഷണിയായത്. ഒപ്പം ദീര്‍ഘകാല, യുഎസ് ബോണ്ടുകളുടെ ആദായത്തിലുള്ള വര്‍ധന മൂലം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്നും പണം പിന്‍വലിക്കുന്നതും കാരണമായി. എണ്ണവില,ഉയരുന്നതും ഭീഷണിയാണ്.
യുദ്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചേക്കുമെന്ന ഭീഷണിയും നിലനില്ക്കുന്നു. ഇത് പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്ന ഭയമുണ്ട്. ഒപ്പം അസംസ്കൃത എണ്ണവിലയിലെ വര്‍ധനയും ആശങ്കയുണ്ടാക്കുന്നു.
യുഎസ് ബോണ്ട് ആദായം കൂടിയത് ആശങ്ക
യുഎസിലെ ദീര്‍ഘകാല സര്‍ക്കാര്‍ ബോണ്ടുകളിലെ ആദായം അഭൂതപൂര്‍വ്വമായി കൂടുകയാണ്. 10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടുകളിലെ ആദായം അഞ്ച് ശതമാനമായി. 16 വര്‍ഷങ്ങള്‍ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ 2007ന് ശേഷം ബോണ്ടുകളില്‍ ഇത്രയും വലിയ ആദായം ലഭിക്കുന്നത് ഇത് ആദ്യമാണ്. ഇതോടെ അമേരിക്കന്‍ ഓഹരി വിപണി വരെ ദുര്‍ബലമായി. യുഎസ് ഓഹരി വിപണികളായ ഡൗ ജോണ്‍സ്, നാസ് ഡാക്, എസ് ആന്റ് പി 500 എന്നിവ ബുധനാഴ്ച ദുര്‍ബലമായി. യുഎസ് ബോണ്ടുകളിലെ ആദായം വര്‍ധിക്കുന്നത് ആഗോള ഓഹരി വിപണികളെ ബാധിക്കുന്നതുപോലെ ഇന്ത്യന്‍ ഓഹരിവിപണികളെയും ദുര്‍ബലമാക്കുകയാണ്. ഇന്ത്യന്‍ ഓഹരി വിപണികളില്‍ പണം നിക്ഷേപിച്ച വിദേശനിക്ഷേപകര്‍ വന്‍തോതില്‍ അവരുടെ നിക്ഷേപം പിന്‍വലിച്ച് യുഎസ് ബോണ്ടുകളില്‍ നിക്ഷേപിക്കുകയാണ്. ഓഹരികളെ അപേക്ഷിച്ച് ബോണ്ടുകള്‍ കുറെക്കൂടി സുരക്ഷിതമായ നിക്ഷേപമാണ്. കാരണം അതില്‍ ഓഹരികളിലേതു പോലെ പെട്ടെന്ന് മൂല്യം കുറയുന്നു എന്ന റിസ്കില്ല.
രണ്ടാം സാമ്പത്തിക പാദത്തിലെ മോശം ഫലങ്ങള്‍
പല കമ്പനികളുടെയും രണ്ടാം സാമ്പത്തിക പാദത്തിലെ (ജൂലായ്-സെപ്തംബര്‍ ത്രൈമാസ ഫലം) കമ്പനികളുടെ മോശം പ്രകടനവും വിപണിദൗര്ബല്യത്തിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: