മുംബൈ: വമ്പന്‍ സ്കോര്‍ പടുത്തുയര്‍ത്തി ഹിറ്റ് ജയം സ്വന്തമാക്കുന്നത് തുടര്‍ന്ന് ദക്ഷിണാഫ്രിക്ക. ഏഷ്യന്‍ കരുത്തരായ ബംഗ്ലാദേശിനെ 149 റണ്‍സിന് തോല്‍പ്പിച്ചു. നാലാം ജയം സ്വന്തമാക്കിയ അവര്‍ പട്ടികയില്‍ ന്യൂസിലന്‍ഡിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.
സ്കോര്‍: ദക്ഷിണാഫ്രിക്ക- 382/5(50), ബംഗ്ലാദേശ്- 233/10(46.4)
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനെ ദക്ഷിണാഫ്രിക്ക തുടക്കത്തിലേ തന്നെ വരുതിയിലാക്കി. നൂറ് റണ്‍സെത്തും മുമ്പേ ആറ് വിക്കറ്റുകള്‍ പോയതോടെ ടീം തളര്‍ന്നു. മഹ്മദുല്ല ഹസന് ഒറ്റയ്ക്ക് പൊരുതി സെഞ്ചുറി(111) പ്രകടനം നടത്തിയെങ്കിലും കൂട്ടിന് ആരും ഉണ്ടായില്ല. അതിവേഗം കളി തീര്‍ക്കാമെന്നു കരുതിയ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നെ 47-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. മാര്‍കോ ജെന്‍സെന്‍, ജെറാള്‍ഡ് കോയെറ്റ്സീ, കാഗിസോ റബാദ എന്നിവര്‍ മികച്ച ബോളിങ് പ്രകടനം കാഴ്ചവച്ചു.
വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിലേ തിരിച്ചടിയായിരുന്നു ഫലം. ഏഴാം ഓവറില്‍ 36 റണ്‍സെത്തിയപ്പോഴേക്കും റീസ ഹെന്‍ഡ്രിക്സിനെയും(12) വാന്‍ ഡെര്‍ ഡ്യൂസനെയും(ഒന്ന്) നഷ്ടപ്പെട്ടു. മറുഭാഗത്ത് വെടിക്കെട്ടിന് തിരികൊളുത്തിയ ക്വിന്റണ്‍ ഡി കോക്കിന് മൂന്നാം വിക്കറ്റില്‍ നായകന് എയ്ഡന്‍ മാര്‍ക്രം കൂട്ടിനെത്തിയതോടെ കളി മാറി. ഡിക്കോക്ക് തകര്‍പ്പന്‍ അടികളിലൂടെ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചു. അര്‍ദ്ധസെഞ്ചുറിയോടെ പൊരുതിയ മാര്‍ക്രം(60) ടീം ടോട്ടല്‍ 167 റണ്‍സെത്തിയപ്പോള്‍ പുറത്തായി ഷാക്കിബ് അല്‍ ഹസന് വിക്കറ്റ് സമ്മാനിച്ചായിരുന്നു മടക്കം. പിന്നീട് ഹെയ്ന്റിച്ച് ക്ലാസന് ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ കുതിച്ചുയര്‍ന്നു. അവസാന ഓവര്‍ വരെ കളിച്ച ക്ലാസന് 49 പന്തുകള്‍ നേരിട്ട് 90 റണ്‍സെടുത്താണ് പുറത്തായത്. ദക്ഷിണാഫ്രിക്കന്‍ സ്കോറിന് അടിത്തറയിട്ട ഡി കോക്ക് ഈ ലോകകപ്പിലെ മൂന്നാം സെഞ്ചുറി നേട്ടത്തോടെയാണ് ക്രീസ് വിട്ടത്. 140 പന്തുകള്‍ നേരിട്ട താരം 15 ബൗണ്ടറികളും ഏഴ് സിക്സറും സഹിതം 174 റണ്‍സെടുത്താണ് മടങ്ങിയത്. അവസാന ഓവറുകളില്‍ ഡേവിഡ് മില്ലറും(15ല്‍ 34) കത്തിക്കയറി. മാര്‍കോ ജെന്‍സെന്‍(ഒന്ന്) പുറത്താകാതെ നിന്നു.
ബംഗ്ലാദേശിനായി ഹസന് മഹ്മൂദ് രണ്ട് വിക്കറ്റും മെഹ്ദി ഹസന്, ഷൊറിഫുല്‍ ഇസ്ലാം, ഷാക്കിബ് അല്‍ ഹസന് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: