മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഭാരതത്തിന്റെ ഗഗന്യാന് ദൗത്യം അതിനിര്‍ണായകമായ ഒരു വിജയം നേടിയിരിക്കുകയാണ്. ബഹിരാകാശ യാത്രക്കിടെ ആപത്തുണ്ടായാല്‍ യാത്രികരെ സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള ക്രൂ മൊഡ്യൂള്‍ പരീക്ഷണമാണ് ഇന്നലെ വിജയം കണ്ടത്. ഐഎസ്ആര്‍ഒ നടത്തിയ ടെസ്റ്റ് അബോര്‍ട്ട് മിഷന്-1 എന്ന ഈ പരീക്ഷണം വിജയമായതോടെ ചന്ദ്രയാന്‍ മൂന്നിനുശേഷം രാഷ്ട്രത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്നിരിക്കുകയാണ്. കാലാവസ്ഥ പ്രതികൂലമായതോടെ റോക്കറ്റ് വിക്ഷേപണസമയം രണ്ട് തവണ മാറ്റിയെങ്കിലും ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്ന് കുതിച്ചുയര്‍ന്ന റോക്കറ്റില്‍നിന്ന് ഒന്നര മിനിറ്റിനുശേഷം ദൗത്യം ഉപേക്ഷിക്കണമെന്ന സന്ദേശത്തെത്തുടര്‍ന്ന് പതിനേഴ് കിലോമീറ്റര്‍ ഉയരത്തില്‍വച്ച് പേടകം വേര്‍പെടുകയായിരുന്നു. പാരാഷൂട്ടുകളില്‍ തൂങ്ങി പേടകം താഴെക്കിറങ്ങുകയും, ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുകയുമായിരുന്നു. ഇതോടെ കാത്തുനിന്ന നാവികസേനാംഗങ്ങള്‍ അവിടേക്ക് കുതിച്ച് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പേടകം വീണ്ടെടുക്കുകയും ചെയ്തു. ‘ലക്ഷ്യം നേടി, ദൗത്യം വിജയകരം’ എന്ന ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. എസ്. സോമനാഥ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചതോടെ ബഹിരാകാശ രംഗത്ത് ഭാരതം കൈവരിക്കാന്‍ ആഗ്രഹിക്കുന്ന അതിമഹത്തായ ഒരു ദൗത്യത്തിന്റെ വിജയത്തുടക്കം സംഭവിക്കുകയായിരുന്നു. ഗഗന്യാന് യാഥാര്‍ത്ഥ്യമാക്കാന്‍ നാം ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണെന്നും, ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത് ഒരു അഭിമാനനിമിഷത്തെ കുറിക്കുന്നു.
ഗഗന്‍യാനിന്റെ ഇപ്പോഴത്തെ വിക്ഷേപണം വിജയിച്ചതോടെ അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്കുശേഷം മനുഷ്യ ബഹിരാകാശ ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം മാറിയിരിക്കുകയാണ്. ബഹിരാകാശത്തേക്ക് മനുഷ്യരെ അയച്ച് മൂന്നു ദിവസം അവിടെ തങ്ങി സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ഗഗന്‍യാനിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഇതിനിടെ അപകടം സംഭവിച്ചാലുള്ള രക്ഷാദൗത്യത്തിന്റെ പരീക്ഷണമാണ് നടന്നതും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതും. ഐഎസ്ആര്‍ഒ നാളിതുവരെ ഏറ്റെടുത്തിട്ടുള്ള ഏറ്റവും വലിയ ബഹിരാകാശ പദ്ധതിയാണ് ഗഗന്യാന് എന്ന കാര്യം ശ്രദ്ധേയമാണ്. ഐഎസ്ആര്‍ഒ സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിന്റെ വിജയം നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് വലിയ ആത്മവിശ്വാസവും, യുവാക്കള്‍ക്ക് വലിയ പ്രചോദനവും ശാസ്ത്രസാങ്കേതികവിദ്യക്ക് വലിയ ഉത്തേജനവും, സര്‍വ്വോപരി ജനങ്ങള്‍ക്ക് വലിയ അഭിമാനവും നല്കുന്നു. 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ പേടകമെത്തിച്ച് മൂന്നുപേര്‍ മൂന്ന് ദിവസം അവിടെ താമസിക്കാനാണ് പദ്ധതിയിടുന്നത്. ഇതിനുശേഷം തിരിച്ചുവരാനുള്ള വളരെ ശ്രമകരവും സങ്കീര്‍ണവും, ഉന്നത സാങ്കേതികവിദ്യയുടെ പിന്‍ബലം ആവശ്യമുള്ളതുമായ ഒരു ദൗത്യമാണ് ഗഗന്യാന്. പക്ഷേ ആത്മനിര്‍ഭരതയിലേക്ക് അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഭാരതത്തിന് ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഇനിയാര്‍ക്കും സംശയമുണ്ടാവില്ല.
ഭാരതം ചന്ദ്രയാന്‍-3 വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ ലോകം അത്ഭുതത്തോടെയാണ് അതിനെ കണ്ടത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഉപകരണങ്ങള്‍ എത്തിച്ച് പരീക്ഷണം നടത്താനും, ലോകം ഇന്നുവരെ കാണാത്ത ചന്ദ്രന്റെ വിവരങ്ങളും ചിത്രങ്ങളും ലഭിക്കാന്‍ ഇടയായതും ഭാരതത്തിന്റെ ശാസ്ത്രലോകത്തിനാണ്. രാഷ്ട്രത്തിന്റെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒ കൈവരിച്ച സ്വപ്നസമാനമായ ഈ നേട്ടം മറ്റ് പല രാഷ്ട്രങ്ങളും കലവറയില്ലാതെ അംഗീകരിച്ചപ്പോള്‍, നമ്മോട് ശത്രുത പുലര്‍ത്തുന്ന ചൈന മാത്രമാണ് അതില്‍ സംശയം പ്രകടിപ്പിച്ചത്. ഇതിലൂടെ അവര്‍ സ്വയം പരിഹാസ്യരാവുകയും ചെയ്തു. ബഹിരാകാശ രംഗത്ത് മറ്റു രാജ്യങ്ങള്‍ വര്‍ഷങ്ങളെടുത്ത് നേടിയ പലതും ചുരുങ്ങിയ കാലംകൊണ്ട് നേടാന്‍ ഭാരതത്തിന് കഴിഞ്ഞു എന്നതാണ് പ്രധാനം. ബഹിരാകാശത്ത് യാത്രികരെ എത്തിച്ച് തിരിച്ചുകൊണ്ടുവരാനുള്ള ഗഗന്യാന് ദൗത്യത്തിനും ഭാരതം വിജയത്തുടക്കം കുറിച്ചതോടെ നമ്മുടെ ശാസ്ത്രജ്ഞരുടെ നാലുവര്‍ഷം നീണ്ട തപസ്സാണ് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. 9000 കോടി രൂപയാണ് ഗഗന്‍യാനിനുവേണ്ടി ഭാരതം നീക്കിവച്ചിട്ടുള്ളത്. 2035 ആകുമ്പോഴേക്കും നാം സ്വന്തമായി ബഹിരാകാശ നിലയം സജ്ജമാക്കും. ഇതിനുശേഷം അഞ്ചു വര്‍ഷത്തിനുള്ളില്‍ മനുഷ്യരെ ചന്ദ്രനില്‍ എത്തിക്കാനും പദ്ധതിയിട്ടിരിക്കുന്നു. കുറെക്കാലം മുന്പാണെങ്കില് ഇങ്ങനെയൊക്കെ ചിന്തിക്കുന്നതും പറയുന്നതും വെറും അവകാശവാദങ്ങളായി മാത്രമേ ലോകം കാണുമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഭാരതത്തിന് ഇതൊക്കെ കഴിയുമെന്ന് എല്ലാവര്ക്കും ബോധ്യപ്പെട്ടിരിക്കുന്നു. എല്ലാ രംഗത്തും ഭാരതത്തിന്റെ കരുത്ത് കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. മൂന്നാമത്തെ സാമ്പത്തികശക്തിയിലേക്ക് മുന്നേറുന്ന രാഷ്ട്രം ഇനിയങ്ങോട്ട് എന്തൊക്കെ അത്ഭുതങ്ങളാണ് കാഴ്ചവയ്ക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: