വിവേക് അഗ്നിഹോത്രിയുടെ കാശ്മീര്‍ ഫയല്‍സ് ഏറെ കോളിളക്കമുണ്ടാക്കിയ ചിത്രമാണ്. കാശ്മീരിലെ ഭീകര പ്രവര്‍ത്തനവും അതു കാരണം സ്വന്തം നാട്ടില്‍ പണ്ഡിറ്റുകള്‍ക്ക് നേരിടേണ്ടി വന്ന കൊടിയ ദുരിതവും സംഘര്‍ഷവുമൊക്കെ ആവ്ഷകരിച്ച ചിത്രം ഏറെ ശ്രദ്ധ നേടി. ഇപ്പോള്‍ പുതിയ ചിത്രമായ ദി വാക്സിന് വാര് റിലീസിന് ശേഷം സംവിധായകന് വിവേക് അഗ്നിഹോത്രി തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.
പര്‍വ്വ: ധര്‍മ്മത്തിന്റെ ഇതിഹാസ കഥ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം, എസ്. എല്‍. ഭൈരപ്പയുടെ കന്നഡ നോവലിന്റെ ആവിഷ്കാരമാണ്. മഹാഭാരതത്തെ ആധാരമാക്കി മൂന്ന് ഭാഗങ്ങളുള്ള ചിത്രമായിരിക്കും ഇത്. എക് സ് അക്കൗണ്ടിലൂടെയാണ് വിവേക് അഗ്നിഹോത്രി ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
വിവേക് അഗ്നിഹോത്രിയുടെ ഭാര്യയും നടിയുമായ പല്ലവി ജോഷിയാണ് പര്‍വ്വയുടെ നിര്‍മ്മാണം. പ്രകാശ് ബെലവാടിയാണ് ചിത്രത്തിന്റെ രചന. എല്ലാ കഥകളുടെയും ഉറവിടം മഹാഭാരതമാണെന്ന് പറയപ്പെടുന്നു. അതൊരു പുരാവൃത്തമാണോ അതോ ഇന്ത്യയുടെ ചരിത്രമാണോ ? പതിനേഴ് വര്‍ഷത്തെ ഗവേഷണത്തിന് ശേഷം പത്മഭൂഷണ്‍ പുരസ്കാര ജേതാവായ എസ്.എല്‍.ഭൈരപ്പ പര്‍വ്വ എന്ന ആധുനിക ക്ലാസിക്ക് എഴുതി. അതിനെ ശ്രേഷ്ഠ കൃതി എന്ന് വിളിക്കുന്നു. ഇംഗ്ലീഷ്, റഷ്യന്‍, ചൈനീസ്, സംസ്കൃതം തുടങ്ങി നിരവധി ഭാഷകളിലേക്ക് പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ ഭാഷകളിലും നന്നായി വിറ്റു പോയി. കഥ സിനിമയാക്കാനുളള ഉത്തരവാദിത്തം അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കിയതില്‍ അഭിമാനവും സന്തോഷവുമുണ്ട്. പര്‍വ്വ: ധര്‍മ്മത്തിന്റെ ഒരു ഇതിഹാസ കഥ മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു- വിവേക് അഗ്നിഹോത്രി കുറിച്ചു.
ദി വാക്സിന് വാര് ആയിരുന്നു വിവേകിന്റെ അവസാന റിലീസ്. നാനാ പടേക്കര്‍, അനുപം ഖേര്‍, റൈമ സെന്‍, സപ്തമി ഗൗഡ, പല്ലവി ജോഷി എന്നിവര്‍ അഭിനയിച്ച ചിത്രത്തിന് ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.
വിവേക് അഗ്നിഹോത്രിക്ക് ദേശീയോദ്ഗ്രഥന വിഭാഗത്തിലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ് അടുത്തിടെ അദ്ദേഹത്തിന്റെ 2022 ലെ ചിത്രമായ ദി കാശ്മീര്‍ ഫയല്‍സിന് ലഭിച്ചിരുന്നു. ”ഈ അവാര്‍ഡ് ലോകത്തിലെ വംശഹത്യയ്ക്കും പീഡനത്തിനും ഇരയായ എല്ലാവര്‍ക്കുമായുള്ള ആദരാഞ്ജലിയാണ്. ലോകമെമ്പാടും നടക്കുന്ന യുദ്ധങ്ങളും ക്രൂരമായ കൊലപാതകങ്ങളും കണക്കിലെടുക്കുമ്പോള്‍ നാം ജീവിക്കുന്ന കാലഘട്ടത്തില്‍, മതഭീകരതയുടെ ഇരകളായ ലോകമെമ്പാടുമുള്ള എല്ലാവര്ക്കും, പ്രത്യേകിച്ച് കശ്മീരി പണ്ഡിറ്റ് സമൂഹത്തിന് ഇതൊരു സന്ദേശവും ആദരാഞ്ജലിയും ആണെന്ന് ഞാന്‍ കരുതുന്നു – വിവേക് അഗ്നിഹോത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: