ദല്‍ഹി: രാമലീലകളിലേക്ക് കുഞ്ഞുങ്ങളുമായി ആയിരക്കണക്കിന് അച്ഛനമ്മമാര്‍ എത്തുന്ന ഈ നാട്ടില്‍ സനാതനധര്‍മ്മത്തെ പിഴുതെറിയുമെന്ന് ചിലര്‍ സ്വപ്നം കാണുകയാണെന്ന് ബിജെപി ദല്‍ഹി ഘടകം സെക്രട്ടറി ബാംസുരി സ്വരാജ്. അച്ഛനമ്മമാര്‍ മക്കളെയും കൂട്ടി ഇത്തരം വേദികളിലെത്തുകയും സനാതനമൂല്യങ്ങള് പകരുകയും ചെയ്യുന്ന കാലത്തോളം അതൊരു വ്യാമോഹമാണ്. രാജ്യത്ത് പ്രതിപക്ഷ കക്ഷികള്‍ മറ്റാര്‍ക്കോ വേണ്ടി സംസാരിക്കുകയാണ്. എന്തായാലും അത് രാജ്യത്തിന് വേണ്ടിയല്ല, ബാംസുരി പറഞ്ഞു.
സനാതനധര്‍മ്മത്തെ വേരോടെ പിഴുതെറിയുന്നതിനെക്കുറിച്ച് പ്രതിപക്ഷം സംസാരിക്കുന്നു, അത് എന്തോ അസുഖം മൂലമാണ്, മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജ് തന്റെ എക്സ് പോസ്റ്റില്‍ കുറിച്ചു.
ദല്‍ഹിയിലെ എഎപി സര്‍ക്കാര്‍ കര്‍മ്മഫലമാണ് അനുഭവിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ബാംസുരി പറഞ്ഞു. മദ്യ അഴിമതിയില്‍ അവര്‍ പ്രതികളാകുന്നത് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന വാദം ശരിയല്ല. അവര്‍ തെറ്റ് ചെയ്യുന്നതുകൊണ്ടാണ് പ്രതികളാകുന്നതും ജയിലില്‍ പോകുന്നതും. ആ പാര്‍ട്ടിയില്‍ നേതാക്കള്‍ മുതല്‍ താഴെ വരെയുള്ളവര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്.
അഴിമതിയിലൂടെ നേടിയ പണം പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ മദ്യ കുംഭകോണക്കേസില്‍ പ്രതിയാക്കണോ വേണ്ടയോ എന്നത് അന്വേഷണ ഏജന്‍സിയുടെ ജോലിയാണ്. ബിജെപിക്ക് അതില്‍ ഒന്നും ചെയ്യാനില്ല, ബാംസുരി സ്വരാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: