തിരുവല്ല: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ പിബി അംഗവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്കിനെ ഇറക്കാന്‍ സിപിഎം നീക്കം. റാന്നി എംഎല്‍എ ആയിരുന്ന രാജു ഏബ്രഹാം അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ തഴഞ്ഞാണ് ഐസക്കിനെ കളത്തിലിറക്കാന്‍ സിപിഎം പദ്ധതി ഇട്ടിരിക്കുന്നത്. രാജു ഏബ്രഹാമിനെ പലതവണ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അണികളുടെ സ്വീകാര്യത തിരിച്ചടിയായിരുന്നു. ഒടുവില്‍ മണ്ഡലം തന്നെ കേരളാ കോണ്‍ഗ്രസിന് തീറെഴുതിയാണ് രാജു ഏബ്രഹാമിനെ നേതൃത്വം തന്ത്രപരമായി ഒഴിവാക്കിയത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ചര്‍ച്ചകളില്‍ തന്നെ രാജു ഏബ്രഹാം, കോന്നി എംഎല്‍എ യു. ജനീഷ് കുമാര്‍, കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാത എന്നിവരുടെ പേരുകള്‍ സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ ഐസക്കിനെ രംഗത്തിറക്കാനാണ് സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ നീക്കം. ആലപ്പുഴയില്‍ നിന്ന് ഐസക്കിനെ ഒഴിവാക്കണ്ടതും പത്തനംതിട്ടയില്‍ രാജു ഏബ്രഹാമിനെ വെട്ടിനിരത്തേണ്ടതും സിപിഎമ്മിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്.
പത്തനംതിട്ടയിലെ പ്രാദേശിക പരിപാടികളില്‍ അടക്കം തോമസ് ഐസക്ക് നിറഞ്ഞ് കഴിഞ്ഞു. ഐസക്കിന്റെ വരവില്‍ സിപിഎം ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് മുമ്പ് തന്നെ താഴേത്തട്ടില്‍ പ്രതിരോധം ശക്തമാക്കി അവസാന ഘട്ട നീക്കത്തിനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. മണ്ഡലത്തില്‍ തോമസ് ഐസക്ക് പങ്കെടുക്കുന്ന പരിപാടികളില്‍ ജനകീയ പങ്കാളിത്തം കുറയ്ക്കാനാണ് ശ്രമം. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കുടുംബശ്രീ യൂണിയന്റെ ബാനറില്‍ അടക്കം നടന്ന പരിപാടികളില്‍ നിന്ന് പ്രാദേശിക നേതാക്കള്‍ വിട്ടുനിന്നത് ഐസക്കിനോടുള്ള പ്രതിഷേധമാണെന്നാണ് അടക്കം പറച്ചില്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: