തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അപവാദമായ സംഭവം തന്നെയെന്നും വലിയ ക്രമക്കേടാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്. തൃശ്ശൂര്‍ വെച്ച് നടന്ന എല്‍ഡിഎഫ് സഹകരണ സംരക്ഷണ ജനകീയ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിജയരാഘവന്.
കുറ്റം ചെയ്തവര്‍ ജയിലില്‍ പോയി. കരുവന്നൂര്‍ ക്രമക്കേട് പാര്‍ട്ടി മൂടിവച്ചിട്ടില്ല. ചെറിയ ക്രമക്കേടുകള്‍ സംഭവിക്കാം. എന്നാല്‍ ക്രമക്കേട് കാണിച്ചവരുടെ കൂടെ നില്‍ക്കില്ല. കുറ്റം ചെയ്തവര്‍ക്ക് എതിരെ നടപടി എടുക്കും. കറുത്ത വറ്റ് വന്നാല്‍ അത് കരുതലോടെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ പിന്തുണയ്ക്കുന്ന തൃശ്ശൂരിലെ രാഷ്ട്രീയക്കാരുടെ ഉദ്ദേശം ആളുകളെ രക്ഷിക്കാനല്ല. മറിച്ച് രാഷ്ട്രീയ താല്പര്യമാണ്. കരുവന്നൂരിന് എന്തിനാണ് ഇത്ര മാധ്യമ പ്രാധാന്യം നല്‍കുന്നതെന്നും വിജയരാഘവന് ചോദിച്ചു.
പ്രസംഗത്തില്‍ തൃശ്ശൂരില്‍ പദയാത്ര നടത്തിയ സുരേഷ് ഗോപിയെ പരിഹസിക്കുകയും ചെയ്തു. താന്‍ മുന്‍പ് കണ്ടത് സിനിമയില്‍ വാഹനങ്ങളെ മറിച്ച നടനെയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കണ്ടത് കിതച്ച് ലോറിയുടെ പുറകില്‍ പിടിച്ച് ജാഥ നടത്തുന്നയാളെയാണ്. അതും ഒരു സമര രീതിയാണെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.
അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് ബിനാമി വായ്പകള്‍ അനുവദിച്ചത് സിപിഎമ്മിലെ ഉന്നത നേതാക്കളുടെ നിര്‍ദേശപ്രകാരമെന്ന് ഇഡി ഇന്ന് വെളിപ്പെടുത്തി. ബാങ്ക് മുന്‍ സെക്രട്ടറി ബിജു കരീം, സെക്രട്ടറി സുനില്‍കുമാര്‍ എന്നിവരാണ് ഇതുസംബന്ധിച്ച് ഇഡിക്ക് മൊഴി നല്‍കിയത്.
വായ്പകള്‍ അനുവദിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതും സിപിഎം പാര്‍ലമെന്ററി സമിതിയുടെ നേതൃത്വത്തിലാണ്. ലോണ്‍ ആര്‍ക്കൊക്കെ നല്കി എന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രത്യേക മിനുട്സായി പാര്‍ലമെന്ററി സബ്കമ്മിറ്റികള്‍ സൂക്ഷിച്ചിരുന്നെന്നും ഇവരുടെ മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സിപിഎമ്മിലെ ഉന്നതരുടെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ ബിനാമി വായ്പകള്‍ നല്‍കിയതെന്ന് കണ്ടെത്തിയതായും വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം നീളുമെന്നും ഇഡി അറിയിച്ചു.
സ്വത്ത് കണ്ടുകെട്ടിയതിയത് സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇഡി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: