റായ്പൂര്‍: ഛത്തീസ്ഗഡിലെ ബസ്തറിലെ നക്സല്‍ ബാധിത മേഖലകളിലെ 120ലധികം ഉള്‍നാടന്‍ ഗ്രാമങ്ങളിലുള്ളവര്‍ക്ക് അവരുടെ സ്ഥലങ്ങളില്‍ വോട്ട് ചെയ്യാന്‍ അവസരം. മുന്‍പ് ഈ ഗ്രാമങ്ങളിലെ ഭൂരിഭാഗം വോട്ടര്‍മാര്‍ക്കും എട്ട് മുതല്‍ 10 കിലോമീറ്റര്‍ വരെ കാല്‍നടയായി അരുവികളും മലകളുംതാണ്ടി വേണമായിരുന്നു വോട്ട് ചെയ്യാന്‍. അതുകൊണ്ടുതന്നെ ബുള്ളറ്റിന് മേല്‍ ബാലറ്റ് നേടിയ വിജയം എന്നാണ് അധികൃതര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
ഒരുകാലത്ത് നക്സല്‍ കോട്ടകളായി കണക്കാക്കപ്പെട്ടിരുന്ന ബസ്തറിലെ ഉള്‍പ്രദേശങ്ങളില്‍ സുരക്ഷാ സാഹചര്യം മെച്ചപ്പെടുന്നതിന്റെയും ജനാധിപത്യ സംവിധാനം ശക്തിപ്പെടുന്നതിന്റെയും സൂചനയാണിതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ബസ്തര്‍ മേഖലയില്‍ 126 ലധികം പോളിങ് സ്റ്റേഷനുകളാണ് പുതിയതായി സ്ഥാപിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മുന്‍കാല നക്സല്‍ ശക്തികേന്ദ്രങ്ങളായ ഉള്‍പ്രദേശങ്ങളിലാണ്. അഞ്ച് വര്‍ഷത്തിനിടെ കേന്ദ്ര സായുധ പോലീസ് സേനയുടേതുള്‍പ്പെടെ 65 സുരക്ഷാ ക്യാമ്പുകളാണ് പ്രദേശത്ത് സ്ഥാപിച്ചത്. അതുകൊണ്ടുതന്നെ പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ക്ക് മാറ്റമുണ്ടായി. ദുഷ്കരമായ ഭൂപ്രകൃതിയും മാവോയിസ്റ്റ് ഭീഷണിയും കാരണം മുന്‍കാലങ്ങളില്‍ ഇവിടങ്ങളില്‍ പോളിങ് ബൂത്തുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഐജി സുന്ദര്‍ രാജ് പറഞ്ഞു.
മുമ്പ് എട്ട് കിലോമീററര്‍ നടന്ന് ചിന്ദ്ഗുര് ഗ്രാമത്തിലെത്തിവേണമായിരുന്നു വോട്ട് ചെയ്യാന്‍ എന്നാല്‍ ഇപ്പോള്‍ സ്വന്തം നാട്ടില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്, ഗ്രാമത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോട്ട്ചെയ്യും, ചന്ദര്മേത ഗ്രാമത്തിലെ വനവാസി സ്ത്രീ പാലോ മര്‍കം പറഞ്ഞു. ജഗല്‍പൂര്‍ മണ്ഡലത്തില്‍ ആദ്യമായി പോളിങ് സ്റ്റേഷന് സ്ഥാപിച്ച നാല് ഗ്രാമങ്ങളില്‍ ഒന്നാണ് ചന്ദര്മേത. മാവോയിസ്റ്റ് സ്വാധീനമുള്ള ബസ്തര്‍ ഡിവിഷനിലെ 12 മണ്ഡലങ്ങളിലും മൊഹ്ല, മാന്‍പൂര്‍, അംബാഗര്‍ ചൗക്കി, രാജ്നന്ദ്ഗാവ്, ഖൈര്‍ഗഡ്, ചുയിഖാദന്‍, ഗണ്ഡായി, കബീര്‍ധാം ജില്ലകളിലെ എട്ട് മണ്ഡലങ്ങളിലുമാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: