കൊല്‍ക്കത്ത: ബംഗാളിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനാധിപത്യത്തെ കാറ്റില്‍ പറത്തിയെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജയിച്ച സ്ഥാനാര്‍ത്ഥിയെ ഫലം പ്രഖ്യാപിച്ച ശേഷം ചട്ടവിരുദ്ധമായി വീണ്ടും വോട്ടെണ്ണി തോല്പിച്ചുവെന്ന ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഹൈക്കോടതി ആഞ്ഞടിച്ചത്.
തിജേന്ദ്രനാഥ് മഹാതോയാണ് ഹര്ജിക്കാരന്. ഇദ്ദേഹം സ്വന്തം വാര്‍ഡില്‍ ആറ് വോട്ടിന് വിജയിച്ചതായി ആദ്യം പ്രഖ്യാപിച്ചു. വിജയാഘോഷവുമായി അണികളുമായി മടങ്ങിയതിന് ശേഷം മഹാതോയുടെ അസാന്നിധ്യത്തില്‍ വീണ്ടും വോട്ടെണ്ണി തൃണമൂല്‍ കോണ്‍ഗ്രസുകാരനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അമൃത സിന്‍ഹ ചൂണ്ടിക്കാട്ടി.
ആദ്യം തോറ്റ തൃണമൂലുകാരന്‍ വീണ്ടും വോട്ടെണ്ണിയപ്പോള്‍ 105 വോട്ടിനാണ് ജയിച്ചത്. ഈ റീകൗണ്ടിങ് രീതി കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഭരണകക്ഷിയുടെ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും അമൃത സിന്‍ഹ പറഞ്ഞു.
ഇത്തരം നടപടികള്‍ അനുവദിച്ചാല്‍ ജനാധിപത്യം അപകടത്തിലാകും. വോട്ടര്‍മാരുടെ ഈ സംവിധാനത്തിലുള്ള വിശ്വാസം ഇല്ലാതാകും. പ്രാരംഭ വോട്ടെണ്ണലിന്റെ ഫലം അന്തിമ ഫലപ്രഖ്യാപനമായി കണക്കാക്കണം, ബെഞ്ച് പറഞ്ഞു.
പ്രാഥമിക വോട്ടെടുപ്പില്‍, ബാലറ്റ് പേപ്പറില്‍ പ്രിസൈഡിങ് ഓഫീസറുടെ ഒപ്പ് ഇല്ലാത്തതിനാല്‍ 127 വോട്ടുകളെങ്കിലും അസാധുവായി അധികാരികള്‍ പ്രഖ്യാപിച്ചു. രണ്ടാം റൗണ്ട് വോട്ടെണ്ണലില്‍ 192 വോട്ടുകള്‍ അസാധുവായി. ഇത് വിചിത്രമാണ്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഹര്‍ജിക്കാരനും പോളിംഗ് ഏജന്റുമാരും ഇല്ലാതിരുന്ന സമയത്താണ് ഇതെല്ലാം ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഹര്‍ജിക്കാരനെ വിജയിയായി പ്രഖ്യാപിക്കണമെന്ന് അധികാരികളോട് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: