ന്യൂദല്‍ഹി: ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ദല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം സുരക്ഷ വര്‍ധിപ്പിച്ചു. ഹമാസ് അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദേശം. ഇസ്രയേൽ എംബസിക്കും ജൂത ആരാധനാലയങ്ങൾക്കും സുരക്ഷ വർധിപ്പിച്ചു.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് മുന്‍കരുതലുകള്‍ സ്വീകരിച്ചതെന്ന് ദല്‍ഹി പോലീസ് അറിയിച്ചു. യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മനി എന്നിവയുള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ ഇത്തരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഭാരതത്തിന്റെ നടപടി. ജൂത വിഭാഗക്കാർ താമസിക്കുന്ന സ്ഥലങ്ങൾക്ക് സുരക്ഷ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിൽ കൊച്ചിയിലെ പരദേശി സെനഗോഗിനും ( ജൂതപ്പള്ളി ) കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. ജൂതപ്പള്ളിക്ക് സമീപത്തുള്ള മൈതാനം, വഴിയോരങ്ങള്‍, കച്ചവടകേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ നീരീക്ഷണ വലയത്തിലാണ്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഏറെ പഴക്കമാര്‍ന്ന ജൂത ദേവാലയങ്ങളിലൊന്നാണ് കൊച്ചി പരദേശിസേനഗോഗ്. ദേശീയ സംരക്ഷിത സ്മാരകമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊച്ചി ജൂതപള്ളി ഏറെ സവിശേഷതയാര്‍ന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: