‘മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചുപോന്ന വിഷയങ്ങള്‍ രാജ്യശ്രദ്ധയിലേക്കു കൊണ്ടുവരുന്ന ബദല്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘ന്യൂസ് ക്ലിക്കി’നു നേരെയുള്ള പൊലീസ് നടപടി എന്ന വിമര്‍ശനം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്.
ന്യൂസ് ക്ലിക്കിനെതിരായ ദല്‍ഹി പൊലീസിന്റെ നടപടി പുനഃപരിശോധിക്കണം. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതു ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങള്‍ക്കു നിര്‍ഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാര്‍ത്താശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അത് ഉറപ്പു വരുത്താനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്.’
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് എത്ര ആര്‍ജവവും അന്തസ്സുമുള്ളതാണ്. എത്രപുകഴ്‌ത്തിയാലും അത് അധികമാകില്ലേ. മുഖ്യധാരാമാധ്യമങ്ങള്‍ അവഗണിക്കുന്ന വിഷയങ്ങളങ്ങനെ ആരും കണ്ടില്ലെന്ന് നടിക്കരുതല്ലൊ. ഇവിടെ ഏത് വിഷയം ഏത് മാധ്യമം അവഗണിച്ചു? ന്യൂസ് ക്ലിക്കിനെക്കുറിച്ചാണല്ലൊ പറയുന്നത്. അവര്‍ ചെയ്യുന്നതെന്താണ്? അഞ്ചാം പത്തി പണിയല്ലെ. അഞ്ചാംപത്തിപ്പണി മുഖ്യധാരാപത്രങ്ങളും ഏറ്റെടുക്കണമെന്നാണോ?
ഇന്ത്യയില്‍ ചൈനീസ് അനുകൂല വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് ന്യൂസ് ക്ലിക്കിനെതിരെ നടപടി. ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പുര്‍കയസ്ഥ, സ്ഥാപനത്തിലെ നിക്ഷേപകനും എച്ച്ആര്‍ മേധാവിയുമായ അമിത് ചക്രവര്‍ത്തി എന്നിവരാണ് ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇരുവരെയും കഴിഞ്ഞ ദിവസം ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ന്യൂസ് ക്ലിക്ക് ഓഫീസിലും ഇവരുമായി സഹകരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെയുള്‍പ്പെടെ വസതികളിലും നടത്തിയ റെയ്ഡിനു പിന്നാലെയായിരുന്നു അറസ്റ്റ്.
കഴിഞ്ഞദിവസം 46 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തു. ന്യൂസ് ക്ലിക്ക് ഓഫിസ് സീല്‍ ചെയ്തു. മാധ്യമപ്രവര്‍ത്തകരായ ഉര്‍മിലേഷ്, പരഞ്‌ജോയ് ഗുഹ താക്കുര്‍ത്ത, അബിസാര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി, ചരിത്രകാരനും എഴുത്തുകാരനുമായ സൊഹൈല്‍ ഹാഷ്മി തുടങ്ങിയവരെ ലോധി റോഡിലെ പൊലീസ് സ്‌പെഷല്‍ സെല്‍ ഓഫിസില്‍ ചോദ്യംചെയ്ത ശേഷം വിട്ടയച്ചിരുന്നു.
ചൈനീസ് സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്‍ റോയ് സിംഘം ന്യൂസ് ക്ലിക്കിനു പണം നല്‍കിയെന്ന ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയ്‌ക്കു പിന്നാലെ ഓഗസ്റ്റ് 17നു യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ദല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണു പരിശോധന നടത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 2021 സെപ്തംബറില്‍ ദല്‍ഹിയിലെ ന്യൂസ് ക്ലിക്ക് ഓഫിസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ് ചെയ്തിരുന്നു. ചൈനീസ് അനുകൂല വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ചൈന ഇന്ത്യന്‍ മണ്ണ് കയ്യേറി എന്ന് നേരം കിട്ടുമ്പോഴെല്ലാം വിളിച്ചുകൂവുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഇക്കാര്യത്തില്‍ മൗനത്തിലാണ്. കണ്ണില്‍ കുത്തിയാലും കണ്ടഭാവം നടിക്കില്ല. ഒരുവാക്ക് മിണ്ടുകയുമില്ല. കാരണം നരേന്ദ്രമോദിയെ അടിക്കാന്‍ കിട്ടിയ വടിയല്ലെ എന്ന ചിന്തക്കാണ് മേല്‍ക്കൈ. അതിനേക്കാള്‍ കെങ്കേമം തന്നെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇവിടെ കുറെ മനുഷ്യാത്മാക്കളുണ്ട്. മാധ്യമപ്രവര്‍ത്തനം നടത്തുന്നവരാണ്. അവര്‍ എപ്പോഴെങ്കിലും സര്‍ക്കാരിന് ഹിതകരമല്ലാത്ത വാര്‍ത്ത കൊടുത്താല്‍ പിന്നെ അവരായി ടാര്‍ജറ്റ്. ആദ്യം സഖാക്കളുടെ വക. അത് കഴിഞ്ഞാണ് ബാക്കിയെല്ലാം. ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടത്തിയ കോലാഹങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ന്യൂസ് അവറില്‍ വിനു വി. ജോണിന്റെ വായില്‍ നിന്നും ഒരു വാക്ക് വീണപ്പോള്‍ തുടങ്ങി കോലാഹലം. ഏഷ്യാനെറ്റ് ഓഫീസിന് മുന്നില്‍ പ്രകടനം. വിനു വി. ജോണിന്റെ വീടിന് ചുറ്റും പോസ്റ്റര്‍ പ്രചരണം.
ഏഷ്യാനെറ്റിന്റെ തന്നെ എറണാകുളത്തെ ലേഖിക അഖിലാനന്ദകുമാറിനെതിരെ കേസെടുത്തു. ഒരു വാര്‍ത്തചെയ്തതിനായിരുന്നു. അഖില കോളജ് പ്രിന്‍സിപ്പളിന്റെ മുറിയിലേക്ക് കയറിയതും ലൈവായി വാര്‍ത്ത നല്‍കിയതുമെല്ലാം കൊലച്ചതി എന്ന മട്ടിലാണ് കണ്ടത്. അവര്‍ക്കെതിരെ കേസെടുത്തതില്‍ ഒരു തെറ്റുമില്ലെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ പരസ്യമായി പറഞ്ഞതാണ്. ഒടുവിലെന്തായി? കേസ് നിരുപാധികം ഇല്ലാതായി. ഞങ്ങള്‍ക്ക് തോന്നുമ്പോള്‍ തോന്നിയതുപോലെ കേസെടുക്കും, വിടും, എന്നപോലെ.
അതിനേക്കാള്‍ വിചിത്രമല്ലെ മറുനാടന്‍ മലയാളിക്കെതിരായ നടപടി. കേരളത്തില്‍ മുമ്പൊരുകാലത്തും നടക്കാത്തവിധം. അടിയന്തിരാവസ്ഥയില്‍പ്പോലും കണ്ടിട്ടില്ല. അമ്മാതിരി ഏര്‍പ്പടല്ലെ അത്. സാജന്‍ സ്‌കറിയയെ അറസ്റ്റുചെയ്തു.
സഹായിക്കുന്നവരെയെല്ലാം ചോദ്യം ചെയ്തു. അതുമാത്രമോ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ ഒന്നടങ്കം എടുത്തുകൊണ്ടുപോയി. അത് ഇനിയും വിട്ടുകൊടുത്തിട്ടില്ല. സാജന്‍ സ്‌കറിയ ഒരു രാജ്യദ്രോഹപ്രവര്‍ത്തനവും നടത്തിയില്ല. വിദേശത്തുനിന്നും കാശടിച്ചുമാറ്റി ആരെയും ഒറ്റിയിട്ടുമില്ല. എന്നിട്ടും ഇങ്ങിനെയൊക്കെ ചെയ്യുന്നത് ഫാസിസ്റ്റു നടപടി എന്നുപറഞ്ഞുകൂടാമോ എന്തോ?
‘ഇന്ത്യാ ചീനാ ഭായി ഭായി’ എന്ന മുദ്രാവാക്യം കേട്ട് രാജ്യം കോള്‍മയിര്‍ കൊള്ളുമ്പോഴാണല്ലോ ചൈനീസ് പട്ടാളം അതൃത്തി ലംഘിച്ച് കടന്നുകയറിയത്. ഓര്‍ക്കാപ്പുറത്തുണ്ടായ യുദ്ധത്തില്‍ ഇന്ത്യ അമ്പരന്നു. പട്ടാളക്കാര്‍ക്ക് ഭക്ഷണമില്ല. ഭക്ഷണമെത്തിക്കാന്‍, ട്രാഫിക് നിയന്ത്രിക്കാന്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിയോഗിക്കപ്പെട്ടു. അതില്‍ സന്തുഷ്ടനായ നെഹ്‌റു 1963 ലെ റിപ്പബ്ലിക് ദിന പരേഡില്‍ യൂണിഫോം അണിഞ്ഞ് പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചു. അതുപറയുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമല്ല, കോണ്‍ഗ്രസുകാര്‍ക്കും ഞരമ്പ് വരിഞ്ഞുമുറുകും. പറഞ്ഞിട്ടെന്തുകാര്യം. സംഭവിച്ചുപോയില്ലെ. അന്ന് കമ്മ്യൂണിസ്റ്റുകാരുടെ പണി അഞ്ചാംപത്തിപ്പണിയായിരുന്നു. നമ്പൂതിരിപ്പാട് തന്നെ പറഞ്ഞത് അതിന് തെളിവാണല്ലൊ. ‘ഇന്ത്യയുടെതെന്നും ചൈനയുടെതെന്നും പറയുന്ന ഭൂമി’. ഇന്ത്യയുടെ ഭൂമി ചൈന കയ്യേറി എന്ന് പറയാന്‍ പോലും മനസ്സ് വന്നില്ല.
ഇന്നിപ്പോള്‍ രാജ്യദ്രോഹം നേരിട്ട് ബോധ്യപ്പെട്ടപ്പോഴാണ് നടപടി. പണം വാങ്ങി ഒറ്റുപണി ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. അത് രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ ചെയ്താലും മാധ്യമ പ്രവര്‍ത്തകര്‍ ചെയ്താലും തെറ്റുതന്നെയാണ്. അത് ബുദ്ധിജീവികള്‍ ചെയ്താലും ബുദ്ധിശൂന്യര്‍ ചെയ്താലും മാര്‍ക്‌സിസ്റ്റുകാര്‍ ചെയ്താലും കുറ്റം തന്നെയാണ്. അങ്ങിനെയുള്ള കുറ്റങ്ങളെ നീതിന്യായ വ്യവസ്ഥകള്‍ പരിപാലിക്കാനാഗ്രഹിക്കുന്ന ഒരു സര്‍ക്കാരിനും സഹിക്കാനോ താങ്ങാനോ സാധ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: