കോഴിക്കോട്: ലോകസമാധാനമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്ന സമൂഹത്തിന്റെ നിര്‍മ്മണമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് സര് സംഘചാലക് ഡോ.മോഹന്‍ ഭാഗവത് വിശദീകരിച്ചു. കേസരി വാരികയുടെ അമൃതശതം പ്രഭാഷണ പരമ്പരയില്‍ ‘ആര്‍എസ്എസ്സിന്റെ സംഘടനാ രീതിശാസ്ത്രം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രത്തിന്റെ പൂര്‍ണതയ്ക്ക് കലയും വേണം. എല്ലാ കലയയ്ക്കും ശാസ്ത്രം വേണം. അവ എല്ലാവര്ക്കും നേട്ടമുണ്ടാക്കണം, അപ്പോഴാണ് സത്യം, ശിവം, സുന്ദരമാകുന്നത്. പ്രസംഗിക്കുന്നത് പ്രവര്‍ത്തിച്ച് ഉദാഹരണമായി മാറി, മറ്റുള്ളവരെ സ്വാധീനിക്കുകയല്ലാതെ നയവും നിയമവും ഭരണവും നേതാവും കൊണ്ട് രാഷ്ട്രക്ഷേമം നടപ്പാക്കാനാകില്ല. അതിന് വ്യക്തി നിര്‍മ്മാണമാണ് വേണ്ടത്. ആര്‍എസ്എസ് ചെയ്യുന്നത് അതുമാത്രമാണെന്നും അദ്ദേഹം തുടര്‍ന്നു.
ലോകരാജ്യങ്ങള്‍ക്ക് ധര്‍മ്മ,അര്‍ത്ഥ,കാമ,മോക്ഷങ്ങള്‍ തമ്മില്‍ ബന്ധിതമാണെന്ന ധാരണപോലുമില്ല. എന്നാല്‍ 4000 വര്‍ഷത്തിലേറെ മുമ്പുള്ള ഡിഎന്‍എയില്‍ ഭാരത സംസ്കൃതിക്ക് അതുണ്ടായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതാണ് ഇന്നത്തെ ലോകത്തിന് വേണ്ടത്. വൈവിദ്ധ്യങ്ങള്‍ക്കെല്ലാം ഉപരിയായി നമ്മള്‍ക്ക് അനാദിയായ ആ സംസ്കൃതിയുണ്ട്. അതാണ് ഇന്നത്തെ കാലത്ത് ഹിന്ദുത്വം എന്ന് പറയുന്നത്. ആര്‍എസ്എസ് ഹിന്ദുക്കളെ മാത്രം സംഘടിപ്പിക്കാന്‍ കാരണം ഭാരതത്തിലുള്ളവരെല്ലാം ആ തരത്തില്‍ ഹിന്ദുക്കളായതിനാലാണ്.
ജി 20 യില്‍ ‘വസുധൈവ കുടുംബകം’ എന്ന് കേട്ടപ്പോള്‍ ആഗോള മാര്‍ക്കറ്റ് എന്നല്ലാതെ ആഗോള കുടുംബം എന്ന് കേട്ടിട്ടില്ലാത്ത വിദേശ രാജ്യങ്ങള്‍ ആവേശത്തോടെയാണ് ഉള്‍ക്കൊണ്ടത്. അത് ലോകത്തിന് നല്കാന് നാം നിലനില്‍ക്കണം. അതാണ് ഹിന്ദുത്വത്തിന്റെ ദൗത്യം. ഇതിന് വ്യക്തിനിര്‍മ്മാണമല്ലാതെ മറ്റുമാര്‍ഗ്ഗമില്ല.
ഐക്യവും ഗുണവുമുള്ള രാജ്യത്തിനേ ക്ഷേമമുണ്ടാകൂ. അതിന് ഓരോരുത്തര്‍ക്കും ആ വ്യക്തിഗുണമുണ്ടാകണം. സാധാരണക്കാരെ ഇതിന് സജ്ജമാക്കാന്‍ ആദര്‍ശം മാത്രം പോരാ. അതുള്‍ക്കൊണ്ടവരുടെ ആള്‍രൂപം ഉദാഹരണമായി വേണം. അപ്പോള്‍ അവര്‍ ആ കൈപിടിച്ച് ഒപ്പം ചേരും. നല്ലതുചെയ്യുകയായിരിക്കണം അതിന്റെ ലക്ഷ്യം. അത് ആര്‍ക്കും പ്രചോദനം നല്‍കും.
സ്വാര്‍ത്ഥതയില്ലാത്ത, സ്വയം നന്മപ്രവര്‍ത്തിക്കുന്നവരെ സൃഷ്ടിക്കണം. ആദ്യ സര് സംഘചാലകിന് ആകെ ഉണ്ടായിരുന്ന സ്വത്ത് കുറേ കത്തുകളും ഒരു കോട്ടും ഒരു ജോഡി ചെരുപ്പും ഊന്നുവടിയും മാത്രമായിരുന്നു. അദ്ദേഹം ഒന്നിനും വേണ്ടിയായിരുന്നില്ല പ്രവര്‍ത്തിച്ചത്. സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടിയാണ് എല്ലാം ചെയ്തത്. അങ്ങനെയുള്ള വ്യക്തിനിര്‍മ്മാണം മാത്രമാണ് സംഘം നടത്തുന്നത്. ഒന്നിന്റെയും തലപ്പത്തില്ല, ഒന്നും നിയന്ത്രിക്കുന്നില്ല.
നല്ല വ്യക്തിത്വത്തിന് പരിശീലിപ്പിക്കുന്നു. അവര്‍ നന്മ ചെയ്യുന്നു, രാഷ്ട്രത്തിനും മാനവികതയ്ക്കും ഗുണമാകുന്നു. സംഘടന ആരു നയിച്ചാലും തുടരും. സംഘടന സംഘടനയ്ക്കുവേണ്ടിയാകരുത്, നല്ല ലോകത്തിന് വേണ്ടിയാകണം. ‘രാഷ്ട്രഭക്തിയുടെ പേരാണ് ആര്‍എസ്എസ്’ എന്ന മുദ്രാവാക്യം കേട്ട് സര് സംഘചാലകായിരിക്കെ രജ്ജുഭയ്യ അത് വിലക്കി. രാഷ്ട്രഭക്തി സകലരുടേതുമാണെന്നായിരുന്നു വിശദീകരണം.
സംഘടനയിലെത്തി, പ്രവര്‍ത്തകരുടെ രീതിയും സ്വഭാവവും അറിഞ്ഞ് സംഘടനയില്‍ ചേര്‍ന്നാണ് ആദര്‍ശവും മറ്റും മനസ്സിലാക്കുന്നത്. അങ്ങനെ കേള്‍ക്കുന്ന ഓരോ വാക്കിലും മറ്റു പ്രവര്‍ത്തകര്‍ ഉദാഹരണമായി വരും. അതാണ് മനസ്സിന്റെ രീതി. ഉദാഹരണമായി മാറാന്‍ ഓരോരുത്തര്‍ക്കും കഴിയണം.
അതിന് സ്നേഹമാണ്, സമ്മര്‍ദ്ദമല്ല സംഘത്തിന്റെ രീതി. ധാരാളം നക്ഷത്രങ്ങള്‍ രാത്രിയില്‍കാണാം. പക്ഷേ പകല്‍ കാണുന്ന ഒരേയൊരു സൂര്യന് നല്കുന്ന പ്രകാശം അതിനില്ല. കാരണം, സൂര്യന് ഭൂമിയോട് അത്ര അടുത്താണ്. അങ്ങനെ ഒരോ പ്രവര്‍ത്തകരോടും അടുത്തുനില്ക്കണം. അതാണ് സംഘത്തിലെ സ്നേഹം. ഒപ്പമുള്ളവര്‍ക്ക് ഉയിര്‍കൊടുക്കാനും തയാറാകണം, പക്ഷേ, ലക്ഷ്യം സമൂഹരാഷ്ട്ര താല്പര്യമാകണം. ഒപ്പമുള്ളവരുടെ ഗുണം പോഷിപ്പിക്കണം, പോരായ്മ അറിഞ്ഞ് അവരറിയാതെ പരിഹരിക്കണം.
ഈ പ്രവര്‍ത്തനത്തിന്റെ വേഗം നിയന്ത്രിക്കണം. അതും കലയാണ്. സംഘപ്രവര്‍ത്തകള്‍ എക്കാലത്തും സ്വയംസേവകരാണ്. ചുമതലകള്‍ വന്നുംപോയുമിരിക്കും, അതാണ് സംഘത്തിലെ രീതി. ഇത് ശാസ്ത്രീയമാണോ എന്നറിയില്ല. പക്ഷേ അതാണ് സംഘത്തില്‍ സംഭവിക്കുന്നത്.
സംഘപ്രവര്‍ത്തകര്‍ പ്രതിവര്‍ഷം സമര്‍പ്പിക്കുന്ന ഗുരുദക്ഷിണയിലൂടെയാണ് സംഘടനാ പ്രവര്‍ത്തനത്തിന്റെ ചെലവ്. ആരോടും അതിനായി പണം വാങ്ങുന്നില്ല, ആവശ്യം വരുമ്പോള്‍ സമൂഹം സഹായിക്കുന്നു. സംഘം സകലതിലും അഭിപ്രായം പറയാറില്ല. വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും മാനവികതയ്ക്കും നേട്ടമുണ്ടാകുന്ന വിഷയങ്ങളില്‍ പറയും.
സംഘത്തില്‍ പ്രവര്‍ത്തകര്‍ക്ക് അവകാശവാദങ്ങള്‍ക്ക് ഇടമില്ല. നേട്ടത്തിന് അവകാശികള്‍ ഉള്ള രാഷ്ട്രീയം പോലെയല്ല സംഘത്തില്‍. മൂന്നുവര്‍ഷത്തിനിടെ സര് സംഘചാലക് പദവിയൊഴികെ സംഘടനയില്‍ തെരഞ്ഞെടുപ്പുണ്ട്, പക്ഷേ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകാറില്ല. അതാണ് പ്രവര്‍ത്തകരുടെ ശീലം. സമ്പര്‍ക്കം, പ്രവൃത്തിയിലൂടെ പരിശീലനം, സ്വയം പ്രവര്‍ത്തന സംസ്കാരം പഠിപ്പിക്കല്‍, അതാണ് സംഘം ചെയ്യുന്നത്, സര് സംഘചാലക് പറഞ്ഞു.
ഡോ.ജോണ്‍ ജോസഫ് ഐആര്‍എസ് (റിട്ട) അധ്യക്ഷനായി. അമൃതശതം നിര്‍വാഹക സമിതി അധ്യക്ഷന്‍ പി.എന്‍. ദേവദാസ് ഐആര്‍എസ് (റിട്ട) പങ്കെടുത്തു. കേസരി ട്രസ്റ്റ് ചെയര്മാന് അഡ്വ.പി.കെ. ശ്രീകുമാര്‍ കേസരിയുടെ ഉപഹാരം സര് സംഘചാലകന് നല്കി. കേസരി പ്രചാരമാസത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡോ. ജോണ്‍ ജോസഫിന് രശീതി നല്കി ഡോ.മോഹന്‍ഭാഗവത് നിര്‍വ്വഹിച്ചു. കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്. മധു സ്വാഗതവും അഡ്വ.പി.കെ. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: