കൊച്ചി: സംസ്ഥാനത്തെ വാഹന റജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് (ആര്‍സി) രാജ്യാന്തര സുരക്ഷാ നിലവാരത്തിലേക്ക്. ലൈസന്‍സ് മാതൃകയില്‍, പിവിസിയിലുണ്ടാക്കിയ പെറ്റ്ജി കാര്‍ഡ് രൂപത്തിലാണ് ഇനി ആര്‍സി ബുക്കുകള്‍ ലഭിക്കുക. സപ്തം. 29 മുതല്‍ അപേക്ഷിച്ചവര്‍ക്ക് പുതുരൂപത്തിലുള്ള കാര്‍ഡ് കിട്ടും.
സംസ്ഥാനമാകെയുള്ള കാര്‍ഡുകള്‍ കൊച്ചി തേവരയിലാണ് പ്രിന്റ് ചെയ്യുന്നത്. ഒരു ദിവസം 25,000 കാര്‍ഡ് വരെ ഇഷ്യു ചെയ്യാന്‍ സൗകര്യം ഇവിടെയുണ്ട്.
പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കു പുറമേ നിലവിലെ വാഹനങ്ങളുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശം മാറ്റല്‍, വിലാസം മാറ്റല്‍, രജിസ്ട്രേഷന് പുതുക്കല്‍, വായ്പ രേഖപ്പെടുത്തിയിരിക്കുന്നത് നീക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് അപേക്ഷിച്ചാലും പുതുരൂപത്തിലുള്ള ആര്സിയാകും ഇനി ലഭിക്കുക.
പുതിയ മാതൃകയിലുള്ള ആര്‍സിക്കായി 200 രൂപ അധികം നല്‍കണം. വ്യാജ ആര്സിയുണ്ടാക്കാനുള്ള സാധ്യത തീരെ ഇല്ലാതാക്കിയാണ് പുതിയ കാര്‍ഡ് വരുന്നതെന്ന് സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഷാജി മാധവന് ജന്മഭൂമിയോടു പറഞ്ഞു.
പെറ്റ്ജി കാര്‍ഡിലെ സുരക്ഷാ
സവിശേഷതകള്‍
# സീരിയല്‍ നമ്പര്‍
# അള്‍ട്രാവയലറ്റ് എംബ്ലം
# അനുകരിക്കാനാകാത്ത ഗിവോഷേ പാറ്റേണ്‍
# പകര്‍ത്താനാകാത്ത ചെറിയ അക്ഷരങ്ങള്‍
# ഹോട്ട് സ്റ്റാമ്പ് ചെയ്ത ഹോളോഗ്രാം
# ക്യുആര്‍ കോഡ്
# പ്രകാശ തീവ്രതയ്ക്കനുസരിച്ചു നിറം മാറുന്ന മഷി
ദോഷം
തപാല്‍ വഴി അയയ്ക്കുന്ന ആര്‍സി, വിലാസത്തിലെ പിശകുമൂലമോ കൈപ്പറ്റാനാളില്ലാതെയോ മടങ്ങിയാല്‍ ആര്‍സി ഉടമ തിരിച്ചറിയല്‍ കാര്‍ഡുമായി തേവരയിലെത്തി നേരിട്ടു കൈപ്പറ്റേണ്ടി വരും. മുമ്പ് തൊട്ടടുത്ത ആര്‍ടി ഓഫിസില്‍ നിന്ന് ഇവ കിട്ടുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: