തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ ചെലവ് ചുരുക്കി സാമ്പത്തിക കാര്യങ്ങള്‍ നേരെയാക്കുക എന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തിന് അനുസരിച്ചല്ല കേരളത്തിന്റെ സാമ്പത്തിക വിനിയോഗമെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ആശങ്കാജനകമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിന്റെ പൊതുകടം അപകടകരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. 2021-22ലെ കൊവിഡ് ഘട്ടം ഒഴിവാക്കി നിര്‍ത്തിയാല്‍ കേരളത്തിന്റെ പൊതുകടം മിക്കവാറും 25 ശതമാനമെന്ന സമ്മര്‍ദ പരിധിക്ക് മുകളിലാണെന്ന് എടുത്തുപറയുന്നു. 2000- 01 മുതല്‍ 2021-22 വരെ പൊതുകടത്തില്‍ തുടര്‍ച്ചയായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2000- 01ല്‍ 25,721 കോടി രൂപയായിരുന്ന പൊതുകടം ഇപ്പോള്‍ 357,391 കോടി രൂപയായി ഉയര്‍ന്നു. ഈ ഘട്ടത്തില്‍ പൊതുകടം ജിഎസ്ഡിപി അനുപാതം 28.11 ശതമാനത്തിനും 38.33 ശതമാനത്തിനും ഇടയിലായാണ് നീങ്ങിയത്. ഇത് 2002ലെ കെഎഫ്ആര്‍ നിയമത്തില്‍ നിശ്ചയിച്ചിരിക്കുന്നതും ധനകാര്യ കമ്മിഷനുകള്‍ നിഷ്കര്‍ഷിക്കുന്നതുമായ അടിസ്ഥാന പരിധി മറികടന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പൊതുകടം വര്‍ധിക്കുന്നത് പണപ്പെരുപ്പത്തിനും ഇടയാക്കുമെന്നും അപകടകരമായ വിലക്കയറ്റത്തിലേക്ക് സംസ്ഥാനത്തെ കൊണ്ടു ചെന്നെത്തിക്കുമെന്നും പറയുന്നു.
2023-24ലെ ആദ്യ പാദത്തില്‍ കേരളത്തിലെ പണപ്പെരുപ്പ നിരക്ക് ദേശീയ നിരക്കിനേക്കാള്‍ മുകളിലായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ 2021-22 ലെ രണ്ടാം പാദത്തിന് ശേഷം കേരളത്തില്‍ മാത്രമാണ് പണപ്പെരുപ്പം തുടര്‍ച്ചയായി ഉയരുന്നത്. 2023ലെ റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ കേരളം വീണ്ടും ശ്രദ്ധാകേന്ദ്രമായി. സാമ്പത്തികമായി സുസ്ഥിരമല്ലാത്ത ഒരു സംസ്ഥാനം എന്ന നിലയിലാണ് കേരളത്തെ ആ റിപ്പോര്‍ട്ട് കണ്ടത്.
കേരളത്തിന് അഭികാമ്യമായ പൊതുകടത്തിന്റെ അനുപാതം 27.8 ശതമാനമായിരിക്കണം. അടുത്ത വര്‍ഷങ്ങളില്‍ 10 ശതമാനത്തിന്റെ കുറവ് വരുത്തിയാലാണ് ഇത് സാധ്യമാവുക. ഭാവി തലമുറയ്ക്ക് മേല്‍ കടത്തിന്റെ അമിതഭാരം വരുത്തി വയ്ക്കാതെ കേരളം സാമൂഹികവും നിര്‍ബന്ധിതവുമായ ചെലവുകള്‍ വെട്ടിക്കുറയ്ക്കണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: