അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ മ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് കൂറ്റന്‍ ജയം. 283 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് ഒമ്പത് വിക്കറ്റിന്റെ ജയമാണ് നേടിയത്. 36.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കിവീസ് വിജയലക്ഷ്യം മറികടന്നു. ഡെവോണ്‍ കോണ്‍വെ (152), രചിന് രവീന്ദ്ര (123) എന്നിവര്‍ സെഞ്ചുറിയുമായി അടിച്ചുതകര്‍ത്തപ്പോള്‍ ഇംഗഌണ്ടിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ച് ഇരുവരും പുറത്താവാതെ നിന്നു.96 പന്തില്‍ 123 നേടിയ രചിന് രവീന്ദ്രയാണ്് കളിയിലെ താരം
283 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ വില്‍ യങ്ങിനെ പുറത്താക്കി സാം കറന് ന്യൂസീലന്‍ഡിനെ വിറപ്പിച്ചു. നേരിട്ട ആദ്യ പന്തില്‍ ഗോല്‍ഡണ്‍ ഡക്ക്. 10 റണ്‍സ് എടുത്തുനില്‍ക്കുകയായിരുന്ന ഡെവോണ്‍ കോണ്‍വെ യ്ക്ക് കൂട്ടായി ഇന്ത്യന്‍ വംശജന് രചിന് രവീന്ദ്ര എത്തി. പിന്നീട് നാലു പാടും പന്ത് പറക്കുകയായിരുന്നു. ലോകകപ്പിലെ കന്നിമത്ലരമായിരുന്നു രചിന്റേത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയും ഡേവിഡ് മലാനും നല്‍കിയത്. ആദ്യ വിക്കറ്റില്‍ 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 17 റണ്‍സെടുത്ത മലാനെ പുറത്താക്കി മാറ്റ് ഹെന്റി ഈ കൂട്ടുകെട്ട് പൊളിച്ചു. ജോ റൂട്ടിനെ കൂട്ടുപിടിച്ച് ബെയര്‍സ്റ്റോ സ്കോര്‍ 50 കടത്തി. എന്നാല്‍ ബെയര്‍സ്റ്റോയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. 33 റണ്‍സെടുത്ത താരത്തെ മിച്ചല്‍ സാന്റ്നര്‍ പുറത്താക്കി. 42 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത് ജോസ് ബട്ട്ലറും തിളങ്ങി .
മികച്ച തുടക്കം ലഭിച്ചിട്ടും യുവതാരം ഹാരി ബ്രൂക്കിന് പ്രതീക്ഷിച്ച പോലെ നല്ലൊരു ഇന്നിങ്സ് കളിക്കാന്‍ സാധിച്ചില്ല. വെറും 16 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയ താരം രചിന് രവീന്ദ്രയുടെ പന്തില്‍ കോണ്‍വെയ്ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. നാല് ഫോറും ഒരു സിക്സറും അടങ്ങിയതാണ് ഇന്നിങ്സ്
ലിയാം ലിവിംഗ്സറ്റണ് (20), സാം കറന് (14), ക്രിസ് വോക്സ് (11) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല. അവസാന വിക്കറ്റില്‍ ആദില്‍ റഷീദ് (15) മാര്‍ക് വുഡ് (13) സഖ്യമാണ് മാന്യമായ സ്കോറിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചത്. ട്രന്റ് ബോള്‍ട്ട്, രവീന്ദ്ര എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.
കിവീസ് സ്പിന്നര്‍മാരാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയെ കാര്യമായി പരീക്ഷിച്ചത്.മിച്ചല്‍ സാന്റ്നര്‍, രചിന് രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ് എന്നീ മൂന്ന് സ്പിന്നര്‍മാര്‍ ചേര്‍ന്ന് 5 വിക്കറ്റ് വീഴ്ത്തി. പേസര്‍മാരായ മാറ്റ് ഹെന്റി മൂന്ന് വിക്കറ്റും ട്രെന്റ് ബോള്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: