തിരുവനന്തപുരം: കുടുംബം ആവശ്യപ്പെട്ടിട്ടും അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ പാര്‍ട്ടി സമ്മതിച്ചില്ലെന്ന കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ വെളിപ്പെടുത്തല്‍ വിവാദമായിരിക്കെ വിശദീകരണവുമായി മകന് ബിനീഷ് കോടിയേരി.അച്ഛന്റെ മരണശേഷം താനും സഹോദരനും അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു എന്നും അതിനു പാര്‍ട്ടി സമ്മതിച്ചില്ല എന്നും അമ്മ പറഞ്ഞെന്ന തരത്തിലുള്ള പ്രചാരണം തികച്ചും വാസ്തവ വിരുദ്ധവും , സത്യത്തിനു നിരക്കാത്തതുമാണെന്ന് ബിനീഷ് സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.
തന്റെ അമ്മയുടെ വാക്കുകളെ ദുര്‍വ്യഖ്യാനം ചെയ്യുകയാണുണ്ടായത്. മരണശേഷവും കോടിയേരിക്ക് എതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങള്‍ തള്ളണമെന്നും അവ വസ്തുതാ വിരുദ്ധമാണെന്നും ബിനീഷ് കോടിയേരി പോസ്റ്റില്‍ പറഞ്ഞു.അമ്മ പറഞ്ഞ വാക്കുകളെ ദുര്‍വ്യഖ്യാനം നടത്തി അത് പാര്‍ട്ടിക്കെതിരെ ഉപയോഗിക്കുവാനാണ് വലതുപക്ഷ രാഷ്ട്രീയം ശ്രമിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
പാര്‍ട്ടി നേതാവായിരുന്ന കോടിയേരിയെ പലവിധത്തിലും എല്ലാവരും വേട്ടയാടി. ഇപ്പോള്‍ കോടിയേരിക്ക് വേണ്ടി എന്ന് പറഞ്ഞു നടത്തുന്ന പ്രചാരണങ്ങള്‍ സിപിഎമ്മിനെയും നേതൃത്വത്തെയും മോശമായി ചിത്രീകരിക്കാനാണെന്നും ബിനീഷ് കോടിയേരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: