വിജയ് സി.എച്ച്
നദികളെ സംരക്ഷിക്കണമെന്ന സന്ദേശം പുതുക്കിക്കൊണ്ട് വര്‍ഷം തോറും സെപ്റ്റംബര്‍ മാസത്തിലെ നാലാമത്തെ ഞായറാഴ്ച ലോക നദീ ദിനമായി ആചരിച്ചു വരുന്നു. ജലമാണ് ജീവന്റെ നിലനില്പിന് ആധാരമെന്നും, നദീ തീരങ്ങളിലാണ് മാനവ സംസ്കാരങ്ങള്‍ പിറവികൊണ്ടതെന്നും ഈ ആഘോഷച്ചടങ്ങുകള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. ഒരു പരിസ്ഥിതി പ്രവര്‍ത്തകന്റെ വിചാരങ്ങള്‍
ലോക പ്രശസ്ത നദീസംരക്ഷകന് മാര്‍ക്ക് ആഞ്ചലോ 1980 മുതല്‍ പടിഞ്ഞാറന്‍ കാനഡയില്‍ നടത്തി വരുന്ന അരുവി അവബോധന പരിപാടികളുടെ വിജയത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഐക്യരാഷ്ട്ര സഭ 2005-ല്‍ തുടങ്ങിയ ആചരണമാണ് ലോക നദീ ദിനം. ഒരു പുഴയെങ്കിലുമുള്ള, ലോകത്തെ നൂറിലധികം രാജ്യങ്ങള്‍ ഇന്നു വേള്‍ഡ് റിവേര്‍സ് ഡേ കൊണ്ടാടുന്നുണ്ട്.
നാല്പത്തിനാലു നദികളും അവയുടെ ആയിരത്തോളം വരുന്ന ഉപനദികളും ചെറു കൈവഴികളും ഒഴുകുന്ന കേരളത്തില്‍, പ്രശസ്ത പരിസ്ഥിതി പ്രവര്ത്തകന് അഡ്വ. രാജേഷ് വെങ്ങാലില്‍ തന്റെ പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുന്നു:
പാലക്കാടു ജില്ലയുടെ പടിഞ്ഞാറുള്ള പട്ടാമ്പി താലൂക്കിലെ തൃത്താല ഗ്രാമത്തില്‍ വളര്‍ന്നതുകൊണ്ടാകാം നദികള്‍ എന്നെ ഇത്രയധികം സ്വാധീനിച്ചത്. തൃത്താലയുടെ ലാവണ്യവും പ്രകൃതവുമാണ് അക്ഷരസ്നേഹികള്‍ നിളയെന്നു വിളിക്കുന്ന ഭാരതപ്പുഴ. ഹൈസ്കൂള്‍ പഠനകാലത്താണ് നിള എന്റെ ജീവിതരീതിയുടെ വൈകാരിക ഭാഗമായിത്തീര്‍ന്നത്. ഉച്ചഭക്ഷണം കഴിക്കാന്‍ ചോറ്റുപാത്രവുമായി പോയിരുന്നത് തൊട്ടടുത്തുള്ള വെള്ളിയാംകല്ല് കടവിലേക്കായിരുന്നു. നിളയുടെ മനോഹരമായ മണല്‍തിട്ടയില്‍ ചെറിയ കുഴികളുണ്ടാക്കി, അവയില്‍ ഊറുന്ന പരിശുദ്ധ ജലമാണ് ഊണിനു ശേഷം കുടിച്ചിരുന്നത്. അതു കഴിഞ്ഞാല്‍ ലഞ്ചു ബ്രേക്ക് കഴിഞ്ഞെന്നറിയിക്കുന്ന മണി മുഴങ്ങും വരെ വെള്ളിമണലില്‍ കളിയും ബഹളവും. കാണുന്നതു പുഴ, കുടിക്കുന്നത് അതിലെ വെള്ളം, കളിക്കുന്നത് അതിന്റെ മണല്പരപ്പില്. പുഴയുമായൊരു ആത്മബന്ധമുണ്ടായത് യഥാര്‍ത്ഥത്തില്‍ ഞാന്‍ പോലും അറിയാതെയാണ്!
നഷ്ടപ്പെട്ട സിന്ധു
നാനൂറില്‍ പരം മഹനീയമായ നദികള്‍ നമുക്കുണ്ടെങ്കിലും, രാജ്യത്തിന്റെ പേരില്‍ ഒരേയൊരു നദിയേയുള്ളൂ. അതാണ് സ്വാഭാവികമായ കാരണങ്ങളാല്‍ എനിക്ക് ഏറെ പ്രിയം തോന്നുന്ന ഭാരതപ്പുഴ. ഈ നാമം ഭാരതത്തിലെ വന്‍ നദികളെക്കുറിച്ചോര്‍ക്കാന്‍ ചെറുപ്പം തൊട്ടേ എനിക്കു പ്രചോദനമായി എന്നതാണ് ഏറ്റവും ഉല്‍കൃഷ്ടമായ കാര്യം. ഭാരതീയ പരിഷ്കൃതിയോടും ബന്ധപ്പെട്ടുകിടക്കുന്ന സിന്ധു, ഗംഗ, യമുന, ബ്രഹ്മപുത്ര മുതലായ നദികള്‍ പതിവായി ചിന്തയിലെത്താറുണ്ട്. ഗോദാവരിയും കൃഷ്ണയും നര്‍മദയും മഹാനദിയും കൂടെയെത്തും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഇന്‍ഡസ് വാട്ടര്‍ ട്രീറ്റി എന്ന നദീജല കരാര്‍ പുനഃപരിശോധിക്കുവാന്‍ ഇക്കൊല്ലം ജനുവരിയില്‍ നാം പാക്കിസ്ഥാനു നോട്ടീസ് അയച്ചതാണ് ഈ വഴിയില്‍ അവസാനം ഓര്‍ക്കുന്നത്. സാഹചര്യ പരിമിതികളാല്‍ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയിരുന്ന കാലത്തു നിന്ന് സ്വയം പര്യാപ്തതയിലേക്കും, ലോകത്തിന്റെ നേതൃനിരയിലേക്കും ഭാരതം എത്തിക്കഴിഞ്ഞു. അതിനാല്‍ നയതന്ത്ര നയങ്ങളിലും അതിനനുസൃതമായ വ്യതിയാനം സ്വാഭാവികമാണ്.
രാജ്യത്തിന്റെ അതിരുകള്‍ മനുഷ്യന് നിര്‍ണയിക്കുമ്പോള്‍ പ്രകൃതിയുടെ വരദാനങ്ങളായ പു
ഴകള്‍ തര്‍ക്കങ്ങള്‍ക്കു കാരണമാകാറുണ്ട്. സ്വാഭാവികമായും സിന്ധുവും അതിന്റെ പോഷക നദികളും സൃഷ്ടിച്ചത് വന്‍ സങ്കീര്‍ണതയാണ്. പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധുവും ചിനാബും ഝലവും, കിഴക്കോട്ടൊഴുകുന്ന ബീസും രവിയും സത്ലജും അതിര്‍വരമ്പുകളെ ഭേദിക്കുന്നു. കാശ്മീര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് ഈ നദികളിലെ ജലം നമുക്ക് അത്യാവശ്യമാണ്. പാക്കിസ്ഥാനിലെ സിന്ധ്-പഞ്ചാബ് പ്രവിശ്യകള്‍ നിലനില്ക്കുന്നതു മുഖ്യധാരയായ സിന്ധു നദീ ജലത്താലും. സിന്ധുവും സത്ലജും ഒഴികെയുള്ള നാലു നദികളുടെയും സിംഹഭാഗം ഇന്ത്യയിലൂടെയാണ് ഒഴുകുന്നത്. വിഭജനത്തെ തുടര്‍ന്നു നദീ ജലം പങ്കുവയ്ക്കാന്‍ ഒരു സ്റ്റാറ്റസ് ക്വോ കരാര്‍ ഉണ്ടാക്കിയിരുന്നു. അതിന്റെ കാലാവധി തീര്‍ന്നപ്പാള്‍ വാക് യുദ്ധം രൂക്ഷമായി. ജല തര്‍ക്ക പരിഹാരത്തിന് ലോകരാജ്യങ്ങളുടെ ഇടപെടല്‍ വേണമെന്നായി. ലോക ബാങ്ക് ഇടനിലക്കാരായി. അനന്തരം, 1960-ല്‍ ഇന്‍ഡസ് ജല ഉടമ്പടിയില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ചു.
സത്ലജ്, ബീസ്, രവി എന്നീ നദികള്‍ ഇന്ത്യയ്ക്കും സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാക്കിസ്ഥാനും. അങ്ങനെ ഭാരതീയ പൈതൃകത്തിന്റെ നെടുംതൂണുകളായ നാലു നദികളില്‍ ഏറ്റവും ചരിത്രപരമായത് നമുക്കു നഷ്ടപ്പെട്ടു. ഇപ്പോഴും സിന്ധുവിന്റെ 40 ശതമാനത്തോളം ഒഴുകുന്നത് ഇന്ത്യയിലൂടെയാണ്. നമ്മുടെ നഷ്ടത്തെയും സഹനഭാവത്തെയും തിരിച്ചറിയാന്‍ പാക്കിസ്ഥാന് കഴിഞ്ഞില്ലെന്നു മാത്രമല്ല, തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ ഇന്ത്യയുടെ വൈദേശിക നയത്തില്‍ മാറ്റം വരുത്തുന്നതിന് പ്രേരകമാകുകയും ചെയ്തു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ ആ മണ്ണിന്റെ സമ്പൂര്‍ണ വികസനത്തിനു നദീജലത്തിന്റെ പങ്ക് അത്യന്താപേക്ഷിതമാണു താനും. ഈ സാഹചര്യത്തിലാണ് 62 വര്‍ഷം പഴക്കമുള്ള നദീ ജല കരാര്‍ പുനഃപരിശോധിക്കേണ്ടത് അത്യാവശ്യമായി വന്നത്. ഐഡബ്ല്യുടിയുടെ പുനഃപരിശോധന ആവശ്യപ്പെടുന്ന നോട്ടീസ് ഇന്ത്യയുടെ ധീരമായ നിലപാടിനെ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തുന്നു. ഇങ്ങ് ഏറ്റവും തെക്കുള്ള, പശ്ചിമഘട്ടത്തിലെ ത്രിമൂര്‍ത്തി മലയില്‍ നിന്നും ഉത്ഭവിച്ച്, 255 കിലോമീറ്റര്‍ ഒഴുകി അറബിക്കടലില്‍ പതിക്കുന്ന ഒരു കൊച്ചു പുഴയുടെ ‘ഭാരതപ്പുഴ’ എന്ന നാമധേയമാണ് 3000 കിലോമീറ്ററോളം നീളമുള്ള ഉത്തരേന്ത്യന്‍ നദികളെക്കുറിച്ച് എന്നുമോര്‍ക്കാന്‍ എനിക്കുള്ള പ്രചോദനം.
മണല്‍ കൊള്ള വന്‍ ഭീഷണി
അതിപ്രാചീന കാലം മുതല്‍ പ്രകൃതിയും മനുഷ്യനും തമ്മില്‍ സംഘട്ടനമുണ്ട്. അത്തരം സംഘട്ടനത്തിലൂടെയാണ് അന്നത്തെ ഹോമോസാപ്പിയന്‍ ഇന്നത്തെ ആധുനിക മനുഷ്യനായത്. എന്നാല്‍, പ്രതിപ്രവര്‍ത്തനങ്ങള്‍ അനിയന്ത്രിതമാകുമ്പോഴാണ് അത് അതിജീവനത്തെ ബാധിക്കുന്നത്. നൂറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന അതിലോലമായ ഭൗമപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഗുണനിലവാരമുള്ള മണല്‍തരികള്‍ പുഴകളില്‍ രൂപപ്പെടുന്നത്. അവ കെട്ടിട നിര്‍മാണ മേഖലയിലെ അവശ്യവസ്തുവാണ്. എന്നാല്‍, കച്ചവടകണ്ണോടുകൂടിയ നിര്‍മിതികളും ബഹുനില മാളികകളും മണലെടുപ്പിനെ മണല്‍ കൊള്ളയാക്കി മാറ്റി. പുഴകള്‍ക്ക് അവയുടെ ജീവനാഡിയായ മണല്‍ അടിത്തട്ട് നഷ്ടമായതോടെ, ജലസംഭരണ ശക്തിയും സ്വാഭാവികമായ മാലിന്യ ശുദ്ധീകരണ ശേഷിയും നഷ്ടപ്പട്ടു. തുടര്‍ച്ചയായ മഴയ്ക്കു ശേഷവും അവ നിറഞ്ഞൊഴുകാതെയായി. ഉള്ള ജലം കടലിലേക്ക് ഒഴുക്കിക്കളഞ്ഞു.
ഇത് അതില്‍ അതിജീവിച്ചിരുന്ന ജന്തുക്കളുടെയും ചെടികളുടെയും വംശനാശത്തിനു കാരണമായി. മണലില്ലാത്ത നദികള്‍ ഭൂമിയുടെ ജലവിതാനം കുറച്ചു. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിച്ചു. പുഴയില്‍ പലയിടത്തും കയങ്ങളും മണല്‍ കൂനകളും രൂപം കൊണ്ടു. എന്നാല്‍, സാന്‍ഡ് ഓഡിറ്റെന്ന സര്‍ക്കാര്‍ വഴിപാടില്‍ ഇത്തരം കുഴികളും ചാലുകളും അവഗണിക്കപ്പെട്ടു. അവയിലുണ്ടായിരുന്ന മണലാണ് പലയിടത്തും കൂനകളായി രൂപപ്പെട്ടതെന്ന വസ്തുത തമസ്കരിച്ചു! പുഴയില്‍ അമിതമായി രൂപപ്പെട്ട മണല്‍ കൂനകള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഏടുക്കാമെന്നു ഉത്തരവായി. ഇതു മറ്റൊരു മണല്‍ കൊള്ളയായി മാറി. തിട്ടകള്‍ ഇടിച്ചു ചാലുകള്‍ തൂര്‍ക്കുകയാണ് വേണ്ടിയിരുന്നത്. കോടതികളില്‍ പോലും ഈയൊരവസ്ഥ വാദമായി വന്നിട്ടില്ലെന്നതാണ് അഭിഭാഷകന് എന്ന നിലയില്‍ എന്റെ അനുഭവം.
പുഴ നടുവില്‍ കുട്ടിക്കാടുകള്‍!
പുഴയില്‍ പലയിടത്തുമുള്ള മണല്‍ കൂനകളില്‍ നാട്ടുവൃക്ഷങ്ങളും കാട്ടുചെടികളും കരിമ്പനകളും മറ്റും വളര്‍ന്നു പുതിയൊരാവാസ വ്യവസ്ഥ രൂപപ്പെട്ടുവരുന്നു. വെള്ളിയാങ്കല്ലു മുതല്‍ കൂടല്ലൂര്‍ വരെ ഞാനും, ശ്രീകൃഷ്ണ കോളേജിലെ സസ്യശാസ്ത്രം വകുപ്പു മേധാവി ഡോ. ഉദയനും, പട്ടാമ്പി കാര്‍ഷിക ഗവേഷണ സ്റ്റേഷനിലെ ഡോ. മൂസയും ഉള്‍പ്പെട്ട സംഘത്തിന്റെ പുഴയിലൂടെയുള്ള നടത്ത ദൗത്യത്തില്‍ നിളയുടെ നടുക്കുളള കുട്ടിക്കാടുകളും അവയിലെ ജൈവസമൂഹത്തെയും നേരിട്ടു നിരീക്ഷിക്കാനായി. യഥാര്‍ത്ഥത്തില്‍ നിളയെ കണ്ടെത്താനുള്ള ഒരു തീര്‍ഥയാത്രയായിരുന്നു ആ നടത്തം. അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം കുട്ടിക്കാടുകള്‍ അധികം താമസമില്ലാതെ പുഴയെ കരഭൂമിയാക്കി രൂപാന്തരപ്പെടുത്തും. പുഴ-കേന്ദ്രീകൃത ജൈവവൈവിദ്ധ്യത്തിന്റെ മൃത്യുവായിരിക്കുമത്. പ്രകൃതിയുടെ ഞരമ്പുകളായ നദികള്‍ വലിഞ്ഞു മെലിഞ്ഞു ശോഷിക്കുന്ന കാഴ്ചകളാണ് ഇന്നു കേരളമാകെ. പെരിയാറും പമ്പയും ചാലിയാറും ചാലക്കുടിപ്പുഴയും കടലുണ്ടിപ്പുഴയും കല്ലടയാറും വരച്ചുകാട്ടുന്ന ദൃശ്യങ്ങള്‍ വളരെ ശോചനീയമാണ്.
പുഴയില്‍ സമൃദ്ധിയില്‍ ജലം വേണമെങ്കില്‍ അതിന്റെ വൃഷ്ടിപ്രദേശം ഹരിതാഭമായി നിലകൊള്ളണം. തീരങ്ങളിലുള്ള കാടു വെളുപ്പിച്ചോ, ജലം സൂക്ഷിക്കുന്ന പ്രകൃതിയുടെ സ്പഞ്ചുകളായ വെട്ടുകല്‍ കുന്നുകള്‍ ഉന്മൂലനം ചെയ്തോ, മാസങ്ങളോളം ജലസംഭരണിയായി നിലനില്‍ക്കുന്ന കൃഷിയിടങ്ങള്‍ നികത്തിയോ തരിശാക്കിയിട്ടോ നദികളില്‍ നീരുണ്ടാക്കാന്‍ കഴിയില്ല. കൃഷിയുണ്ടാക്കണം, കുന്നുകളും സസ്യശ്യാമളതയും നിലനിര്‍ത്തണം. എല്ലാം പരസ്പര ബന്ധിതമാണ്. പുഴയെന്നാല് വെള്ളവും മണലും അതിനോടനുബന്ധിച്ച ജൈവവ്യവസ്ഥിതിയും മാത്രമല്ല, അവയില്‍ അന്തര്‍ലീനമായ സംസ്കൃതികളും കൂടിയാണെന്നും മറന്നുകൂടാ. 44 നദികളും പരശ്ശതം പോഷകനദികളും, അഞ്ചു വലിയ കായലുകളും കുളങ്ങളുമുള്‍പ്പെടെ രണ്ടു ലക്ഷത്തോളം ജലാശയങ്ങളുള്ള കേരളം എന്തുകൊണ്ടു വരള്‍ച്ച നേരിടുന്നുവെന്നു ചിന്തിക്കുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു!
വേണം പുതിയ നിയമങ്ങള്‍
2001-ല്‍ കേരള നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണ നിയമവും നടപ്പിലാക്കുമ്പോഴേക്കും ഒട്ടു മുച്ചൂടും മണല്‍ പുഴകളില്‍ നിന്നു കടത്തപ്പെട്ടിരുന്നു എന്നതാണ് വാസ്തവം! മാത്രവുമല്ല, നിലവിലെ നദീതീര സംരക്ഷണ വകുപ്പുകള്‍ വളരെ അശക്തവുമാണ്. നേരിട്ടു നടപടിയെടുക്കുവാന്‍ നിയമപാലകര്‍ക്കു അധികാരമില്ല. ജാമ്യം ലഭിക്കുന്ന കുറ്റവും ചെറു പിഴയുമാണ് വകുപ്പുകള്‍ അനുശാസിക്കുന്നത്. മണല്‍ കൊള്ളക്കെതിരെ ഇപ്പോള്‍ കളവ് (ഐപിസി 379) വകുപ്പാണ് പോലീസ് ചുമത്തുന്നത്. ഇതിനു നിയമപരമായ പരിമിതികളുണ്ട്. അതിനാല്‍, സ്വതന്ത്രവും ശക്തവുമായ ഒരു നിയമം മണല്‍ കൊള്ള തടയാന്‍ നിര്‍മിച്ചേ മതിയാകൂ. തൊണ്ടിയായി കണ്ടുകെട്ടുന്ന ലോഡു കണക്കിലുള്ള മണല്‍ പുഴയില്‍ തിരിച്ചു നിക്ഷേപിക്കണം. നിലവില്‍ അവ ലേലം ചെയ്തു വില്‍ക്കുന്ന രീതിയാണുള്ളത്.
മണലിന്റെ ആവശ്യം കുറയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുകയും, കെട്ടിടങ്ങളുടെ വലിപ്പം നിയന്ത്രിക്കുകയും, പരിസ്ഥിതി-സൗഹൃദ കെട്ടിടങ്ങള്‍ക്ക് നികുതി ഇളവു നല്‍കുകയും വേണം. ഒപ്പം, സമസ്ത മേഖലകളിലും പ്രാബല്യത്തിലുള്ള മനുഷ്യ കേന്ദ്രീകൃത വ്യവസ്ഥിതിയെ പ്രകൃതി കേന്ദ്രീകൃതമാക്കാന്‍ പു
തിയ നിയമ നിര്‍മാണങ്ങള്‍ നടത്തണം. പുഴയിലേക്കു മാലിന്യമൊഴുക്കുന്നതിനെ തടയാനും പഴുതുകളില്ലാത്ത നിയമം വേണം. അഴുക്കും ഉച്ഛിഷ്ടവും ഏറ്റുവാങ്ങാനുള്ള ബാധ്യത അരുവികളുടെയല്ല. സ്ഥാപിക്കപ്പെട്ട മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കണം. മാലിന്യ സംസ്കരണത്തെക്കുറിച്ചു കൂടുതല്‍ ഗവേഷണങ്ങളും അനിവാര്യമാണ്. ബയോ ഡീഗ്രേഡബ്ള്‍ ശൗചാലയങ്ങളായിരിക്കണം ഇനിയുള്ള കാലത്ത് പു
ഴയുടെ സമീപത്തെ കെട്ടിടങ്ങളില്‍ നിര്‍മിക്കേണ്ടത്. അതിനുതകുന്ന തരത്തില്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ഭേദഗതി ചെയ്യണം.
ബോധവല്കരണം
വിദ്യാര്‍ത്ഥികളില്‍ നിന്നു തുടങ്ങണം പരിസ്ഥിതി ബോധവല്കരണം. മാറിക്കൊണ്ടിരിക്കുന്ന കാലത്ത് കുട്ടികളെ പ്രകൃതിയുമായി ചേര്‍ത്തു
നിര്‍ത്തണം എന്നതായിരിക്കണം നമ്മുടെ പൊതു ലക്ഷ്യം. നദികളുടെ നീളവും വീതിയും അളക്കാനല്ല അവരുടെ വിലപ്പെട്ട സമയം ചെലവാക്കേണ്ടത്, മറിച്ച് അവയുടെ ജൈവികത നിലനിര്‍ത്താനാണ്. എല്ലാം അടുത്തടുത്ത പ്രദേശങ്ങളിലെ നമ്മുടെ പ്രിയപ്പെട്ട പുഴകളായതിനാല്‍, ഒന്നിനേക്കാള്‍ നീളം മറ്റൊന്നിനുണ്ടെന്നു തെളിയിക്കാനുള്ള അധ്വാനം പാഴ്വേലയാണ്. പെരിയാറിനോ പമ്പയ്ക്കോ നിളയേക്കാള്‍ നീളം ഇല്ലെങ്കിലും ഉണ്ടെങ്കിലും ശരി, നമ്മുടെ എല്ലാ നദികളുടെയും സംരക്ഷണച്ചുമതല ഏറ്റെടുക്കുവാന്‍ പുതുതലമുറയെ പ്രോത്സാഹിപ്പിക്കുകയാണു നദീ ദിനത്തില്‍ മുതിര്‍ന്നവര്‍ ചെയ്യേണ്ടത്.
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി അരികത്തുള്ള പെരിയാറായാലും, അയല്പക്കത്തുള്ള നിളയായാലും നമുക്കുണ്ടാകേണ്ടത് തുല്യ അഭിമാനമാണ്. ഈ ചിന്താധാര പോഷിപ്പിക്കാന്‍ ജലസംസ്കാരവും നദീസംസ്കാരവും അവരുടെ ഉള്ളിലേക്ക് ആവാഹിക്കണം. അതിനായി വിദ്യാലയങ്ങളിലും വായനശാലകളിലും പോയി ഞാന്‍ ക്ലാസ്സുകള്‍ എടുത്തുകൊണ്ടിരിക്കുന്നു. മെട്രോ മാന്‍ ഇ. ശ്രീധരന് നയിക്കുന്ന എഫ്ഒബി എന്ന പുഴസൗഹൃദ കൂട്ടുകെട്ടിലും വ്യക്തിഗതമായും പ്രവര്‍ത്തിച്ചു. നിളയ്ക്കു പുനരുജ്ജീവനം നല്കാന് കഴിയുന്നതെല്ലാം ചെയ്തുവരുന്നു. ‘ആലൂര് ഒരുമ’ എന്ന പ്രാദേശിക സംഘടനയും കുറേ പരിസ്ഥിതി ഇടപെടലുകള്‍ക്കു വേദിയൊരുക്കി. പൈതൃകവും സംസ്കാരവും ചരിത്രവും ഉറങ്ങുന്ന നമ്മുടെ ശ്രേഷ്ഠമായ തീര്‍ത്ഥ പ്രവാഹങ്ങള്‍ മാലിന്യങ്ങളും പാഴ്വസ്തുക്കളും വലിച്ചെറിയാനുള്ള കുപ്പത്തൊട്ടികളല്ലെന്നു ലഭ്യമായ അവസരങ്ങളിലെല്ലാം ഞാന്‍ പൊതുജനങ്ങളെ ഉണര്‍ത്തിക്കൊണ്ടിരിക്കുന്നു. നദികള്‍ ഇല്ലാതാകുമ്പോള്‍ ഒപ്പം നാമും ഇല്ലാതാകുന്നുവെന്ന് എല്ലാവരുമറിയണം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: