ന്യൂദല്‍ഹി: ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സര്‍ക്കാരിന്റേത്. കേരളസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സാമ്പത്തിക പരിധിയില്ലാതെ ഏത് നിര്‍മാണവും ഏറ്റെടുക്കാന്‍ ഊരാളുങ്കലിന് അനുമതി നല്‍കിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും കേരളസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കണ്ണൂരിലെ കോടതി കെട്ടിടത്തിന്റെ നിര്‍മാണകരാര്‍ ഊരാളുങ്കലിന് നല്‍കിയതിനെതിരായ ഹര്‍ജിയിലാണ് സത്യവാങ്മൂലം.
സര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത സ്വകാര്യ കരാറുകാരെക്കാള്‍ പത്ത് ശതമാനം വരെ തുകയ്ക്ക് സഹകരണ സൊസൈറ്റി കരാര്‍ എടുക്കുമെങ്കില്‍ നല്‍കാമെന്നും സര്‍ക്കാര്‍ ഉത്തരവുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. കരാറുകളില്‍ സഹകരണ സൊസൈറ്റികള്‍ക്ക് ഇളവ് അനുവദിക്കുക എന്നത് സംസ്ഥാനസര്‍ക്കാരിന്റെ നയപരമായ തീരുമാനം ആണെന്നും സത്യവാങ്മൂലം പറയുന്നു.
കണ്ണൂര്‍ കോടതി കെട്ടിടത്തിന്റെ പണിക്ക് ഏറ്റവും കുറഞ്ഞ തുകയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത് എ.എം. മുഹമ്മദലിയുടെ നിര്മാണ് കണ്‍സ്ട്രക്ഷന്‍സ് ആണ്. 7.10 ശതമാനം അധികം തുകയ്ക്ക് ക്വട്ടേഷന്‍ നല്കിയ ഊരാളുങ്കലിന് കരാര്‍ നല്കാന് കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മുഹമ്മദലി നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനു പിന്നാലെയാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് കാണിച്ച് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
കണ്ണൂര്‍ കോടതി കെട്ടിട നിര്‍മാണ കരാര്‍ ഊരാളുങ്കലിന് നല്‍കാനുള്ള ഹൈക്കോടതി വിധിക്കുള്ള സ്റ്റേ തുടരുമെന്ന് ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് കെ.വി. വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നിര്‍മാണ കരാര്‍ ഊരാളുങ്കളിന് നല്‍കിയതിനെതിരായ ഹര്‍ജിയില്‍ നവംബര്‍ ഏഴിന് വിശദമായ വാദം കേള്‍ക്കുമെന്നും ബെഞ്ച് അറിയിച്ചു.
കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിലും ഡിവിഷന് ബെഞ്ചിലും ഊരാളുങ്കലിന് നിര്‍മാണ കരാര്‍ നല്‍കുന്നതിനെതിരായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് നിര്മാണ് കണ്സ്ട്രക്ഷന്സിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍, സുപ്രീംകോടതിയില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് അടിക്കടി നിലപാട് മാറ്റാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചു. തുടര്‍ന്ന്, ഹര്‍ജിയില്‍ വിശദമായ വാദം നവംബര്‍ ഏഴിന് കേള്‍ക്കാമെന്ന് സുപ്രീം കോടതി അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: