ശ്രീഅയ്യപ്പന്റെ കളരിമണ്ണ് എന്നറിയപ്പെടുന്ന കൊച്ചുഗ്രാമമാണ് കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ള ചിറക്കടവ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചിറക്കടവ് ശ്രീമഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത് അവിടെയാണ്. പൊന്കുന്നത്തുനിന്ന് മൂന്നുകിലോമീറ്റര്‍ തെക്കുമാറി പുനലൂര്‍ -മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ അരികിലായി സ്ഥിതിചെയ്യുന്ന ക്ഷേത്രം ആരെയും ആകര്‍ഷിക്കും. പ്രത്യേകിച്ചും വാഹനയാത്രക്കാരെ. അത്ര മനോഹരമാണ് റോഡില്‍ നിന്നുള്ള ക്ഷേത്രത്തിന്റെ കാഴ്ച.
ചിറക്കടവുകാര്‍ക്ക് ജാതിമതഭേദമന്യേ ശ്രീമഹാദേവന് ദേശാധിപനാണ്. അവരുടെ ഉറച്ച വിശ്വാസമാണത്. ആ വിശ്വാസം വെറുതെ ഉണ്ടായതല്ല. അനുഭവങ്ങള്‍ അവര്‍ക്ക് നല്‍കിയതാണ്. കൂവത്താഴെ മഹാദേവക്ഷേത്രം എന്നാണ് ക്ഷേത്രം മുന്‍പ് അറിയപ്പെട്ടിരുന്നത്. ക്ഷേത്രോല്‍പ്പത്തിയെക്കുറിച്ച് കൃത്യമായ രേഖകളില്ലെങ്കിലും വായ്മൊഴിയായി പ്രചാരത്തിലുള്ള കഥ ഇങ്ങനെയാണ്:
പണ്ടെങ്ങോ ഒരു സ്ത്രീ കാട്ടില്‍ ഒറ്റപ്പെട്ടുനിന്ന ഒരു കൂവളമരച്ചുവട്ടില്‍ വളര്‍ന്നിരുന്ന കൂവയുടെ കിഴങ്ങ് പറിച്ചെടുക്കാന്‍ പാരകൊണ്ട് കുത്തിയപ്പോള്‍ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മണ്ണില്‍ നിന്നും രക്തം പൊടിഞ്ഞത്രേ. അതുകണ്ട് ഭയന്ന സ്ത്രീയുടെ നിലവിളികേട്ട് ആള്ക്കാര് ഓടിക്കൂടി. രക്തംപൊടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കിയപ്പോള്‍ അവിടെ നിന്നും ശിവലിംഗം ലഭിച്ചു. നാട്ടുകാര്‍ ആ ശിവലിംഗം അവിടെ പ്രതിഷ്ഠിച്ച് ആരാധിക്കാന്‍ തുടങ്ങി. കൂവയുടെ താഴെനിന്നും സ്വയംഭൂവായ മഹാദേവന് കൂവത്താഴെ മഹാദേവനായും ആ ദേശം കൂവത്താഴം ദേശമായും മാറിയെന്ന് ഐതിഹ്യം.
കൂവത്താഴെ മഹാദേവനെ പ്രതിഷ്ഠിച്ചതോടെ നാടിന്റെ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും വീണ്ടും ഉയര്‍ന്നു. മഹാദേവന് ഒരു വലിയ ക്ഷേത്രം നിര്‍മ്മിക്കണം എന്ന് നാട്ടുകാര്‍ തീരുമാനിച്ചു. അക്കാര്യം രാജാവിനെ അറിയിച്ചു, ആവശ്യം രാജാവ് അംഗീകരിച്ചു. ക്ഷേത്ര നിര്‍മ്മാണത്തിനായി നൂറു കണക്കിന് തൊഴിലാളികള്‍ അന്യദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നു. അതോടെ നാട്ടിലെ ജലസ്രോതസ്സുകള്‍ എല്ലാവരുടെയും ഉപയോഗത്തിന് തികയാതെ വന്നു, അതിന് പരിഹാരമായി ആദ്യം ഗ്രാമമധ്യത്തില്‍ വലിയൊരു ചിറ (കുളം) നിര്‍മ്മിക്കാന്‍ തീരുമാനമായി. ചിറ നിര്‍മ്മിച്ചപ്പോള്‍ എടുത്ത മണ്ണ് അവിടെ കുന്നായി മാറി. ആ കുന്നിനു മുകളില്‍ മഹാദേവന് ക്ഷേത്രം പണിയുകയായിരുന്നു എന്ന് പറയപ്പെടുന്നു. ചിറയുടെ കരയില്‍ പ്രതിഷ്ഠിക്കപ്പെട്ട മഹാദേവന് ചിറക്കടവ് മഹാദേവന് എന്നറിയപ്പെടുവാന്‍ തുടങ്ങി എന്നാണ് ഐതിഹ്യം.
ഏതാണ്ട് ആയിരത്തില്‍പ്പരം വര്‍ഷങ്ങളുടെ പഴക്കമുണ്ട് ക്ഷേത്രത്തിന്. പഴയ തെക്കുംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ആള്‍വാര്‍ വംശാധിപത്യകാലത്തു മുതല്‍ ചിറക്കടവിനെക്കുറിച്ച് പരാമര്‍ശമുണ്ട്. അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ് ആള്‍വാര്‍ വംശത്തെ തുരത്തി ചിറക്കടവ് അധീനതയിലാക്കി. പിന്നീട് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ചെമ്പകശ്ശേരി രാജാവിനെ പരാജയപ്പെടുത്തി തിരുവിതാംകൂറിന്റെ ഭാഗമാക്കി. ഈ പ്രദേശത്തെ ചെമ്പകശ്ശേരി രാജാവിനെ കീഴ്പ്പെടുത്താന്‍ മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് സഹായം നല്‍കിയത് ചെങ്ങന്നൂര്‍ വഞ്ഞിപ്പുഴ തമ്പുരാനാണ്. പ്രത്യുപകാരമായി ചിറക്കടവ്, ചെറുവള്ളി, പെരുവന്താനം എന്നീ മൂന്നുദേശങ്ങള്‍ കരമൊഴിവായി വഞ്ഞിപ്പുഴ തമ്പുരാന് കിട്ടി. അങ്ങനെ ചിറക്കടവ് മഹാദേവ ക്ഷേത്രവും വഞ്ഞിപ്പുഴ തമ്പുരാന്റെ അധീനതയിലായി.
1955 ല്‍ ക്ഷേത്രം ദേവസ്വം ഏറ്റെടുത്തു. ക്ഷേത്രത്തില്‍ ചില അശുഭലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ ദേവപ്രശ്നം നടത്തി. ചിറക്കടവ് തേവര്, മഹാതേജസ്വിയാണെന്നും ക്ഷേത്രത്തിനു നാലുവശവും ഗോപുരങ്ങളും തേവര്‍ക്ക് എഴുന്നെള്ളാന്‍ ആനയും സ്വര്‍ണ്ണക്കൊടിമരവും ഉണ്ടാവും എന്നും പ്രശ്നത്തില്‍ കണ്ടു. ക്ഷേത്രത്തിന്റെ ദുരിതകാലം പതിയെ മാറിത്തുടങ്ങി. അന്ന് പ്രശ്നത്തില്‍ പറഞ്ഞതെല്ലാം ക്ഷേത്രത്തിനുണ്ടായി.
ഉത്സവത്തോടനുബന്ധിച്ചു ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ കേരളത്തിന്റെ അനുഷ്ഠാന കലയായ വേലകളി, ആചാരങ്ങളുടെ ഭാഗമായി അരങ്ങേറുന്നു. ശബരിമല അയ്യപ്പന് തന്റെ ചെറുപ്പകാലത്ത് എരുമേലിയില്‍ താമസിച്ച് ആയോധനകലകള്‍ അഭ്യസിച്ചിരുന്ന അവസരത്തില്‍ ചിറക്കടവിലെത്തി വേലകളിയും അഭ്യസിച്ചതായി വിശ്വസിച്ചുപോരുന്നു. അതുകൊണ്ടുതന്നെ ചിറക്കടവില്‍ നിന്നും മലചവിട്ടുന്ന കന്നി അയ്യപ്പന്മാര് എരുമേലിയില്‍ പേട്ടതുള്ളേണ്ട എന്ന് വിശ്വസിക്കുന്നു. എന്തായാലും ഇന്നും ചിറക്കടവുകാര്‍ എരുമേലി പെട്ടതുള്ളലില്‍ പങ്കെടുക്കാറില്ല. അവരുടെ പിന്തുടര്ച്ചക്കാര് തെക്കുംഭാഗം, വടക്കുംഭാഗം എന്നീ രണ്ടു ഭാഗങ്ങളിലായി വേലക്കളരികളില്‍ ഇന്നും കുട്ടികളെ വേലകളി അഭ്യസിപ്പിക്കുകയും ചെയ്യുന്നു. മഹാദേവന്റെ തിരുവുല്‍സവത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന പ്രസിദ്ധമായ വേലകളി മനോഹരമായ ഒരു ദൃശ്യവിരുന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: