കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ പി.പി. മുകുന്ദന്റേത് ഹ്രസ്വകാലമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവന്‍ ഉഴിഞ്ഞുവച്ചത് ഭാരതാംബയെ പരംവൈഭവത്തിലെത്തിക്കാനായിരുന്നു. ആറര പതിറ്റാണ്ടിലധികം രാഷ്ട്രീയ സ്വയംസേവകസംഘത്തിനായി പ്രവര്‍ത്തിച്ചു. അതില്‍ 15 വര്‍ഷത്തോളം ബിജെപിക്കു വേണ്ടിയായിരുന്നു. അക്കാലഘട്ടത്തില്‍ മഹാമേരുപോലെ ശിരസുയര്‍ത്തി നില്‍ക്കാനദ്ദേഹത്തിനായി. ആവേശത്തിന്റെ അഗ്നി പടര്‍ത്തി പ്രവര്‍ത്തകര്‍ക്ക് ഉണര്‍വും ഉന്മേഷവും പകര്‍ന്ന ധിക്ഷണാശാലിയായ പോരാളിയെപ്പോലെയായിരുന്നു. പക്ഷേ അദ്ദേഹത്തിന് എതിരാളിയേ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ശത്രുപക്ഷത്തും മിത്രങ്ങളെ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു.
ഒരാളെ പരിചയപ്പെട്ടാല്‍ അയാളുടെ കുടുംബസുഹൃത്തോ കുടുംബാംഗമോ ആയിത്തീരുന്ന വൈഭവം അദ്ദേഹത്തിനുമാത്രം അവകാശപ്പെട്ടതായിരുന്നു. കേരളം കത്തിഅമരുമായിരുന്ന എത്രയോ സന്ദര്‍ഭങ്ങളെ അനായാസം ലളിതവല്ക്കരിക്കാനും സമന്വയത്തിന്റെ പാത സൃഷ്ടിക്കാനും പി.പി. മുകുന്ദന്റെ (മുകുന്ദേട്ടന്റെ) ഇടപെടല്‍കൊണ്ട് സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ചാല കത്തിയമര്‍ന്ന സംഭവം പടരാതിരിക്കാന്‍ മുകുന്ദേട്ടന്റെ ഇടപെടല്‍ മുഴച്ചു നില്ക്കുന്നു.
ആലപ്പുഴ നബിദിനാഘോഷത്തിനു നേരെയുണ്ടായ പോലീസ് വെടിവയ്പ്പാണ് ചാലയില്‍ സംഘര്‍ഷമുണ്ടാക്കിയത്. അന്ന് തിരുവനന്തപുരത്ത് ആര്‍എസ്എസിന് വലിയ സ്വാധീനമൊന്നുമുണ്ടായിരുന്നില്ല. മുകുന്ദേട്ടനായിരുന്നു പ്രചാരക്. വയലാര്രവി ആഭ്യന്തരമന്ത്രി. ചാല കത്തുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ഭരണകൂടം അന്ധാളിച്ചു നില്ക്കുന്നു. ആര്‍എസ്എസിന്റെ ക്യാമ്പ് നേമം വിക്ടറി സ്കൂളില്‍ നടക്കുകയായിരുന്നു. ക്യാമ്പ് പിരിച്ചുവിടാന്‍ ഇടയുണ്ടെന്ന വാര്‍ത്ത പരന്നു. വയലാര്‍ രവിക്ക് അന്ന് മുകുന്ദേട്ടനെ പരിചയമുണ്ടായിരുന്നില്ല. ആരൊക്കെയോ പറഞ്ഞു മുകുന്ദേട്ടനെ കാണാന്‍. ആര്‍എസ്എസ് ക്യാമ്പ് പിരിച്ചുവിടരുതെന്ന് അഭ്യര്‍ത്ഥിക്കാനായിരുന്നു അത്.
1986ലെ ഹിന്ദു സംഗമമാണ് മുകുന്ദേട്ടന്റെ സാന്നിധ്യവും നേതൃപാടവവും തെളിയിച്ച ചരിത്രസംഭവം. നഗരത്തില്‍ കാട്മൂടിക്കിടന്ന മാലിന്യങ്ങള്‍ തള്ളുമായിരുന്ന പുത്തരിക്കണ്ടം മൈതാനം വൃത്തിയാക്കിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടി. നഗരത്തിലെ 19 ഗ്രൂപ്പുകള്‍ ഒറ്റമനസ്സോടെ ദിവസങ്ങളോളം പ്രയത്നിച്ചു. പുത്തരിക്കണ്ടത്തെ ഇന്ന് കാണുന്ന സ്ഥിതിയിലേക്ക് എത്തിച്ചത് അന്നത്തെ പ്രയത്നമായിരുന്നു.
മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിനായി ഉയര്‍ത്തിയ വേദി സ്ഥിരം വേദിയാക്കുമെന്ന ഭീതി ഒഴിവാക്കി പൊളിച്ചു നീക്കാനുണ്ടാക്കിയ ധാരണയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ശ്രീരാമദാസാശ്രമം മഠാധിപതി സത്യാനന്ദസരസ്വതിയടക്കം ഒട്ടനവധി പ്രവര്‍ത്തകര്‍ അതിനായി പ്രയത്നിച്ചു. പി.ആര്.എസ് പിള്ള ചെയര്‍മാനും എം.എസ് കുമാര്‍ കണ്‍വീനറുമായി ഉണ്ടാക്കിയ സമിതി ബന്ധപ്പെട്ടവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രശ്നം വഷളാകാതെ ഒത്തുതീര്‍ന്നത്.
മാറാട് എട്ട് മത്സ്യത്തൊഴിലാളികളെ വെട്ടിക്കൊന്ന സംഭവം കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുകുലുക്കിയതായിരുന്നു. അത് സംഘര്‍ഷത്തിലേക്ക് നീങ്ങാതെ ചര്‍ച്ച നടത്തി സമവായത്തിലെത്തിയത് മുകുന്ദേട്ടന്റെ ഇടപെടല്‍ മൂലമായിരുന്നു. മുഖ്യമന്ത്രി ഏ.കെ. ആന്റണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും കുമ്മനം രാജശേഖരനും മറ്റുമായിനടത്തിയ ചര്‍ച്ചയാണ് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ഉള്‍പ്പെടെയുള്ള ധാരണയിലെത്തിയത്. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അക്ഷീണപരിശ്രമം നടത്തിയത് മുകുന്ദേട്ടനാണ്. മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരെ ഇതിനായി നിരന്തരം ബന്ധപ്പെട്ടു. നായനാരുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഒരുപാടുണ്ടായി. ഇ.കെ.നായനാര്‍ ഒരിക്കല്‍ പറഞ്ഞു. ‘കണ്ണൂരില്‍ എം.വി.ഗോവിന്ദനെ ബന്ധപ്പെട്ടാല്‍മതി. ഓന് ഇടപെട്ടാലേ നടക്കൂ. ഞാനും പറയാം. മറ്റുള്ളതെല്ലാം കണക്കാടോ’ എന്ന്.
തിരുവനന്തപുരത്ത് ബിജെപിക്ക് ഇന്നത്തെ ശക്തിക്കും സ്വാധീനത്തിനും മുഖ്യകാരണം പ്രശ്നങ്ങളില്‍ സംയോജിതമായ ഇടപെടലുകളും മുകുന്ദേട്ടന്റെ സമ്പര്‍ക്കവും കൊണ്ടാണെന്ന് തന്നെ പറയേണ്ടിവരും. തിരുവനന്തപുരത്ത് ഉദ്യോഗസ്ഥ പ്രമുഖരും സിനിമാ -സാഹിത്യമേഖലയിലെ പ്രമുഖരുമൊക്കെയായി ബിജെപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനും സൗഹൃദമുണ്ടാക്കാനും മുകുന്ദേട്ടന്റെ കഴിവ് ഏറെ പ്രയോജനപ്പെട്ടു.
ജ്യേഷ്ഠ സഹോദരനെപ്പോലെ കണക്കാക്കി മുതിര്‍ന്ന പ്രചാരകന് പി.പരമേശ്വര്‍ജിയുടെ ഉപദേശ നിര്ദ്ദേശങ്ങള്ക്കനുസരിച്ചായിരുന്നു മുകുന്ദേട്ടന്റെ പ്രവര്‍ത്തനങ്ങളെല്ലാം. ബിജെപി ഓഫീസില്‍ സന്തത സഹചാരിയായി പി.രാഘവനും കുമരേശനും എന്നും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: