ന്യൂദല്‍ഹി: ജി20 ഉച്ചകോടിയുടെ ഭാഗമായി ദല്‍ഹിയില്‍ എത്തിയ ചൈനീസ് സംഘത്തിന്റെ ബാഗുകളില്‍ കണ്ടെത്തിയത് സംശയാസ്പദമായ ഉപകരണങ്ങളെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ സംഘം ദല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ എത്തിയത്. അന്നുതന്നെ ഇവര്‍കൊണ്ടുവന്ന ബാഗുകള്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടിരുന്നു.
എന്നാല്‍ നയതന്ത്ര പ്രോട്ടോക്കോളുകള്‍ കണക്കിലെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാഗുകള്‍ അകത്തേക്ക് കടത്തിവിടുകയായിരുന്നു. തുടര്‍ന്ന് ചൈനീസ് സംഘത്തിന്റെ മുറിയില്‍ ബാഗുകളില്‍ ചില ‘സംശയാസ്പദമായ ഉപകരണങ്ങള്‍’ കണ്ടാതായി ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനു പിന്നാലെ സുരക്ഷ ഉദ്യോഗസ്ഥര്‍ ബാഗുകള്‍ സ്കാന്‍ ചെയ്യണമെന്നു ആവശ്യപ്പെട്ടു. പക്ഷേ ചൈനീസ് പ്രതിനിധികള്‍ ഇതിനു അനുവദിച്ചില്ല. ഇത് ഹോട്ടലില്‍ കുറച്ചു നേരത്തേക്ക് ഒരു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തിന്റെ ഭാഗമായി ചൈനീസ് പ്രതിനിധികള്‍ ഹോട്ടലില്‍ നിന്ന് ഉപകരണങ്ങള്‍ നീക്കം ചെയ്യാനും അത് അവരുടെ എംബസിയിലേക്ക് അയയ്ക്കാനും സമ്മതിച്ചു. 12 മണിക്കൂറോളമാണ് സൂരക്ഷ ഉദ്യോഗസ്ഥരെ ഈ പ്രവര്‍ത്തി മുള്‍മുനയില്‍ നിറുത്തിയത്.
അതേസമയം, ജി20 ഉച്ചകോടിയുടെ അടുത്ത ആതിഥേയനായ ബ്രസീല്‍ പ്രസിഡന്റും ഇതേ ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഉപകരണങ്ങള്‍ പരിശോധിക്കാനുള്ള അഭ്യര്‍ത്ഥന ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ എതിര്‍ത്തെങ്കിലും ഇന്ത്യന്‍ സുരക്ഷാ സംഘം നിലപാടില്‍ ഉറച്ചുനിന്നുവെന്ന് താജ് പാലസിലെ സുരക്ഷയുടെ വിഭാഗം വ്യക്തമാക്കി.
മൂന്നംഗ സുരക്ഷാ സംഘം 12 മണിക്കൂറോളം മുറിക്ക് പുറത്ത് കാവല്‍ നില്‍ക്കേണ്ടി വന്നു. ഒരു ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥന് അത് എംബസിയിലേക്ക് അയക്കുമെന്ന് പറഞ്ഞു. ഉപകരണങ്ങള്‍ പരിശോധിക്കാന്‍ അവസരം ലഭിക്കാത്തതിനാല്‍ അവ നിരീക്ഷണ സജ്ജീകരണം ആണോ എന്ന് കൃത്യമായി പറയാനാകില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ ഇപ്പോഴും സ്യൂട്ട്കേസുകളുലെ ഉള്ളടക്കം ഒരു രഹസ്യമായി തുടരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ജി20 ഉച്ചകോടി ഒഴിവാക്കി പകരം പ്രധാനമന്ത്രി ലി ക്വിയാങ്ങിനെയാണ് അയച്ചത്. അവസാന നിമിഷം തന്റെ വരവ് അറിയിച്ച ലി, മുതിര്‍ന്ന നേതാക്കള്‍ക്കായി നിശ്ചയിച്ചിട്ടുള്ള പത്യേക വിമാനങ്ങളിലൊന്നില്‍ യാത്ര ചെയ്യാതെ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയതും ഇന്ത്യന്‍ ഏജന്‍സികളെ അത്ഭുതപ്പെടുത്തിയിരുന്നു.
സംശയാസ്പദമായ ബാഗുകളെക്കുറിച്ചുള്ള വിഷയങ്ങള്‍ക്കു പുറമെ ഹോട്ടലിന്റെ ഇന്റര്‍നെറ്റ് കണക്ഷന് ഉപയോഗിക്കാനും ചൈനീസ് പ്രതിനിധി വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. സ്വകാര്യ ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്ക് വേണമെന്ന വിചിത്രമായ ആവശ്യം ഉള്‍പ്പെടെ വിചിത്രമായ കാര്യങ്ങളും ഹോട്ടലിലുണ്ടായി. എന്നാല്‍ താജ് പാലസ് അപേക്ഷ നിരസിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: