ആലപ്പുഴ: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനം അവതാളത്തിലായി. അഞ്ചുലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകള്‍ തടഞ്ഞുവെച്ചതോടെ പുതിയജോലികള്‍ ഏറ്റെടുക്കാന്‍ കരാറുകാരും മടിക്കുന്നു. റോഡുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണമുള്‍പ്പെടെയുള്ള പദ്ധതികള്‍ മുടങ്ങി. സാമ്പത്തികവര്‍ഷം പകുതിയാകാറായിട്ടും 20 ശതമാനത്തോളം തുക മാത്രമാണ് ജില്ലയില്‍ വിനിയോഗിക്കാനായത്.
ഈ സാമ്പത്തികവര്‍ഷം 423.36 കോടി രൂപയാണു ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ക്കു പദ്ധതി വിഹിതമായി ബജറ്റില്‍ പ്രഖ്യാപിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് സമര്‍പ്പിച്ച ബില്ലുകള്‍പോലും ട്രഷറികളില്‍നിന്ന് പാസാകുന്നില്ലെന്ന് കരാറുകാര്‍ പരാതിപ്പെടുന്നു. ബാങ്കില്‍ നിന്നും മറ്റു പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും പലിശയ്ക്ക് വായ്പയെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കരാറുകാര്‍ കടുത്ത പ്രതിസന്ധിയിലാണ്. സാമ്പത്തികവര്‍ഷം അവസിനിക്കും മുന്‍പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്ണമാക്കാന് കഴിയില്ലെന്നാണ് വിലയിരുത്തല്‍.
നേരത്തെ 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിനായിരുന്നു നിയന്ത്രണം. പിന്നീട്, 25 ലക്ഷം രൂപയ്ക്കു മുകളിലാക്കി. ഒടുവില്‍ അഞ്ചുലക്ഷം രൂപയ്ക്കു മുകളിലും നിയന്ത്രണം വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സാധാരണ മൂന്നുഗഡുക്കളായാണു തദ്ദേശസ്ഥാപനങ്ങള്‍ക്കു പദ്ധതിവിഹിതം അനുവദിക്കുന്നത്. ഏപ്രില്‍, ജൂലായ്, ജനുവരി എന്നിങ്ങനെയാണത്. ഏപ്രിലിലെ വിഹിതം കിട്ടിയെങ്കിലും ജൂലായില്‍ ലഭിക്കേണ്ട തുക വൈകുകയാണ്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ വിവിധ പദ്ധതികളുടെ സബ്സിഡി മുടങ്ങാനും സാദ്ധ്യതയുണ്ട്. മുന്‍ സാമ്പത്തികവര്‍ഷത്തിന്റെ അവസാന നാളുകളില്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വ്യക്തിഗത പദ്ധതികള്‍ ഏറ്റെടുത്തവര്‍ക്ക് സബ്സിഡി മുടങ്ങിയിരുന്നു. പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു കഴിഞ്ഞതവണ പലരുടെയും സബ്സിഡി തടഞ്ഞത്. ഇത്തവണയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ സബ്സിഡി തടയുമോയെന്നാണ് ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: