നെയ്യാറ്റിന്‍കര: മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്രത്തില്‍ പുതുതായി നിര്‍മിക്കുന്ന ദേവലോകത്തിന്റെ ആധാരശിലാ സ്ഥാപനകര്‍മം നടന്നു. ശ്രീകോവിലിനുള്ളില്‍ ശിവപാര്‍വതിമാരുടെ തിരുനടയില്‍ പഞ്ചലോഹ കൂര്‍മത്തോട് കൂടിയുള്ള ആധാരശില പൂജിച്ച് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ കാര്‍മികത്വത്തില്‍ ഭക്തജനങ്ങളുടെ അകമ്പടിയോടു കൂടിയാണ് കല്ലിടല്‍ കര്‍മം നടന്നത്. മഹാശിവലിംഗത്തിനും അഷ്ടലക്ഷ്മി മണ്ഡപത്തിനും സമീപമായി പുതുതായി നിര്‍മിക്കുന്ന ദേവലോകത്തിന്റെ നിര്‍ദിഷ്ട സ്ഥാനത്തു ആചാരവിധി പ്രകാരമുള്ള കല്ലിടല്‍ കര്‍മം നടന്നു. തുടര്‍ന്ന് കോവളം എംഎല്‍എ എം. വിന്‍സന്റിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ അരുവിപ്പുറം ക്ഷേത്ര മഠാധിപതിയും ശിവഗിരി ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ സ്വാമി സാന്ദ്രാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. പുതുപ്പള്ളി നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യയില്‍ എല്ലാ മതവിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്നത് ലിഖിതമായ നിയമമാണ്. ആചാരാനുഷ്ടാനങ്ങള്‍ മതവിശ്വാസങ്ങളുടെ ഭാഗമാണ്, അത് സംരക്ഷിക്കപ്പെടുക തന്നെ ചെയ്യണം. ജാതിമത വ്യത്യാസങ്ങള്‍ക്ക് അതീതമായി എല്ലാ വിശ്വാസികള്‍ക്കും ആരാധന നടത്തുന്നതിനുള്ള അന്തരീക്ഷമാണ് ഈ ക്ഷേത്രത്തില്‍ നിലനില്‍ക്കുന്നതെന്നത് പ്രശംസനീയമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
സമ്മേളനത്തില്‍ അരുവിപ്പുറം ക്ഷേത്രത്തിലെ സ്വാമി വേദാനന്ത, ജില്ലാ പഞ്ചായത്തു മെമ്പര്‍ സൂര്യ എസ്. പ്രേം, തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറും യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ആശാനാഥ്, കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധാര്‍ജുനന്‍, ചെങ്കല്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് അജിത്കുമാര്‍, ബിജെപി ദേശീയ സമിതി അംഗം ചെങ്കല്‍ എസ്. രാജശേഖരന് നായര്‍, നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍ ഗ്രാമം പ്രവീണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോജിന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്, ഹിന്ദു ഐക്യവേദ്യ ജില്ലാ ജനറല്‍ സെക്രട്ടറി അറപ്പുര ബിജു, ബിജെപി സംസ്ഥാനസമിതിയംഗം രഞ്ജിത്ത് ചന്ദ്രന്, നെയ്യാറ്റിന്‍കര ജയചന്ദ്രന്‍നായര്‍, ക്ഷേത്ര മേല്‍ശാന്തി കുമാര്‍ മഹേശ്വരം, ക്ഷേത്ര ട്രസ്റ്റ് കമ്മറ്റിയംഗം വൈ. വിജയന്, കമ്മറ്റിയംഗം ഓലത്താന്നി അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: