അല്‍കാരസിനെ തകിടം മറിച്ച് മെദ്വദേവ്
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലിന് മുമ്പൊരു ഷോക്ക് ട്വിസ്റ്റ്. നിലവിലെ ചാമ്പ്യനായ സെപയിന്‍കാരന്‍ കാര്‍ലോസ് അല്‍കാരസിനെ കീഴടക്കി മൂന്നാം സീഡ് താരം ഡാനില്‍ മെദ്വദേവ് ഫൈനലിലെത്തി. സ്കോര്‍: 7-6(3), 6-1, 3-6, 6-3നാണ് ഒന്നാം സീഡ് താരം കൂടിയായ അല്‍കാരസിനെ റഷ്യന്‍ താരം സെമിയില്‍ തോല്‍പ്പിച്ചത്.
കിരീടനേട്ടങ്ങളുടെ വലിയ കണക്കുകള്‍ പറയാനില്ലെങ്കിലും വമ്പന്മാരോട് ഒപ്പത്തിനൊപ്പം നിന്ന് പയറ്റാന്‍ പറ്റിയ പോരാളിയെന്ന് മെദ്വദേവ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ടൈബ്രേക്കറിലേക്ക് പോയ ആദ്യ സെറ്റ് തന്നെ അതിന് ഉദാഹരണമാണ്. സെറ്റ് പിടിച്ചെടുക്കാന്‍ അല്‍കാരസ് യഥേഷ്ടം അവസരങ്ങള്‍ സൃഷ്ടിച്ചതാണ്. മറുവശത്ത് ഒറു ബ്രേക്ക് പോയിന്റിനുള്ള അവസരം പോലും നല്‍കാതെ മെദ്വദേവ് കണിശമായി പൊരുതി. ടൈബ്രേക്കറില്‍ ആധിപത്യത്തോടെ 7-3ന് റഷ്യന്‍ താരം സെറ്റ് പിടിച്ചടക്കി.
രണ്ടാം സെറ്റിലേക്ക് കടക്കുമ്പോള്‍ ആദ്യസെറ്റ് ടൈബ്രേക്കറിന്റെ തുടര്‍ച്ചയാണ് പ്രകടമായത്. മെദ്വദേവിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ അല്‍കാരസ് നിരാശയിലേക്ക് വഴുതി. 2-0ന്റെ ലീഡെടുത്തപ്പോഴേ സ്പാനിഷ് താരം മെദ്വദേവിന് മുന്നില്‍ കീഴ്പെട്ട നിലയിലായിരുന്നു. ഒടുക്കം 6-1ല്‍ തീര്‍ന്നു.
മൂന്നാം സെറ്റില്‍ ചാമ്പ്യന്താരത്തിന് നിലനില്‍പ്പിന്റെ പോരാട്ടമായിരുന്നു. പിന്നിലായിപോയ രണ്ട് സെറ്റ് തിരിച്ചുപിടിക്കേണ്ടതുണ്ട്. തുടക്കത്തിലേ തന്നെ അല്‍കരാസ് രണ്ടുംകല്‍പ്പിച്ച് പൊരുതിയതോടെ കളിക്ക് വാശിയേറി. ഒരവസരത്തില്‍ 3-1ന് മുന്നിട്ടു നിന്ന അല്‍കാരസ് സെറ്റ് 6-3ന് നേടിയെടുത്തുകൊണ്ട് പോരാട്ടവീര്യം തെളിയിച്ചു.
നാലാം സെറ്റ് 13 മിനിറ്റ് പിന്നിടുമ്പോഴേക്കും മെദ്വദേവ് 4-2ന് മുന്നിലെത്തി നിലപാട് വ്യക്തമാക്കി. ഇത്തവണ റഷ്യന്‍ താരം ഏല്‍പ്പിച്ച സമ്മര്‍ദ്ദത്തെ അതിജയിക്കാന്‍ അല്‍കാരസിന് സാധിച്ചില്ല.
ഫൈനലിലേക്ക് മുന്നേറിയ മെദ്വദേവിന് ഇന്ന് രണ്ടാം യുഎസ് കിരീടത്തിന് അവസരമൊരുങ്ങിയിരിക്കുകയാണ്. പക്ഷെ എതിരാളി രണ്ടാം സീഡ് താരം നോവാക് ദ്യോക്കോവിച്ച് ആണ്. രണ്ട് വര്‍ഷം മുമ്പ് ഇതേ ദ്യോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മെദ്വദേവ് കരിയറില്‍ ഇതേവരെയുള്ള തന്റെ ഏക ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയിരുന്നു എന്നും ഓര്‍മിക്കേണ്ടതുണ്ട്.
പരിചയ സമ്പന്നതയുടെ ബലത്തില്‍ ദ്യോക്കോവിച്ച്
ന്യൂയോര്‍ക്ക്: പരിചയ സമ്പന്നതയുടെ കരുത്തില്‍ ഇതിഹാസതാരം നോവാക് ദ്യോക്കോവിച് പത്താം വട്ടം യൂഎസ് ഓപ്പണ്‍ ഫൈനലില്‍ കയറി. പുരുഷ സിംഗിള്‍സ് സെമിയില്‍ അമേരിക്കയുടെ ഷെല്ട്ടന് ബെഞ്ചമിനെ തോല്‍പ്പിച്ചാണ് സെര്‍ബിയന്‍ താരം കലാശപ്പോരിലെത്തുന്നത്. സ്കോര്‍: 6-3, 6-2, 7-6(4).
20 വയസിന്റെ ചുറുചുറുക്കും സ്വന്തം നാട്ടിലെ കോര്‍ട്ട് എന്ന പരമാവധി ആനുകൂല്യം മുതലാക്കിയാണ് ഷെല്ട്ടന് ബെഞ്ചമിന്‍ സെമിവരെ കുതിച്ചത്. ആ കുതിപ്പ് ദ്യോക്കോവിന് നേരെയും ശക്തമായി പയറ്റി. 36 വയസിന്റെ പരിചയവും 23 ഗ്രാന്‍ഡ് സ്ലാം കിരീടനേട്ടത്തിന്റെ ആത്മവിശ്വാസവും സമീപകാല ആധിപത്യത്തെയും മുന്‍നിര്‍ത്തിയുള്ള ദ്യോക്കോവിന്റെ പോരാട്ടത്തെ തുടര്‍ന്ന് മത്സരം കൂടുതല്‍ സെറ്റുകളിലേക്ക് നീണ്ടില്ല. ആദ്യ രണ്ട് സെറ്റുകള്‍ അനായാസം നേടിയെടുത്ത ദ്യോക്കോവിച്ചിന് മുന്നില്‍ മൂന്നാം സെറ്റിലുടനീളം കനത്ത വെല്ലുവിളിയാണ് ഷെല്ട്ടന് ഉയര്‍ത്തിക്കൊണ്ടിരുന്നത്. പക്ഷെ ഭദ്രമായ പോരാട്ടത്തോടെ ടൈബ്രേക്കറില്‍ ദ്യോക്കോവ് മത്സരം തന്റേതാക്കിമാറ്റി.
ഇനി ഫൈനലാണ് സെര്‍ബിയന്‍ താരത്തിന് മുന്നിലുള്ള കടമ്പ. ടൂര്‍ണമെന്റ് ഡ്രോ നടന്നപ്പോഴേ ദ്യോക്കോവ്-അല്‍കാരസ് ഫൈനല്‍ എന്നാണ് സര്‍വ്വരും പ്രവചിച്ചത്. പ്രവചനം തെറ്റിയതോടെ കഴിഞ്ഞ വിംബിള്‍ഡണ്‍ ഫൈനലിലേറ്റ പ്രഹരത്തിന് കണക്ക് ചോദിക്കാനുള്ള അവസരമാണ് ദ്യോക്കോവിച്ചിന് നഷ്ടമായത്. മറ്റൊരു മധുര പ്രതികാരത്തിനുള്ള അവസരം കൂടിയുണ്ട്. 2021 യുഎസ് ഓപ്പണ്‍ ഫൈനലിലെ തോല്‍വിക്ക് കണക്ക് ചോദിക്കാനുള്ള അവസരം. അന്നും ഫൈനലില്‍ ദ്യോക്കോവിച്ചിന്റെ എതിരാളി റഷ്യയില്‍ നിന്നുള്ള ഡാനില്‍ മെദ്വദേവ് ആയിരുന്നു. ഇതിഹാസതാരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (സ്കോര്‍:6-4, 6-4, 6-4) അന്ന് മദ്വെദെവ് കീഴടക്കിയത്. ഫൈനല്‍ നേടിയാല്‍ ടെന്നിസ് സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം ടൈറ്റില്‍ നേട്ടം എന്ന വനിതാ ഇതിഹാസതാരം മാര്‍ഗരേറ്റ് കോര്‍ട്ടിന്റെ റിക്കാര്‍ഡിനൊപ്പമെത്തും. 24 കിരീടമാണ് മാര്‍ഗരേറ്റ് കോര്‍ട്ടിന്റെ പേരിലുള്ളത്. ദ്യോക്കോവിച് ഇതുവരെ നേടിയിരിക്കുന്നത് 23 ഗ്രാന്‍ഡ് സ്ലാം ടൈറ്റിലുകള്‍. അതില്‍ നാലെണ്ണം യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍. നിലവില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം നേടിയിട്ടുള്ള പുരുഷതാരമാണ് ദ്യോക്കവിച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: