തലശ്ശേരി: ജന്മഭൂമി തലശ്ശേരി ലേഖകന്‍ ശ്രീശൈലത്തില്‍ എം.പി. ഗോപാലക്യഷ്ണന് (65) അന്തരിച്ചു. രണ്ട് ദിവസം മുമ്പ് സ്വന്തം നാടായ നാലാംമൈലിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
രണ്ടര പതിറ്റാണ്ടായി തലശ്ശേരിയിലെ ജന്മഭൂമിയുടെ മുഖമായിരുന്നു ഗോപാലകൃഷ്ണന്. ബിജെപി തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റായും ബിഎംഎസ് മേഖലാ പ്രസിഡന്റായും പ്രവൃത്തിച്ചിട്ടുണ്ട്. തലശ്ശേരി പ്രസ്ഫോറത്തിന്റെ വിവിധ ചുമതലകള്‍ വഹിച്ചിരുന്നു.
ഭാര്യ: പ്രസന്ന. മക്കള്‍: ശ്യാംബാബു, സംഗീത. മരുമകള്‍: ഹരിത. സംസ്കാരം പിന്നീട്.
നഷ്ടമായത് ശ്രദ്ധേയനായ പത്രപ്രവര്‍ത്തകനെ ഒപ്പം മികച്ച പൊതുപ്രവര്‍ത്തകനേയും
കണ്ണൂര്‍: ജന്മഭൂമി തലശ്ശേരി പ്രാദേശിക ലേഖകനായിരുന്ന എം.പി. ഗോപാലകൃഷ്ണന്റെ വേര്‍പാടിലൂടെ നഷ്ടമായത്. ശ്രദ്ധേയനായ പത്രപ്രവര്‍ത്തകനെയും ഒപ്പം തലശ്ശേരി മേഖലയിലെ മികച്ച പൊതുപ്രവര്‍ത്തകനേയും. റോഡരികിലൂടെ നടന്നുപോകവേ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കേയാണ് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം മരണപ്പെട്ടത്.
ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി ജന്മഭൂമിയുടെ തലശ്ശേരി ലേഖകനായി പ്രവര്‍ത്തിച്ചു വരുന്ന ഗോപാലകൃഷ്ണന് ജന്മഭൂമിയിലെ മറ്റ് പ്രാദേശിക ലേഖന്മാര്ക്ക് മാതൃകയായിരുന്നു. സംഘര്‍ഷ കാലഘട്ടങ്ങളിലടക്കം ഏത് പാതിരാത്രിയിലും ജന്മഭൂമിക്ക് വേണ്ടി വാര്‍ത്തകള്‍ തയ്യാറാക്കി അയച്ചിരുന്ന അദ്ദേഹം തലശ്ശേരി മേഖലയില്‍ കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി വ്യക്തിബന്ധംവെച്ച് പുലര്‍ത്തിയ പൊതുപ്രവര്ത്തകന് കൂടിയായിരുന്നു. ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട്, ബിഎംഎസ് ഭാരവാഹി തുടങ്ങി വിവിധനിലകളില്‍ പ്രവര്‍ത്തിച്ച് തലശ്ശേരിയിലെ രാഷ്ട്രീയ-തൊഴിലാളി മേഖലയില്‍ വര്‍ഷങ്ങളോളം നിറസാന്നിധ്യമായിരുന്നു.
സൗമ്യമായ പെരുമാറ്റം ആരേയും ആകര്‍ഷിക്കുന്നതായിരുന്നു. ജന്മഭൂമിയിലെ വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായും സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരുമായും വളരെ അടുത്ത സുഹൃദ്ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും ജന്മഭൂമി ദിനപത്രത്തിനും തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
വിവിധ കാലയളവുകളില്‍ തലശ്ശേരി പ്രസ്ഫോറത്തിന്റെ ഭാരവാഹിയെന്ന നിലയില്‍ പ്രസ്ഫോറത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
ആദ്യകാലത്ത് കതിരൂര്‍ മേഖലയിലെ പൊതുരംഗത്ത് സജീവമായിരുന്ന ഗോപാലകൃഷ്ണന് സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകനായി മാറി. ഇതിനിടയില്‍ അവിചാരിതമായി പത്രപ്രവര്‍ത്തന രംഗത്തെത്തുകയായിരുന്നു. യാതൊരു അക്കാദമിക യോഗ്യതയുമുണ്ടായിരുന്നില്ലെങ്കിലും ഈ രംഗത്തോടുള്ള ആത്മാര്‍ത്ഥമായ സമീപനം നാട്ടുകാരുടേയും ജന്മഭൂമി പ്രവര്‍ത്തകരുടേയും സ്വന്തം ഗോപാലകൃഷ്ണേട്ടനെ നല്ലൊരു പത്രപ്രവര്‍ത്തകനാക്കി.
പതിറ്റാണ്ടുകള്‍ നീണ്ട തലശ്ശേരി മേഖലയെ ഭീതിയിലാഴ്ത്തിയ രാഷ്ടീയ സംഘര്‍ഷങ്ങള്‍ക്കിടയിലും ധൈര്യത്തോടെ സംഘര്‍ഷമേഖലയില്‍ കടന്നുചെന്ന് വാര്‍ത്തകള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മുന്‍പന്തിയിലായിരുന്നു അദ്ദേഹം. മാത്രമല്ല സംഘപരിവാര്‍ പ്രവര്ത്തകനെന്നനിലയിലും സ്വന്തം പ്രദേശത്തടക്കം സംഘര്ഷങ്ങളുടലെടുത്തപ്പോള് സധൈര്യം പ്രവര്‍ത്തിച്ചു. പലപ്പോഴും വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചപ്പോഴും അതൊന്നും പത്രപ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പത്രപ്രവത്തകനെന്നനിലയിയില് സമൂഹവുമായുള്ള ബന്ധം പരസ്യമേഖലയിലും സര്‍ക്കുലേഷനിലും ജന്മഭൂമിക്ക് ഗുണകരമാക്കി മാറ്റിയെടുക്കാന്‍ അവസരമൊരുക്കി. ഏറ്റവും ഒടുവില്‍ അപകടം നടന്ന ദിവസം കഴിഞ്ഞ സപ്തംബര്‍ 4ാം തീയ്യതി രാവിലെ കണ്ണൂരില്‍ ജന്മഭൂമി എഡിഷന് തല യോഗത്തില്‍ പങ്കെടുത്ത് ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സര്‍ക്കുലേഷന്‍ ക്യാമ്പയിന്റെ തലശ്ശേരി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുളള പദ്ധതികള്‍ ചര്‍ച്ച ചെയ്തായിരുന്നു വീട്ടിലേക്കുളള മടക്കം. സന്ധ്യയോടെയാണ് കതിരൂരിലെ വീട്ടിന് സമീപം മെയിന്‍ റോഡില്‍വെച്ച് അമിതവേഗതയിലെത്തിയ കാര്‍ ഗോപാലകൃഷ്ണനെ ഇടിച്ച് തെറുപ്പിച്ചത്. ഒട്ടേറെ തവണ തലശ്ശേരി പ്രസ്സ് ഫോറത്തിന്റെ വിവിധ ചുമതലകളേറ്റെടുത്ത് പ്രവര്‍ത്തിച്ച ഗോപാലകൃഷ്ണന് നിലവില്‍ പ്രസ് ഫോറം എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: