ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണയും ഓസ്ട്രേലിയന്‍ പങ്കാളി മാത്യു എബ്ഡനും പുരുഷ ഡബിള്‍സ് സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കന്‍ ജോഡി നഥാനിയല്‍ ലാമണ്‍സ്-ജാക്സണ് വിത്രോ സഖ്യത്തെ 7-6, 6-1 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
പുരുഷ സിംഗിള്‍സില്‍, അമേരിക്കന്‍ ഒമ്പതാം സീഡ് ടെയ്ലര് ഫ്രിറ്റ്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി നൊവാക് ജോക്കോവിച്ച് 47-ാം ഗ്രാന്‍ഡ് സ്ലാം സെമി ഫൈനലില്‍ കടന്നു. മറ്റൊരു മത്സരത്തില്‍ ബെന്‍ ഷെല്‍ട്ടണ്‍ പത്താം സീഡ് ഫ്രാന്‍സിസ് ടിയാഫോയെ പരാജയപ്പെടുത്തി.
വനിതാ സിംഗിള്‍സില്‍ ലാത്വിയയുടെ ജെലീന ഒസ്റ്റാപെങ്കോയെ 6-0, 6-2 എന്ന സ്കോറിന് തോല്‍പ്പിച്ച് അമേരിക്കന്‍ കൗമാരതാരം കൊക്കോ ഗൗഫ് തന്റെ ആദ്യ യുഎസ് ഓപ്പണ്‍ സെമി ഫൈനലിലെത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുച്ചോവയും റൊമാനിയയുടെ സോറാന സിര്സ്റ്റയെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു.
ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ബെലാറസ് താരം അരിന സബലെങ്ക ചൈനീസ് താരം ക്വിന്‍വെന്‍ ഷെങ്ങിനെയും അമേരിക്കന്‍ മാഡിസണ്‍ കീസ് ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ക്കെറ്റ വോന്ഡ്രോസോവയെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: