ശാസ്താംകോട്ട: കേന്ദ്രത്തിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്കൂള്‍ കുട്ടികളുടെ കണക്കെടുപ്പ് യുദ്ധകാല അടിസ്ഥാനത്തില്‍ ഏകദേശം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. അവധിക്കാലം പോലും കണക്കാക്കാതെ ഓരോ സ്കൂളിലും അധ്യാപകര്‍, കഠിന പരിശ്രമം നടത്തിയാണ് ഈ ജോലി തീര്‍ത്തത്. പ്രീ പ്രൈമറി മുതല്‍ കുട്ടികളുടെ സമഗ്ര വിവരങ്ങള്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഒരു വര്‍ഷം മുമ്പ് നിര്‍ദേശം നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അനങ്ങിയിരുന്നില്ല.
കേന്ദ്ര ഫണ്ട് ലഭിക്കുന്നതിനെ ചൊല്ലി ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒടുവില്‍ തയാറാവുകയായിരുന്നു. ഇതിനായി ആഗസ്ത് 16ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്കൂളുകള്‍ക്ക് കത്തയച്ചപ്പോള്‍ ഓണാവധി കാലത്ത് സ്കൂളില്‍ വിവരങ്ങള്‍ നല്കാന് അധ്യാപകര്‍ നെട്ടോട്ടം ഓടുകയായിരുന്നു. വ്യാഴാഴ്ച വരെ അനുവദിച്ച സമയപരിധി ശനിയാഴ്ച വരെ നീട്ടിയെങ്കിലും ഇത്രയും ദിവസത്തിനുള്ളില്‍ വിവര സമര്‍പ്പണം പ്രായോഗികമായിരുന്നില്ല. ഇതോടെയാണ് അധ്യാപകര്‍ ഓണാവധി മാറ്റിവച്ച് രംഗത്തിറങ്ങിയത്.
കേന്ദ്ര ഫണ്ടിനും സംസ്ഥാനങ്ങളുടെ റേറ്റിങ്ങിനും ഈ ഡാറ്റ ആധാരമാകുന്നതിനാല് ഉടന്‍ വിവരങ്ങള്‍ നല്‍കണമെന്ന് സമഗ്രശിക്ഷ കേരളവും വ്യക്തമാക്കിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിട്ട് 2030-ഓടെ സ്കൂളുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം നൂറ് ശതമാനം ആക്കാന്‍ കുട്ടികളുടെ വിവരം നല്‍കണമെന്നായിരുന്നു കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ രാഷ്ട്രീയ തിമിരം ബാധിച്ച സംസ്ഥാനത്തെ ഇടതുപക്ഷ അധ്യാപക സംഘടനകള്‍ ഇത് പുല്ലുവിലയ്ക്കെടുത്തതോടെയാണ് കേന്ദ്രം സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കുന്ന കാര്യത്തില്‍ പിടിമുറുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: