കോഴിക്കോട്: ഭാരതീയ ക്ലാസിക്കല്‍ ഗ്രന്ഥങ്ങള്‍ക്കും അവയെ ആസ്പദമാക്കി പുറത്തിറങ്ങുന്ന നോവല്‍ അടക്കമുള്ള സര്‍ഗ്ഗാത്മക സാഹിത്യത്തിനുമാണ് ഇന്ന് വായനക്കാര്‍ വര്‍ധിച്ചു വരുന്നതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ആചാര്യ എ.കെ.ബി. നായരുടെ ശ്രീമദ് ഭാഗവത മഹാപുരാണം ലളിത വ്യാഖ്യാനത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കൃതിയുടെ തിരിച്ചുവരവാണിത്. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു വരുന്നതിന്റെ ലക്ഷണമാണിത്. ഏഷ്യന്‍ രാജ്യങ്ങളിലെല്ലാം വൈവിധ്യങ്ങളോടെ രാമായണം നിലനില്ക്കുന്നു. പഴക്കം കൂടുന്തോറും ഇത്തരം ക്ലാസിക് കൃതികളുടെ പ്രാധാന്യം വര്‍ധിച്ചു വരികയാണ്, അദ്ദേഹം പറഞ്ഞു.
ആചാര്യ എം.ആര്. രാജേഷ്, എം.കെ. രാഘവന് എം.പി, തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ. ജോഷ്വാ എന്നിവര്‍ നാലുവാല്യങ്ങളുള്ള ഭാഗവത വ്യാഖ്യാനം ഏറ്റുവാങ്ങി. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന്, ആറ്റക്കോയ പള്ളിക്കണ്ടി, പി.ഗംഗാധരന് നായര്‍, അനില വിനോദ് എന്നിവര്‍ സംസാരിച്ചു.
ആചാര്യ എ.കെ.ബി. നായര്‍ ആമുഖപ്രസംഗം നടത്തി. ആനന്ദവല്ലി അങ്ങേപ്പാട്ട് ദീപം തെളിയിച്ചു. 5000 പേജുകളുള്ള വ്യാഖ്യാന ഗ്രന്ഥത്തിന്റെ പ്രസാധകര് കോഴിക്കോട് അനന്യ പബ്ലിക്കേഷനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: