ന്യൂദല്‍ഹി: മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ വാഹനമിടിച്ചു മരിച്ച
കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.
സാഹചര്യ തെളിവുകള്‍ പ്രകാരം നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി വിലയിരുത്തി.തെളിവുകള്‍ നിലനില്‍ക്കുമോ എന്ന് വിചാരണയിലാണ് പരിശോധിക്കേണ്ടതെന്ന് സുപ്രീംകോടതി പറഞ്ഞു.
വേഗത്തില്‍ വാഹനം ഓടിച്ചത് നരഹത്യ ആകില്ലെന്നും, അതിനാല്‍ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ അഭിഭാഷകന്റെ വാദം. എന്നാല്‍ നരഹത്യാ കേസ് റദ്ദാക്കാന്‍ ഇപ്പോള്‍ ഉചിതമായ കാരണങ്ങളില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിചാരണ നേരിടേണ്ട കേസാണ് ഇതെന്നും കോടതി വിലയിരുത്തി.
ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്നായിരുന്നു കേസില്‍ നേരത്തേ ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ഇത് ചോദ്യം ചെയ്താണ് ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കെ എം ബഷീര്‍ കാറിടിച്ച് മരിച്ചത്. ശ്രീറാം വെങ്കിട്ടരാമന് അമിതമായി മദ്യപിച്ച് അതിവേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നിലാണ് അപകടം നടന്നത്.
കേസില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനാണ് പൊലീസ് ആദ്യ ഘട്ടത്തില്‍ തന്നെ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: