മുണ്ടക്കയം: കോരുത്തോട്-തൊപ്പില്ക്കടവ് പാലം പ്രളയത്തില്‍ തകര്‍ന്നിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനം പാലിക്കാതെ ജനപ്രതിനിധികള്‍. തകര്‍ന്ന പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യത്തിന് പരിഹാരം ഇല്ലാതായതോടെ നാട്ടുകാര്‍ ചേര്‍ന്ന് തൂക്കുപാലം നിര്‍മിച്ചു തുടങ്ങി.
കോരുത്തോട് ടൗണിന് സമീപം ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്ത് പ്രദേശവുമായി ബന്ധിപ്പിക്കുന്ന തോപ്പില്‍ കടവ് പാലം 2018 ഓഗസ്റ്റ് മാസം ഉണ്ടായ പ്രളയത്തിലാണ് തകര്‍ന്നത്. വലിയ തടി തടഞ്ഞുനിന്ന പാലം പൂര്‍ണ്ണമായി തകര്‍ന്നു വീഴുകയായിരുന്നു. ഇതോടെ മറുവശത്ത് മൂഴിക്കല്‍, തടിത്തോട് തുടങ്ങിയ പ്രദേശവാസികളുടെ സഞ്ചാരം പ്രതിസന്ധിയിലായി. വാഹനങ്ങള്‍ ഈ മേഖലയിലേക്ക് എത്തുന്നത് കുഴിമാവ് വഴി കിലോമീറ്റര്‍ സഞ്ചരിച്ചാണ്.വെള്ളം കുറവുള്ള സമയത്ത് ചങ്ങാടത്തിലായിരുന്നു നാട്ടുകാരുടെ യാത്ര.
ഇരുജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് ആയതിനാല്‍ രണ്ടു മണ്ഡലങ്ങളിലെയും എംഎല്‍എമാര്‍ നിരവധി വാഗ്ദാനങ്ങളും നല്‍കിയിരുന്നു. ഏഴരക്കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നുമായിരുന്നു ഒടുവിലത്തെ വാഗ്ദാനം.
എന്നാല്‍ നിര്‍മാണം ഉടന്‍ ഉണ്ടാകില്ലെന്ന് മനസ്സിലാക്കിയ നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് ഇരുമ്പു കൊണ്ട് തൂക്കുപാലം പണിയുവാന്‍ നടപടികള്‍ തുടങ്ങി. ഇതിന് ആവശ്യമായ തുക നാട്ടുകാര്‍ തന്നെ കണ്ടെത്തി. സാമ്പത്തിക ബാധ്യതകള്‍ ഉള്ളതിനാല്‍ നിര്‍മാണം മന്ദഗതിയില്‍ ആയിരുന്നുവെങ്കിലും ഇപ്പോള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. തൂക്കുപാലം നിര്‍മിച്ചാല്‍ നടന്നാണെങ്കിലും മറുകര കടക്കാന്‍ കഴിയുമല്ലോ എന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: